“നന്ദൻ… ഇത് വിവേക്… ഇവിടെ അടുത്തുള്ളതാ…”
രുദ്ര് പറഞ്ഞു,
“അടുത്തുള്ളതെന്ന് പറഞ്ഞാൽ…?”
നന്ദൻ പുഞ്ചിരിയോടെ ചോദിച്ചു,
“അടുത്തുള്ളതെന്ന് പറഞ്ഞാൽ, ഇവിടെ ചായക്കട നടത്തുന്ന കേശു നായർ എന്റച്ഛനാ…”
വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ട് നന്ദൻ ഒന്ന് ഞെട്ടി, തന്റെ സംശയങ്ങൾ മറ്റാനുള്ള വഴി തുറന്ന് കിട്ടിയെന്ന് നന്ദന് തോന്നി,
••❀••
“എന്തൊക്കെയാ രാജേട്ടാ ഇവിടെ നടക്കുന്നത്… രാജേട്ടൻ ഞങ്ങളോട് കള്ളം പറയുകയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല… എന്തായാലും ഇപ്പൊ ഇവിടെ നടന്നതിന് ഒരു എക്സ്പ്ലനേഷൻ രാജേട്ടൻ തരണം…”
സാബു രാജേന്ദ്രനോട് ഗൗരവത്തിൽ തന്നെ പറഞ്ഞു, രാജേന്ദ്രൻ ഒരു നിമിഷം ഒന്ന് പരിഭ്രമിച്ചു,
“ഞങ്ങളും ഒരേ ഞെട്ടലിൽ തന്നെയാണ് സാബു… ഉണ്ണിമോൾടെ ജാതകം എന്ന് പറഞ്ഞ് ഇവിടെയുണ്ടായിരുന്ന ജാതകമാണ് അത്… ഇതിൽ കൂടുതൽ എനിക്കും ഒന്നുമറിയില്ല…”
അയാൾ പറഞ്ഞു
“എങ്കിലും ആരായിരിക്കും ആ കുട്ടിയെ ഇങ്ങനെ ദ്രോഹിക്കാൻ…?”
സാബു ചോദിച്ചു
“അറിയില്ല സാബു… ഞാനും ആകെ ഞെട്ടലിലാണ്… വല്ലാത്ത തലവേദന ഞാനൊന്ന് കിടക്കട്ടെ…”
രാജേന്ദ്രൻ ആ സംസാരം അവസാനിപ്പിക്കാൻ അവിടെ നിന്നും തറവാട്ടിലേക്ക് നടന്നു,
••❀••
നന്ദനും കുടുംബവും വീട്ടിലേക്ക് പോകുമ്പോഴും മൂന്ന് പേരും മൗനമായിരുന്നു, കാറ് ഡ്രൈവ് ചെയ്തിരുന്ന നന്ദൻ താൻ വല്ലാത്തൊരു ചുഴിയിൽ പെട്ടതുപോലെ ഉഴറി…
ശോഭ രാത്രി കിടക്കാനായി പോകുമ്പോഴും നന്ദന്റെ മുറിയിൽ വെട്ടം കണ്ടിരുന്നു, അവൾ ഒന്ന് നിശ്വസിച്ചുകൊണ്ട് മുറിയിലേക്ക് പോയി
“എന്താ സാബുവേട്ടാ ഒരാലോചന…”
വലതു കൈകൊണ്ട് നെഞ്ചിൽ തടവി ആലോചനയോടെ കിടക്കുന്ന സാബുവിനെക്കണ്ടു ശോഭ ചോദിച്ചു
“ഏയ്… ഒന്നൂല്ല…”
അയാൾ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
“ഏട്ടൻ ഉണ്ണിമോളുടെ കാര്യാണോ ആലോചിക്കുന്നേ…”
കയ്യിലിരുന്ന ജഗ് മേശയിൽ വച്ചുകൊണ്ട് ചോദിച്ചു
“എവിടെയോ ഒരു കുഴപ്പം പോലെ…”
അയാൾ പറഞ്ഞു, ശോഭ ചോദ്യ ഭാവത്തിൽ അയാളെ നോക്കി
“ജാതകത്തിന്റെ കാര്യം ഞാൻ രാജേട്ടനോട് ചോദിച്ചപ്പോ അയാൾ ഒഴിഞ്ഞു മാറുന്നപോലെ…”
അയാൾ പറഞ്ഞു
“നമുക്ക് തെറ്റ് പറ്റിയോ സാബുവേട്ടാ…?”
ശോഭ ആശങ്ക മറച്ചു വച്ചില്ല
“അറിയില്ല ശോഭേ…”
അയാൾ പറഞ്ഞുകൊണ്ട് കണ്ണടച്ചു