ഉച്ചക്ക് അഭിക്ക് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി വച്ചിരുന്നു ഉഷ.
കഴിച്ചു കഴിഞ്ഞ്, ഇല വിരൽ കൊണ്ട് വടിച്ചെടുത്തു അത് നക്കുന്ന അഭിയെ കണ്ട്, തുടയിൽ പതിയെ തല്ലി മഞ്ജിമ.
കാര്യം മനസിലാവാതെ മഞ്ജിമയെ നോക്കിയ അഭി. മഞ്ജിമ കണ്ണ് തുറുപ്പിച്ചു പറഞ്ഞു : മാനേഴ്സ് നോക്ക് എന്റെ അഭി.
ഉഷ ആണ് അതിനു മറുപടി കൊടുത്തത് : അവളുടെ ഒരു മാനേഴ്സ്. എഴുന്നേറ്റു പൊടി. ഞാൻ കുട്ടികാലത്തെ അഭിയെ മനസ്സിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇവൾ പലതും പറയും മോൻ കഴി……
മഞ്ജിമയെ നോക്കി അപ്പുവും അഞ്ജുവും ചിരിച്ചു………
ഉച്ചക്ക് ശേഷം, വളരെ വേണ്ടപ്പെട്ട രണ്ട് മൂന്നു വീടുകളിൽ, പ്രത്യേകിച്ച്, ഉഷയോട് “മോൾടെ കാര്യം എന്തായി?, അവൾക്കും വേണ്ടേ ജീവിതം?, അത്,,, ഇത് ” എന്ന് പറഞ്ഞ് ചൊറിയാറുള്ള ബന്ധുക്കളുടെ വീട്ടിൽ പോയി, ഉഷ തന്റെ മകളുടെ സുന്ദരൻ ഭർത്താവിനെ കാണിച്ചു കൊടുത്തു.
രാത്രിയിൽ അഭി ചോദിച്ചു അഞ്ജുവിനോട് : അല്ല, ഭാവി പരിപാടി എന്താ? ഇവിടെ നിന്നും വിദേശത്തു പോയവർ ഒന്നും തിരിച്ചു വരാറില്ല. അതുകൊണ്ട് ചോദിച്ചതാ.
ഉത്തരം മഞ്ജിമ പറഞ്ഞു : വന്നില്ലെങ്കിൽ അവിടെ പോയി, ഇവളുടെ മുട്ടുകാൽ തല്ലി ഓടിച്ചു കൊണ്ട് വരും ഇങ്ങോട്ട്. എന്നെ സഹായിക്കാൻ ഉള്ളതാണ്.
അഭി മഞ്ജുവിനെ നോക്കി : നിന്റെ ചേച്ചി പറഞ്ഞാൽ ചെയ്തിരിക്കും. സൂക്ഷിച്ചോ.
അഞ്ചു ഇളിച്ചു കൊണ്ട് : അല്ല, ഏട്ടന് ചേച്ചിയെ പേടി ആണല്ലേ?…..
അഭിക്ക് മുഖത്ത് നോക്കി കള്ളം പറയാൻ അറിയാത്തതു കൊണ്ട് പതിയെ പറഞ്ഞു : അങ്ങിനെ ഒന്നുമില്ല.
അഞ്ജുവും, മഞ്ജുവും ചിരിച്ചപ്പോൾ, അഭി മനസ്സിൽ അതെ ചോദ്യം വീണ്ടും ചോദിച്ചു. അതിന്റെ ഉത്തരം ചെറുതായി എന്നല്ലായിരുന്നു.
രാത്രി കിടക്കുമ്പോൾ ബാക്കി കാര്യങ്ങൾ, ഇന്നലെ മഞ്ജിമ പറഞ്ഞ് നിർത്തിയ ശേഷമുള്ള കാര്യങ്ങൾ ചോദിച്ചറിയണം എന്നുണ്ടായിരുന്നു അഭിക്ക്. പക്ഷെ രണ്ട് പേരുടെയും ഇടയിൽ നിന്ന് പോവാൻ അപ്പു സമ്മതിച്ചേ ഇല്ല. ……………………………………………………………….
അഭി ആണ് കാർ എടുത്തത്. വണ്ടി വിട്ടു കൊച്ചിയിലേക്ക്.