“” തണുപ്പുണ്ടോ വെള്ളത്തിന്… “”
കൈയിൽ മാറി ഇടാനുള്ള ഡ്രെസ്സും എടുത്തവൾ ബാത്‌റൂമിന്റെ ഡോർ തുറക്കുന്നതിന് മുൻപ് ന്നോടായ് ചോദിച്ചു,
“” ലേശം.. “”
“” ഹ്മ്മ്.. താഴെ അമ്മ തിരക്കണുണ്ടെട്ടനെ, വേഗം ഡ്രെസ്സും മാറി ചെല്ലാൻ നോക്ക്.. ഞാൻ ഒന്ന് കുളിക്കട്ടെ.. “”
ബെഡിൽ കിടന്നുറങ്ങുന്ന മീനുനെ ഒന്ന് നോക്കിട്ടാണ് അവളകത്തു കയറിയത്, ഞാൻ പിന്നെ അവള് ബെഡിൽ എടുത്ത് വച്ചിരുന്ന മെറൂൺ കളർ ഫുൾസ്ലീപ്സ് ഷർട്ടും ഒരു കൈലിയും ഇട്ട്, മുടിയൊന്ന് ചീകിയൊതുക്കി താടിയും ഒന്ന് ലെവൽ ചെയ്ത് മീനുട്ടിക്ക് ഒരു മുത്തവും കൊടുത്ത് താഴേക്ക് ഇറങ്ങി.
എനിക്ക് അധികം ചമ്മലോ, സ്റ്റാർട്ടിങ് ട്രബിളോ ഉണ്ടായിരുന്നില്ല.. നേരെ അടുക്കളയിലേക്ക് കയറി ചെന്ന് എല്ലാരും കേൾക്കാനായി ഒന്നുറക്കെ ചുമച്ചു, അമ്മ ഒന്ന് തിരിഞ്ഞു നോക്കി പിന്നൊരു പുച്ഛഭാവം ” നീ ഏതാടാ നായെ…” ന്നൊരു ലുക്ക്, അടുത്തുനിന്ന ഏട്ടത്തി ഒന്നുല്ലെടാ ന്ന് കണ്ണ് കാണിക്കുന്നുണ്ട്,,l
“” ഏട്ടത്തി ഇവിടെ ചെലൊര് ന്നെ വിളിച്ചിങ്ങോട്ട് വരാണെന്ന് പറഞ്ഞായിരുന്നേ ന്നീട്ട് ഇപ്പൊ ഒടുക്കത്തെ ജാടയും,, “”
മറുപടി ഒന്നും പറഞ്ഞില്ല ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടർന്നതല്ലാതെ,, ഇവരുടെ നാക്കെന്തിയെ…ഇനിയിപ്പോ ഇവരുടെ ഒച്ച റോക്കറ്റ് പോലെ കേറി പോയിട്ടുണ്ടെങ്കിൽ ഇന്നത് ഞാൻ അടിച്ചു താഴെ ഇറക്കും.. അഹ് ഹാ..
“” ഈ തള്ളേടെ ചെവീടെ ഫിലമെന്റ്ടിച്ചു പോയോ.. “”
വല്യ താല്പര്യമില്ലാത്ത മട്ടിൽ ഞാൻ അത് പറഞ്ഞേട്ടത്തിയെ നോക്കി, എന്തിനാടാ ന്ന് കാണ്ണികാണിച്ചിട്ട് അമ്മയെ നോക്കിയ ഏട്ടത്തി ഒന്ന് ഞെട്ടി, പിന്നെ ന്നെ നോക്കി ഓടിക്കൊടാ ന്ന് ശബ്ദമില്ലാതെ ചുണ്ടനക്കി, അതെന്താ സംഭവം ന്ന് നോക്കുമ്പോളേക്കും അമ്മ തിരിഞ്ഞിരുന്നു,
ഹായ് കയ്യിൽ കത്തി.. സബാഷ്…!
“” നാടുവിട്ട് പോന്നോർക്ക് കേറി മേയാനുള്ളതല്ല ഞാൻ..! ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഒരു കൊച്ചിന്റെ തന്തയാണെന്നൊന്നും നോക്കില്ല, കറിക്കത്തിയാ കയ്യിലിരിക്കണത് വരഞ്ഞു തരും.. പൊക്കോ ന്റെ മുന്നിന്ന്…!””
ന്റെ മുന്നിൽ നീട്ടിയ കത്തിയുമായി അമ്മ നിന്ന് പോര് വിളിക്കണത് കണ്ടപ്പോ തന്നെ മനസിലായി ന്റെ കാര്യങ്ങൾക്ക് തീരുമാനം ആയിന്ന്..