അന്ന് ഞാൻ ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു പോയില്ല, ഓഫീസിൽ തന്നെ ഇരുന്നു ഒരേ ആലോചന ആയിരുന്നു, ഇനിയും ഇത് ഇങ്ങനെ തുടർന്നു പോകാൻ അനുവദിച്ചു കൂടാ, അതിനാൽ കാര്യങ്ങളെ എൻ്റെ വരുതിയിൽ വരുത്താനുള്ള പോംവഴികളെ കുറച്ചു പല തരത്തിൽ ചിന്തിച്ചു നോക്കി.
സീത വീട്ടിൽ തനിച്ചായതു കൊണ്ടും, കുട്ടികൾ മിക്കപ്പോഴും പ്രമീലേച്ചിയുടെ വീട്ടിൽ നിൽക്കുന്നതും കൊണ്ടാണ് അവർക്കു ഇങ്ങനെയുള്ള അവസരങ്ങൾ വീണു കിട്ടുന്നത് എന്ന് എനിക്ക് തോന്നി, അതിനാൽ തന്നെ ആദ്യം അതിനൊരു തടയിടണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അതിനൊരു വഴി ആലോചിച്ചപ്പോഴാണ്, കുറച്ചു നാളുകളായി എൻ്റെ കടയിലെ വാച്ച്മാൻ അയാളുടെ ഭാര്യയ്കു എന്തെങ്കിലും ഒരു തൊഴിൽ ശരിപ്പെടുത്തികൊടുക്കണണം എന്ന് എന്നോട് പറഞ്ഞ കാര്യം ഓർമയിൽ വന്നത്, അന്ന് വൈകീട്ടു വീട്ടിലേക്കു മടങ്ങുമ്പോൾ തന്നെ ഞാൻ അയാളുടെ ഭാര്യയെയും കൂടെ കൊണ്ടുപോയിരുന്നു.
വീട്ടിൽ എത്തി ഡോർ ബെൽ അടിച്ചതും, ഒരു പറ്റം ചോദ്യങ്ങളോട് ആയിരുന്നു സീത വാതിൽ തുറന്നു പുറത്തേക്കു വന്നത്.
“നിങൾ ഇത് എവിടെ ആയിരുന്നു ? ഒരു വിവരോം ഇല്ലായിരുന്നല്ലോ ? ഉച്ചയ്ക്ക് ഭക്ഷണത്തിനും വന്നില്ലല്ലോ ? എന്ത് പറ്റി ഇന്ന് പതിവില്ലാതെ ?”
“നല്ല പണിത്തിരക്കായിരുന്നു” സീതയുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ മുഖത്തു ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ഒറ്റവാക്കിൽ ഉത്തരം കൊടുത്തു!!
ഞാൻ മറുപടി കൊടുത്തതിനു ശേഷമാണു, സീത എനിക്കരികിൽ നിൽക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്, സീത അൽപ നേരം അവരുടെ മുഖത്തേക്കു നോക്കി നിന്നു, പിന്നെ ഇത് ആരാണെന്നു ചോദിക്കും വിധം എൻ്റെ കണ്ണുകളിലേക്കും നോക്കി!!
ഞാൻ: ആഹ്.. ഇത് നമ്മുടെ കടയിലെ വാച്ച്മാൻ ചന്ദ്രേട്ടനില്ലേ ? അവരുടെ ഭാര്യ ലീല, കുറച്ചു കാലമായി ഇവർക്കും എന്തെങ്കിലും ഒരു ജോലി തരപ്പെടുത്താൻ ചന്ദ്രേട്ടൻ പറയുന്നു, കടയിൽ ആണെങ്കിൽ ഇവർക്കു ചെയ്യാൻ പറ്റുന്ന ജോലിയില്ല അപ്പൊ ഞാൻ കരുതി നീ ഇവിടെ തനിച്ചല്ലേ, ഇവർ ഇവിടെ ഉണ്ടെങ്കിൽ നിനക്ക് അത് ഒരു കൈ സഹായം ആകുമല്ലോ (സീതയോടു ഇന്നേവരെ കള്ളങ്ങൾ പറയാത്ത ഞാൻ ശബ്‍ദം വിറക്കാതെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു)