വീടിന്റെ അടുത്തുള്ള സരോജനിയും രേവതിയമ്മയും പണ്ടേ അത്ര രസത്തിൽ അല്ലായിരുന്നു. സരോജനി വഴി അമ്പലത്തിലിൽ വെച്ച് പലരും ഈ കാര്യം ചോദിച്ചു തുടങ്ങിയപ്പോൾ രേവതിയമ്മക്ക് പിടി വിട്ടു. അത് ദേഷ്യമായി മരുമകളുടെ അടുത്ത് കാണിച്ചു തുടങ്ങി. അത് സ്വാഭാവികമാണല്ലോ!
രേവതിയമ്മയുടെ ചേച്ചി ശ്യാമളയുടെ പ്രേരണ കൂടെ ആയപ്പോൾ മരുമകളോടുള്ള ഇഷ്ടക്കുറവ് അവർ നേരിട്ട് കാണിച്ചു തുടങ്ങി. ഇവളെ ഉപേക്ഷിക്കാൻ വരെ രേവതിയമ്മ രവിയോട് പറഞ്ഞു. അല്ലെങ്കിൽ ഇവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി വിടണം എന്നും. അങ്ങനെ പോകപ്പോകെ ശില്പക്ക് ആ വീട് ശോകമായി മാറി.
തിരിച്ചു വീട്ടിൽ ചെന്നാൽ അമ്മയുടെയും അച്ഛന്റെയും മുഖങ്ങൾ കാണുന്ന കാര്യമോർത്തപ്പോൾ ശില്പ ചത്ത് കളഞ്ഞാലോ എന്ന് പോലും ഓർത്തു പോയി. രവിയോട് പറഞ്ഞപ്പോൾ രവി അമ്മയുടെ സൈഡ് ആയിരുന്നു. നീ പെറാത്തതിന് അമ്മയെന്തു പിഴച്ചു എന്നുവരെ രവി ചോദിച്ചു.
കാര്യങ്ങൾ ഇങ്ങനെ പോയപ്പോൾ ശില്പയുടെ ഒരു ഫ്രണ്ട് മീര പറഞ്ഞത് അനുസരിച്ചു ആരുമറിയാതെ മീരയുടെ കൂടെ ഒരു ക്ലിനിക്കിൽ പോയി പരിശോധിച്ചപ്പോൾ അവൾക്കു ഒരു കുഴപ്പവുമില്ല. ഒരു അമ്മയാകാൻ എന്ത് കൊണ്ടും അവളുടെ ശരീരം ഒരുക്കമാണ് എന്നാ റിസൾട്ട് വന്നത്.
അപ്പോൾ പിന്നെ അത് രവിയേട്ടന്റെ കുഴപ്പം തന്നെ എന്ന് മനസിലായി. ശില്പ രവിയോട് ഈ കാര്യം പറയാതെ നമുക്ക് ഒന്ന് പോയി ടെസ്റ്റ് ചെയ്തു നോക്കിയാലോ എന്ന് ചോദിച്ചപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തിൽ ഇത് പോലെ ഒരു പ്രെശ്നം ആർക്കുമില്ല എന്നാണു രവി പറഞ്ഞത്.
രേവതിയമ്മയുടെ ഗൃഹ ഭരണവും ശില്പയെ അലോസര പെടുത്തി. ശില്പ സ്ലീവ് ലെസ്സ് ചുരിദാർ ഇട്ടാൽ അവരുടെ മുഖം മാറുമായിരുന്നു. എങ്കിലും വാക്കുകൾ കൊണ്ട് വേദനിപ്പിക്കുമായിരുന്നില്ല. ഒരിക്കൽ അമ്പലത്തിൽ വെച്ച് രേവതിയമ്മയുടെ ഒരു ബന്ധുവായ മാലതിയെ കണ്ടപ്പോൾ ശില്പയോട് വീട്ടിലോട്ടു വരാൻ പറഞ്ഞു. രേവതിയമ്മയും മാലതിയും നല്ല അടുപ്പമാണ്. പലപ്പോഴും വീട്ടിൽ വന്നിട്ടുമുണ്ട്.
ഭക്തി കുറച്ചു കൂടിയ മാലതിയെ രേവതിയമ്മക്ക് ഇഷ്ടവുമാണ്. രേവതിയമ്മക്കും ഭക്തി അല്പം കൂടുതലാണല്ലോ. പിന്നെ കൂടെ കുറച്ചു അന്ധവിശ്വാസവും ഉണ്ട്. സ്വാമിമാരിലും പൂജകളിലും ഒക്കെ നല്ല വിശ്വാസവും.