“ഏഹ്? എന്തിന്??.. നീ എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നെ ചിത്രെ?” ആനി ഞെട്ടലോടെയും ഒരൽപ്പം ദേഷ്യത്തോടെയും ചോദിച്ചു.
“ലുക്ക് ആനി.. ഞാൻ തുറന്നു പറയാം. നീ മറ്റുള്ളവരുമായി അധികം ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല..” ചിത്ര പറഞ്ഞു.
“ഞാൻ ചെയ്യുന്നുണ്ടല്ലോ.”
ആനിയുടെ മുഖത്തേക്ക് നോക്കി ആനി അൽപ്പം കടുപ്പിച്ച് പറഞ്ഞു,
“സ്ത്രീകളുടെ കാര്യമല്ല ഞാൻ പറയുന്നത്..”
“പുരുഷന്മാരോടൊ?” ആനി അൽപ്പം നീരസത്തോടെ ചോദിച്ചു.
“ഉം..” ചിത്ര മൂളി.
“അത്.. എനിക്ക് അറിയില്ല ചിത്ര.. അവർ എന്നെ എങ്ങനെ നോക്കിക്കാണുന്നു എന്ന് നിനക്കുമറിയാമല്ലോ. ഞാൻ ഇതുവരെ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അവർ മാറിനിന്ന് ചില വൃത്തികെട്ട കമന്റുകളൊക്കെ പറയുമായിരുന്നു. ആ ടീമിലെ ആകപ്പാടെ ഉള്ളൊരു സ്ത്രീ ഞാനായിരുന്നു.” ആനി അൽപ്പം നിരാശയോടെ പറഞ്ഞു.
“അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ പാലുപോലെ വെളുത്ത നിറവും രൂപഭംഗിയുമുള്ള നിന്നെ കണ്ടാൽ ആരുമൊന്നു നോക്കിപ്പോവില്ലേ. വേണേൽ രണ്ട് കമന്റും പറയും.” ചിത്ര തന്റെ കൂട്ടുകാരിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“ച്ഛെ.. സ്റ്റോപ്പ് ഇറ്റ് ചിത്ര..”
ആനി അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ഒരു നിമിഷത്തേക്ക് തന്റെ കൂടെ ജോലി ചെയ്തിരുന്ന പുരുഷൻമാരുടെ നോട്ടങ്ങൾ കടന്നു വന്നു. അവളെ കൊത്തിപ്പറിക്കുന്ന ആ കണ്ണുകളും, നേരിട്ടല്ലെങ്കിലും അവളെ വർണിച്ചു കൊണ്ട് അവർ പറഞ്ഞിട്ടുള്ള മോശം കമന്റുകളുമൊക്കെ. നേരിട്ട് സമ്മതിക്കാൻ വയ്യെങ്കിലും ചിത്ര പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി.
“ആ, എന്തായാലും ഇനി പുതിയ കമ്പനിയിൽ വരുമ്പോഴെങ്കിലും നീ അവരോട് അടുത്തിടപഴകി പെരുമാറുന്നതാണ് നല്ലത്. അല്ലേൽ വീണ്ടും ജോലി പോവും..” ചിത്ര ഒരു പ്രധാന കാര്യം പറയുന്ന ഭാവത്തോടെ മൊഴിഞ്ഞു.
“അത്തരത്തിലുള്ള വൃത്തികെട്ട പുരുഷന്മാരോട് ഞാൻ എങ്ങനെ അടുത്തിടപഴകാനാ നീ ഉദ്ദേശിക്കുന്നെ?..” ആനി അൽപ്പം ദേഷ്യം ഭാവിച്ചുകൊണ്ട് ചോദിച്ചു.
“എടാ.. അവന്മാർ ചെയ്യുന്നതെല്ലാം അങ്ങ് സമ്മതിച്ച് കൂടെ പോകണമെന്നല്ല ഞാൻ പറഞ്ഞെ, നിനക്ക് അവരോട് ഒരു സേഫ് അകലം പാലിച്ചുകൊണ്ട് തന്നെ ജോലി ചെയ്തു പോകാൻ കഴിയും. ചില സാഹചര്യങ്ങളിൽ ഒന്ന് കണ്ണടയ്ച്ചു കൊടുക്കണമെന്ന് മാത്രം. ” ചിത്ര പതിയെ മറുപടി നൽകി.