“ഡാ അവിടെ അവറാച്ചൻ ചേട്ടൻ്റെ റേഷൻ കടയുണ്ട്. അവിടെ പറഞ്ഞാൽ നല്ല തെങ്ങിൽ കള്ളും കിട്ടും. അച്ചായിയുടെ പേര് പറഞ്ഞാൽ മതി. അവർ ഇങ്ങു കൊണ്ട് തന്നോളും. ഇപ്പൊ ചെത്താൻ കേറിയിട്ടുപോലും ഉണ്ടാവില്ല.” കുഞ്ഞ പറഞ്ഞു. “കള്ളെത്ര വേണം.” ഞാൻ ഒരു ചെറിയ സന്തോഷത്തോടെ ചോദിച്ചു. “ഒരു കുപ്പി മതിയാവും.” കുഞ്ഞ പറഞ്ഞു. “ഒരു കുപ്പിയോ? അതിലെന്താവാനാ? നമ്മൾ നാലുപേരില്ലെ?” ഞാൻ അല്പം ആശങ്കയോടെയാ ചോദിച്ചേ. “അയ്യടാ.. നീ എന്താ ഇവിടെ കുടിച്ചു കൂത്താടാനാണോ ഭാവം.” കുഞ്ഞ ചെറിയ ഒരു ചിരിയോടു ചോദിച്ചു. “അതല്ല… കുഞ്ഞയുടെ പോത്തു ഉലർത്തിയത് ആസ്വദിക്കണമെങ്കിൽ കള്ളുവേണം എന്ന് മനസ്സിൽ ഞാൻ ആലോചിച്ചതേയുള്ളു.” ഞാൻ മെല്ലെ പറഞ്ഞു.
“എടാ നീ അവിടെ ഇരിക്കുന്ന കന്നാസു കൊണ്ട് കൊടുത്തിട്ടു പറഞ്ഞ മതി… അവർക്കറിയാം. അവര് തന്നോളും. നീ വിഷമിക്കണ്ട.” കുഞ്ഞ കളിയാക്കിക്കൊണ്ട പറഞ്ഞത്.
ഞാൻ സന്തോഷത്തിൽ കന്നാസും കൊടുത്തു പോത്തും, കപ്പയും മേടിച്ചു പെട്ടെന്ന് വന്നു. അപ്പോഴേക്കും പ്രാതൽ മേശപ്പുറത്തെത്താൻ പകമായിക്കഴിഞ്ഞിരുന്നു. ഞാൻ പോയി കൈയും കഴുകി മേശപ്പുറത്തെത്തി. അപ്പോഴേക്കും കുരുന്നു കാന്താരിയും എഴുന്നേറ്റിരുന്നു. അതൊക്കെ കഴിച്ചു കഴിചിട്ടു ആൻസി കുളിക്കാൻ പോയി. പത്തേകാലായപ്പോഴേക്കും ഞങ്ങൾ അവളുടെ സൈക്കിൾ എടുത്തു സൈക്കിൾ കടയിലേക്ക് പോയി. “മമ്മി ഞങ്ങൾ ഒന്ന് കറങ്ങിയിട്ടൊക്കെ ഇങ്ങു വരൂ…” ആൻസി ഇറങ്ങാൻ നേരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ആ ശരി…” അടുക്കളയിൽ നിന്നും മങ്ങിയ ഒച്ചയിൽ കുഞ്ഞയുടെ ശബ്ദം.
ഞങ്ങൾ പോയി ഒരു നല്ല സൈക്കിൾ നോക്കി വാടകക്ക് എടുത്തു. ഇവരെ എല്ലാവരെയും ഇവിടുള്ളവർക്കു നല്ലപോലെ അറിയാവുന്നതുകൊണ്ട് കൂടുതൽ ഒന്നും ചോദിച്ചില്ല. ഒരു മാസത്തേക്ക് ഇരുന്നൂറ്റന്പത് രൂപ. അടുത്ത മാസം വേണേൽ വീണും സൈക്കിൾ മാറ്റി എടുക്കലോ എന്ന് ചിന്തിച്ചു. കാറ്റൊക്കെ അടിച്ചു ബ്രേക്കും പരിശോധിച്ചിട്ടു ഞങ്ങൾ അവിടുന്ന് സൈക്കിളിൽ കയറി യാത്ര തുടങ്ങി. ഞാൻ അവളുടെ കൂടെ അവളെ പിന്തുടർന്ന് പോവുകയാ. “എങ്ങോട്ടടി നമ്മൾ പോണേ?” ഞാൻ ചോദിച്ചു. “നമ്മുടെ ഒരു റബ്ബർ തോട്ടമുണ്ട് കുറച്ചപ്പുറത്തു. അവിടെ ഒരു കുളവും ഉണ്ട്. വേണേൽ മീൻ പിടിക്കാം.” അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് കൂടുതൽ ഉത്സാഹം തോന്നി.