വിനയചന്ദ്രൻ വീണ്ടും സീറ്റിലേക്ക് ചാരി.
അയാൾ മനക്കണ്ണിൽ പല കൂട്ടലുകളും കിഴിക്കലും നടത്തുകയായിരുന്നു ..
വടക്കുംനാഥന്റെ നെയ്മണമുള്ള കാറ്റ് അഭിരാമിയെ തഴുകിപ്പോയി .. കുറച്ചകലെക്കൂടി ക്ഷേത്ര ദർശനത്തിനായി ആളുകൾ പോകുന്നത് അവൾ കണ്ടു.
തന്റെ കോളേജ് പഠനകാലം അവൾക്ക് ഓർമ്മ വന്നു ….
രാജീവുമൊത്ത് പല തവണ ഇവിടെ വന്നിരുന്നിട്ടുള്ള കാര്യവും അവളോർത്തു.
ആ സമയം അവളുടെ ഫോൺ ബെല്ലടിച്ചു. അജയ് ആയിരുന്നു …
” അമ്മാ… ഞാൻ വരുന്നു … ”
” എപ്പോഴെത്തും…?”
” ഞാൻ മെസ്സേജ് ഇടാം ട്ടോ …”
അവൻ കോൾ കട്ടാക്കി. പരിസരത്തെ അനൗൺസ്മെന്റിന്റെ ശബ്ദത്തിൽ നിന്ന് അവൻ എയർപോർട്ടിലാണെന്ന് അവൾക്ക് മനസ്സിലായി ..
അജയ് ….!
തന്റെ മകൻ ….!
ഇപ്പോൾ അവൻ മാത്രമേ തനിക്ക് സ്വന്തമായുള്ളൂ എന്ന ഓർമ്മയിൽ അവളുടെ മിഴികൾ ഈറനണിഞ്ഞു.
ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ കുമിഞ്ഞു തുടങ്ങിയപ്പോളാണ് അവനെ ബോർഡിംഗിലാക്കിയത് ….
വഴക്കും പോർവിളികളും കേട്ട് അവന്റെ ബാല്യം കുറച്ചങ്ങനെ പോയിരുന്നു.. രാജീവിന്റെ സ്വഭാവം ഏറെക്കുറേ അറിയാവുന്നതിനാൽ അജയ് ഒരിക്കലും അയാളുമായി നല്ല ബന്ധത്തിലായിരുന്നില്ല.
അഭിരാമിയോ മറ്റാരെങ്കിലുമോ പറഞ്ഞു കൊടുത്തതുകൊണ്ടല്ല അവൻ രാജീവിൽ നിന്നും അകന്നു നിന്നത്..
നല്ല ബോധവും വിവരവും ഉള്ള , ലോകവുമറിയുന്ന ഇരുപതുകാരനായിരുന്നു അജയ് ..
രണ്ടോ മൂന്നോ ആഴ്ച, അല്ലെങ്കിൽ ഒരു മാസം മാത്രമുള്ള അവധിക്കാലങ്ങളിൽ മാത്രം ആ അമ്മയും മകനും നേരിട്ടു കണ്ടു സ്നേഹം പങ്കുവെച്ചിരുന്നു. അല്ലാത്ത സമയങ്ങളിൽ ഫോണിൽക്കൂടി മാത്രം ആ ബന്‌ധം ഒതുങ്ങി.
വളരെയധികം സൗഹൃദങ്ങളുള്ള ആളായിരുന്നില്ല അഭിരാമി. കോളേജ് കാലത്തെ സൗഹൃദങ്ങളായിരുന്നു കൂടുതലും..
രാജീവിന്റെ നിർബന്ധപ്രകാരം കുറച്ചു കാലം ഒരു കിഡ്സ് സെന്റർ തുടങ്ങിയിരുന്നു .. അതും അവസാനം നഷ്ടത്തിലായി. ഓരോരോ സംരഭങ്ങൾ തുടങ്ങുമ്പോഴും അതിന്റെ പരിസമാപ്തി നഷ്ടത്തിലായിരുന്നു ..
രാജീവിനെ അവൾ അളവറ്റു വിശ്വസിച്ചു. ഭർത്താവ് തനിക്ക് അഹിതമായതൊന്നും ചെയ്യില്ല , എന്നവൾ വിശ്വസിച്ചിരുന്നു.
ആവിണിശ്ശേരിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായിരുന്നു ചേലക്കര തറവാട് . ചേലക്കരയിൽ നിന്ന് വർഷങ്ങൾക്കു മുൻപ് ആവിണിശ്ശേരിക്ക് വന്നു ചേർന്നു താമസം തുടങ്ങിയതാണവർ .