“ഓഹ്.. സോറി ടാ.. ഞാൻ അറിഞ്ഞില്ലല്ലോ. ആ എന്തായാലും പോട്ടെ. നല്ല ജോലി ഇനിയും കിട്ടുമല്ലോ..” അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയ ചിത്ര ക്ഷമാപണം നടത്തി. കുറച്ചു നേരം ഇരുവരുമൊന്നും മിണ്ടിയില്ല.
“മ്മ്.. എന്റെ കമ്പനിയിൽ ഒരു ഓപ്പണിംഗ് ഉണ്ടെന്നു തോന്നുന്നു. നിനക്ക് അവിടെ ജോലിയ്ക്ക് കയറാൻ പറ്റിയേക്കാം. നിന്റെ ബയോഡേറ്റ എനിക്ക് അയച്ചു താ.” ചിത്ര പറഞ്ഞു.
അതു കേട്ടതും ആനിയുടെ മനസ്സ് വീണ്ടും തുള്ളിച്ചാടാൻ തുടങ്ങി..
“സത്യമാണോ ചിത്ര.. താങ്ക്യൂ, ഞാൻ വേഗം അയയ്ക്കാം.”
“ഗുഡ്. പക്ഷെ നിന്നെ അവിടെ കയറ്റണമെങ്കിൽ ഈ വീക്കെൻഡ് എങ്കിലും നീ നമ്മുടെ ലേഡീസ് നൈറ്റിനു വരണം..” ചിത്ര പറഞ്ഞു.
“അത്.. ടാ എന്നോട് വിരോധമൊന്നും തോന്നരുത്. എനിക്കിപ്പൊ അവരെ എല്ലാവരേയും കാണാനുള്ള മൂടൊന്നുമില്ല.” ആനി മറുപടി പറഞ്ഞു.
“ആ എങ്കിൽ ശരി. നമ്മൾ രണ്ടുപേർ മാത്രമായാൽ പ്രോബ്ലം ഇല്ലല്ലോ?” ചിത്ര ചോദിച്ചു.
“അത് ഓക്കേ ടാ. നമുക്ക് മീറ്റ് ചെയ്യാം.” അങ്ങനെ അക്കാര്യം സംസാരിച്ചുകൊണ്ട് ആനി കാൾ കട്ട് ചെയ്തു.
ചിത്ര അവളുടെ കോളേജിലെ സുഹൃത്തായിരുന്നു, അവളും ആനിയുടെ നാട്ടിൽ നിന്നായിരുന്നു. ചിത്രയും ആനിയെപ്പോലെ വിവാഹത്തിനു ശേഷം നഗരത്തിലേക്ക് താമസം മാറി, ഉടനെ തന്നെ ജോലിയിൽ പ്രവേശിച്ചു. എന്നാലും അവൾക്ക് ആനിയെക്കാൾ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്നു.
വീക്കെൻഡ് ആയപ്പോൾ ആനി അവൾക്ക് ലഭിക്കാൻ പോകുന്ന പുതിയ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാനും ചിത്രയെ കാണാനുമുള്ള ആവേശത്തിലായിരുന്നു. അവരുടെ പതിവ് സ്ഥലമായ ഒരു കോഫി ഷോപ്പിൽ വെച്ച് രണ്ടുപേരും കണ്ടുമുട്ടി. ആനി മുൻപത്തെ 2 കമ്പനികളിൽ താൻ കഠിനാധ്വാനം ചെയ്തതിനെ പറ്റിയൊക്കെ അവളോട് പറഞ്ഞു. ആനിയുടെ ബയോഡേറ്റ അവർ സ്വീകരിച്ചെന്നും ആനിയെ അവിടെ ജോലിക്കെടുക്കാൻ മാനേജരെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് കഴിയുമെന്നും ചിത്ര പറഞ്ഞു.
“ഞാൻ തീർച്ചയായും ഇനിയും കഠിനാധ്വാനം ചെയ്യും, ഇത്തവണ ആരും എന്നെ പിരിച്ചു വിടില്ല.”, ആനി ചിത്രയോട് ഉറപ്പിച്ചു പറഞ്ഞു.
“എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്നെ അവരും പുറത്താക്കുമെന്ന് എന്റെ മനസ്സ് പറയുന്നു..” ചിത്ര അൽപ്പം താഴ്ന്ന സ്വരത്തിൽ പറഞ്ഞു.