അപ്പാ… നിമ്മി ചേച്ചിക്ക് എങ്ങനാ? ചായയാണോ അതോ!….
അവൾക്ക് ചായ തന്നെയാ വേണ്ടത്…. അവിടെ കൊണ്ട് വെച്ചിരുന്നാൽ മതി… അവൾ ഉണരുമ്പോൾ കൈ നീട്ടി അതെടുത്തു കുടിച്ചോളും..
ഞാൻ അവിടെ വെച്ചിട്ടുണ്ട്…
മോൾടെ ജോലി ഒക്കെ കഴിഞ്ഞോ…
ഇല്ല… ഉച്ചക്കത്തേക്കുള്ളത് ഉണ്ടാകണമല്ലോ…
ഒരുപാട് വേണ്ട കേട്ടോ… എല്ലാരും കുറച്ചു മാത്രം ആഹാരം കഴിക്കുന്നവരാ.
ഇന്നലെ ആൻസി ചേച്ചീ പറഞ്ഞാരുന്നു…
എപ്പോഴാ മോൾ കടയിൽ പോകുന്നത്…
എന്തിനാ അപ്പാ…
ആൽബി പറഞ്ഞില്ലായിരുന്നോ… മോൾക്ക് കുറച്ചു നല്ല ഡ്രസ്സ് എടുക്കാൻ പോണമെന്ന്..
ഞാനൊന്ന് വിളറി… അപ്പനെല്ലാം അറിഞ്ഞു.. ആകെ നാണക്കേടായല്ലോ….
അത് ചേട്ടായി പറഞ്ഞത് 10 മണി കഴിഞ്ഞിട്ടെന്നാ…
അത് മതി… അതാവുമ്പോ മോൾക്കും എല്ലാരേയും ഒന്ന് കാണാല്ലോ…. പോയി ആവശ്യമുള്ളത് എടുത്തോ… നമ്മുടെ തന്നെ കടയാ….
ശെരി അപ്പാ… എന്നും പറഞ്ഞ് കൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു….നമ്മുടെ കടയാണെന്ന് അപ്പൻ പറഞ്ഞത് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു…. എന്തൊക്കെയോ ചുറ്റും മാറി വരുന്ന പോലെ…
അടുക്കളയിലെ ജോലി തീർക്കുന്ന വരെ ചേട്ടായി പിന്നെയാ ഭാഗത്തേക്ക് വന്നില്ല…. ഇടക്കിടക്ക് പുറകിലേക്ക് നോക്കും… ഇനിയെങ്ങാനും അവിടെ വന്നു നിൽപ്പുണ്ടെങ്കിലോ എന്ന് കരുതി… പക്ഷേ ഇല്ലാ….. ഇടയ്ക്ക് ചേച്ചിയുടെ മുറിയിൽ നിന്നും ചേട്ടായിടെ ശബ്ദം കേട്ടാരുന്നു… അപ്പോ മനസ്സിലായി അവിടെയുണ്ടെന്ന്…. അവരുടെ ഇടയിലേക്ക് കേറിച്ചെല്ലാൻ മനസ്സ് അനുവദിച്ചില്ല….
എണ്ണയിട്ട യന്ത്രം കണക്കെ ജോലികൾ ഞാൻ തീർത്തു കൊണ്ടിരുന്നു… ഇടയ്ക്ക് മോനെ അപ്പൻ മുറിയിൽ നിന്നു എടുത്തോണ്ട് പോയത് കൊണ്ട് പിന്നീട് അടുക്കളയിൽ നിന്നു ജോലി കഴിയാതെ പുറത്തു പോവേണ്ട ആവശ്യം വന്നില്ല അതാണ് സത്യം…
പത്തു മണി ആവാറായപ്പോഴേക്കും അത്യാവശ്യം ജോലികളെല്ലാം ഒതുക്കി ഞാൻ പുറത്തേക്കിറങ്ങി….അപ്പൻ ഹാളിൽ മോനെയും കളിപ്പിച്ചിരിപ്പുണ്ടായിരുന്നു…
ആഹാ… രണ്ട് പേരും നല്ല കൂട്ടായല്ലോ…
പിന്നെ ആവാതെ… ഞങ്ങൾ രണ്ടും പണ്ടേ കൂട്ടാ… അല്ലേ ബേസിൽ മോനെ…