” നിന്നോട് പ്രതിപത്തിയുള്ള ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ …?”
“അതിലാരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത് … ”
” അപ്പോൾ നമ്മൾ ഒറ്റയ്ക്കു തന്നെ ….”
“ഉം … ”
” നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഇതിവിടെ വെച്ചു നിർത്താം ട്ടോ …”
“എനിക്ക് വിശ്വാസക്കുറവില്ല .. പക്ഷേ വിനയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല … ”
” അഭീ …. ” പറഞ്ഞുകൊണ്ട് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.
കുപ്പിയിലെ പകുതിയോളം കഴിച്ചിട്ടും വിനയേട്ടന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല …
അയാൾ തുടർന്നു …
“ജീവിതത്തിൽ പരാജയം തുടർക്കഥയായി അനുഭവിച്ചവനാ ഞാൻ … ആദ്യം നീ നഷ്ടപ്പെട്ടു. പിന്നെ ഭാര്യയെന്നു കരുതിയവൾ , പിന്നെ ജോലി, പിന്നെ മകളും … ”
അയാൾ മദ്യത്തിനു മീതെ തണുത്ത വെള്ളം പകർത്തി.
“ഓരോന്ന് ഓരോന്ന് നഷ്ടപ്പെട്ടപ്പോഴും ഞാൻ ആരോടും പറഞ്ഞില്ല … കരഞ്ഞിട്ടില്ല, എന്നു പറഞ്ഞാൽ അത് നുണയാകും … ഞാനിന്നിട്ടും ജീവനോടെ അപമാനം മാത്രം സഹിച്ച് കഴിയുന്നില്ലേ ….”
അവൾ സശ്രദ്ധം കേട്ടിരുന്നു …
” രാജീവ് നിന്നെ പിരിഞ്ഞു പോയപ്പോൾ അമ്മാവനോട് രണ്ടെണ്ണം പറയണമെന്നും എനിക്കുണ്ടായിരുന്നു .. അതും നടന്നില്ല..”
അയാൾ മദ്യം ചുണ്ടോടു ചേർത്തു …
സാവകാശം അയാളത് കഴിച്ചിറക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു …
ഗ്ലാസ്സ് തിരികെ ടീപോയിൽ വെച്ച ശേഷം അയാൾ തുടർന്നു …
” എങ്ങോട്ട് മാറി നിൽക്കണം എന്നത് നിനക്കു വിട്ടു തരുന്നു … നീ ഞാൻ പറയുന്നത് അനുസരിക്കുക … അവനെ പൂട്ടാനുള്ള വഴി ഞാൻ തെളിച്ചോളാം…”
ഉള്ളിൽ പ്രത്യാശയുടെ തിരിതെളിഞ്ഞുവെങ്കിലും വിനയേട്ടന്റെ മനസ്സിലുള്ളത് വ്യക്തമായി അറിയാത്തതിനാൽ ഒരു സംശയത്തിന്റെ നിഴൽ അവളിൽ മറഞ്ഞു നിന്നു ..
അപ്പോൾ അഭിരാമിയുടെ ഫോൺ ബല്ലടിച്ചു ..
അജയ് ആയിരുന്നു ലൈനിൽ …
” എന്താ അമ്മേ ….?” അജയ് യുടെ സ്വരം അവൾ കേട്ടു.
” നതിംഗ് അജൂ … പക്ഷേ എനിക്ക് നിന്നെ കാണണമെടാ ….”