ശോഭ നന്ദനെ നോക്കിപ്പറഞ്ഞു
“ഏയ്… ഇല്ലാന്റി…”
ശില്പ പറഞ്ഞു
“എന്തായാലും രണ്ടുപേരും സംസാരിച്ച് പിണക്കം വല്ലോമുണ്ടങ്കി മാറ്റിയേക്ക്…”
അവർ പിന്നെയും പറഞ്ഞു
“ചെല്ലടാ…”
ശോഭ നന്ദനെ നോക്കിപ്പറഞ്ഞു
അതുകേട്ട് നന്ദൻ എഴുന്നേറ്റ് ശില്പയെ നോക്കി പിന്നീട് പുറത്തേക്ക് നടന്നു, ശില്പ അവന്റെ പിന്നാലെ നടന്നു
“എന്താ ശിൽപയുടെ ഉദ്ദേശം…”
മുഖത്തെ മാവിന്റെ ചുവട്ടിൽ നിന്ന് നന്ദൻ ഗൗരവത്തിൽ ശില്പയോട് ചോദിച്ചു
“എന്തുദ്ദേശം…?”
അവൾ ചോദിച്ചു
“തനിക്കീ കല്യാണത്തിന് താല്പര്യമില്ലേ…?”
“അതെന്താ നന്ദേട്ടൻ അങ്ങനെ ചോദിക്കുന്നത്…?”
“പിന്നെങ്ങനെ ചോദിക്കണം…? എന്റെ ഒരു കാൾ അറ്റന്റ് ചെയ്തിട്ട് എത്ര ദിവസമായെന്നറിയോ…? വീട്ടീന്ന് അമ്മ വിളിച്ചാൽ പോലും താൻ കാൾ എടുക്കില്ല… പിന്നേ ഞാനെന്താ കരുതേണ്ടത്…?”
അവൻ ചോദിച്ചു
“അത്.. ഇവിടെ ഉത്സവത്തിന്റേം മറ്റും തിരക്കായതുകൊണ്ടാ നന്ദേട്ടാ… പലപ്പോഴും ഫോൺ മുറിയിൽ വച്ചിട്ട് മറന്ന് പോകും…”
“മ്…”
നന്ദൻ ഒന്ന് മൂളി.
“നന്ദേട്ടനിന്ന് പൂജ കഴിഞ്ഞല്ലേ പോകുള്ളൂ…?”
അവൾ അവനെ ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു
“മ്… സന്ധ്യയ്ക്ക് അച്ഛനും വരും…”
അവൻ പറഞ്ഞു, പിന്നീട് അവർ അവിടെനിന്ന് കുറച്ചുനേരം സംസാരിച്ചു, അതിനുള്ളിൽ ശില്പ അവന്റെ മനസ്സിലെ സംശയങ്ങളെല്ലാം മാറ്റിയെടുത്തിരുന്നു,
••❀••
ദേവി വിഗ്രഹം അന്നത്തെ പൂജയോടെ ആചാരങ്ങൾ പാലിച്ച് കാവിൽ പ്രതിഷ്ഠിക്കും, പൂജകൾ മുറപോലെ നടന്നുകൊണ്ടിരുന്നു, കക്കാട് തിരുമേനിയും പൂജയിൽ പങ്കെടുത്തു,
തറവാട് മുറ്റത്തെ കളത്തിന് മുന്നിൽ അദ്ദേഹം ധ്യാനനിമഗ്നനായി ഇരുന്നു ധ്യാനത്തിൽ നിന്നുണർന്ന കക്കാട് തിരുമേനി മുഖമുയർത്തി എല്ലാവരെയും നോക്കി,
“ആരാ ഇന്ന് മുതൽ കാവിൽ വിളക്ക് വയ്ക്കുന്നത്…?”
അദ്ദേഹം ചോദിച്ചു
“അത്… എന്റെ മകൾ ശില്പയാണ് തിരുമേനി…”
ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുന്നേ രാജേന്ദ്രൻ പറഞ്ഞു
“ആ കുട്ടിയൊന്ന് മുന്നിലേക്ക് നീങ്ങി നിൽക്കു…”
അദ്ദേഹം പറഞ്ഞു,
ശില്പ മുന്നിലേക്ക് നീങ്ങി നിന്നു
“ഏതാ കുട്ടീടെ ജന്മനക്ഷത്രം…”
“ആയില്യം…”
അവൾ പതിയെ പറഞ്ഞു
അദ്ദേഹം അവളെയൊന്ന് നോക്കി പിന്നീട് കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് ചുവന്ന പുഷ്പം നേദിച്ചു, പിന്നീട്ദ്ദേഹം കണ്ണുകൾ തുറന്നു
“അല്ല… ഈ കുട്ടിയല്ല… കാർത്തിക നക്ഷത്രത്തിൽ ജനിച്ച കുട്ടിയെയാണ് കാണുന്നത്… അങ്ങനൊരുകുട്ടി ഈ തറവാട്ടിലുണ്ടോ…?”