“ഹലോ….” അഭിരാമി ഫോൺ ചെവിയോട് ചേർത്തു.
” അഭി ചേച്ചിയല്ലേ .. …..?” മറുവശത്തു നിന്ന് ചോദ്യം വന്നു.
” അതേ … ആരാണ് …?” പരിചിതമായ ആ സ്വരം മനസ്സിൽ പരതിക്കൊണ്ട് അവൾ ചോദിച്ചു….
” ഞാൻ ട്രീസയാണ് … ”
ഒരു നിമിഷം അഭിരാമി ഓർമ്മയിൽ പരതി …
” ങ്ഹാ… പറയൂ …..”
” ആളെ മനസ്സിലായില്ല , അല്ലേ…?”
“ശരിക്കങ്ങോട്ട് ….” അഭിരാമി വീണ്ടും ഓർമ്മയിൽ പരതി …
” അഭി ചേച്ചി ഒന്ന് കൂടി ആലോചിക്ക് … ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ട്ടോ …”
അപ്പുറത്ത് ഫോൺ കട്ടായി …
ഫോൺ മേശപ്പുറത്തേക്ക് വെച്ചിട്ട് അഭിരാമി ആലോചനയോടെ കസേരയിലേക്കിരുന്നു …
ട്രീസ …!.
അടുത്ത നിമിഷം അവൾക്ക് ആളെ ഓർമ്മ വന്നു …
അച്ഛന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നപ്പോൾ കളക്ട്റേറ്റിൽ വെച്ച് പരിചയപ്പെട്ട ഒരു പെൺകുട്ടി …
ഭർത്താവിന്റെ അപകടവുമായി വന്നതായിരുന്നു അവളും ..
ഇപ്പോൾ കുറേയായി വിളികളൊന്നുമില്ലായിരുന്നു..
മറ്റൊരു കല്യാണം വീട്ടുകാർ ശരിയാക്കുന്നുണ്ട് എന്നും, കല്യാണത്തിന് വിളിക്കാമെന്നും പറഞ്ഞു പോയതാണ് …
പിന്നെ ആ വിളി ഇപ്പോഴാണ് ഉണ്ടായത് …
അതിസുന്ദരിയായിരുന്നു ട്രീസ … അംഗോപാംഗങ്ങളെല്ലാം കൃത്യമായ അളവിൽ ചേർത്തു സൃഷ്ടിച്ച സുന്ദരി .. ആയിടയ്ക്ക് തന്നെ സ്ഥിരമായി വിളിക്കാറുള്ള കാര്യം അഭിരാമി ഓർത്തു. അച്ഛനുമമ്മയും മരിച്ച ശേഷം അവളുടെ വിളികൾ ഏകാന്തതയിൽ ഒരാശ്വാസമായിരുന്നു …
വിനയചന്ദ്രൻ എഴുന്നേറ്റപ്പോൾ മൂന്നുമണി കഴിഞ്ഞിരുന്നു .. അഭിരാമി റെഡിയായി നിൽക്കുകയായിരുന്നു.
മുഖം കഴുകി വിനയചന്ദ്രനും റെഡിയായി.
അഭിരാമിയാണ് കാർ ഓടിച്ചത്… തൃശ്ശൂരുള്ള അഡ്വക്കറ്റ് രാജശേഖരന്റെ ഓഫീസിൽ ഇരുവരും എത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു.
വക്കീൽ എത്തിയിരുന്നില്ല. ഓഫീസിനോട് ചേർന്നുള്ള പ്രൈവറ്റ് റൂമിലേക്ക് ഗുമസ്തൻ അവരെ ഇരുത്തി.
പത്തു മിനിറ്റിനകം വക്കീൽ എത്തി.
“കാത്തിരുന്നു മുഷിഞ്ഞോ ?”
വന്നപാടെ വക്കീലിന്റെ ചോദ്യം അതായിരുന്നു …
” അധിക നേരമായിട്ടില്ല ..” അഭിരാമിയാണ് മറുപടി പറഞ്ഞത്.
വിനയചന്ദ്രൻ അയാളെ നോക്കി …