എന്താ കാര്യം എന്നപോലെ വിവേക് നെറ്റി ചുളിച്ച് അവനെ നോക്കി,
നന്ദൻ പതിയെ ഓരോ കാര്യങ്ങളായി പതിയെ സംസാരിച്ചുതുടങ്ങി, ഇതുവരെ നടന്ന കാര്യങ്ങളെല്ലാം വിവേകിനോട് പറയുമ്പോൾ വിവേക് ഗൗരവത്തോടെ അവന്റെ മുഖത്തേക്ക് തന്നെ മിഴികളൂന്നിയിരുന്നു,
എല്ലാം പറഞ്ഞുകഴിഞ്ഞു നന്ദൻ അവന്റെ മുഖത്തേക്ക് നോക്കി,
“വിവേക് എന്റെ മനസ്സിപ്പോ എന്റെ കൺട്രോളിലല്ല, ചെയ്തതെല്ലാം തെറ്റായിപ്പോയി എന്നൊരു തോന്നൽ… തന്റെ വാക്കുകളിലാണ് എന്റെ ജീവിതം തന്നെ… എന്തായാലും താനെന്നോട് സത്യം മാത്രേ പറയാവൂ…”
നന്ദൻ അവനോട് പറഞ്ഞു,
“താനറിഞ്ഞത് സത്യമല്ലായെന്ന് തെളിഞ്ഞാൽ എന്താ തന്റെ അടുത്ത പ്ലാൻ…?”
വിവേക് നന്ദനോട് ചോദിച്ചു
“അങ്ങനെ സംഭവിച്ചാൽ… എനിക്കെന്റെ തെറ്റ് തിരുത്തണം… വൃന്ദയെ നന്ദന്റെ പെണ്ണായി ശ്രീനന്ദനത്ത് കൈപിടിച്ച് കയറ്റണം… അവളെ ഒരു രാജകുമാരിയെപ്പോലെ നോക്കണം…”
നന്ദൻ പറഞ്ഞു
അത് കേട്ട് വിവേക് ഒന്ന് ചിരിച്ചു
“വൈകിപ്പോയി നന്ദൻ… ഒരുപാട് വൈകിപ്പോയി… അവളിന്ന് മറ്റൊരുത്തന് സ്വന്തമാണ്… അവളുടെ ജീവനും ജീവിതവുമെല്ലാം അവനാണ്…. അവനും അവളെ ജീവനെക്കാളേറെ സ്നേഹിക്കുന്നു… ഞാൻ മനസ്സിലാക്കിയടത്തോളം തനിക്ക് അവളോട് ഒരു പ്രണയവും ഉണ്ടായിരുന്നില്ല… ഉണ്ടായിരുന്നെങ്കിൽ താനൊരിക്കലും അവളെ തള്ളി പറയില്ലായിരുന്നു… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അവളെ സംശയിക്കില്ലായിരുന്നു… ആ കുട്ടി ആ നരകത്തിൽ കിടന്ന് അനുഭവിച്ചത് എന്തായിരുന്നുവെന്ന് എനിക്കറിയാം… പിന്നേ… താൻ പറഞ്ഞപോലെ ദേവടത്തെ ഒരു മുറിയിൽ നിന്നും ഒരു വല്ലാത്ത സമയത്ത് ഒരു പെൺകുട്ടിയോടൊപ്പം ഞാൻ ഉണ്ടായിരുന്നു… പക്ഷേ അത് ഒരിക്കലും ഉണ്ണിയല്ല… അത് ശില്പയായിരുന്നു…”
നന്ദൻ ഞെട്ടലോടെ കേട്ടിരുന്നു
“അതേ നന്ദൻ… ഞാനും ശില്പയും തമ്മിൽ ഇഷ്ടത്തിലായിരുന്നു… അവൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായിരുന്നു ഞാൻ, ഒരിക്കൽ എന്റെ ബുദ്ധിമോശം കൊണ്ട് ശില്പ വിളിച്ചിട്ട് ഞാൻ അവളുടെ അടുത്ത് ദേവടത്ത് ചെന്നു… അത് കണ്ടുപിടിച്ച അവളുടെ അച്ഛൻ എന്നെ പൊതിരെ തല്ലുമ്പോഴും, ഞാൻ അവൾക്ക് വേണ്ടി അതെല്ലാം സഹിച്ചു… പിന്നീട് അവളുടെ അച്ഛന്റെ ഗുണ്ടകൾ എന്നെ തല്ലി അവശനാക്കിയപ്പോൾ പിന്നേ നാട്ടിൽ നിക്കാൻ കഴിയാതെ രാജ്യം വിടുമ്പോൾ… അറിഞ്ഞിരുന്നില്ല ശില്പക്ക് എല്ലാമൊരു നേരമ്പോക്കായിരുന്നു എന്ന്… താൻ വിശ്വസിക്കണം ഞാനീപ്പറയുന്നതെല്ലാം സത്യമാണ്… ഉണ്ണിമോളേ എന്റെ ഒരു സഹോദരിയായല്ലാതെ ഞാൻ കണ്ടിട്ടില്ല…”