“രണ്ടുപേരും ഉറങ്ങിയോ ഇന്ന് ഉച്ചയ്ക്ക് കുറെ ശ്രമിച്ചതാ രണ്ടുപേരെയും ഉറക്കാൻ….രണ്ടുപേരും കൂട്ടാക്കിയില്ല.. കളി ആയിരുന്നു…. അതാ ഈ സമയത്ത് കിടന്നുറങ്ങിയേ!!!!” എന്ന് പറഞ്ഞു ലക്ഷ്മി അമ്മ ..
ഉണർത്തേണ്ട എന്ന് അവരോട് കണ്ണ് കൊണ്ട് കാട്ടി രണ്ടുപേരെയും എടുത്ത് മുറിയിൽ കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി…
ലക്ഷ്മി അമ്മയോട് പൊയ്ക്കോളാൻ പ റഞ്ഞു അവരുടെ അടുത്ത് ചെന്നിരുന്നു വിദ്യ…
ഇങ്ങനെ രണ്ടു കുഞ്ഞു മുഖത്തേക്ക് നോക്കിയിരിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്….
ഈ ഭൂമിയിൽ ഇപ്പോൾ തനിക്ക് സ്വന്തം എന്ന് പറയാൻ ഈ രണ്ട് മാലാഖക്കുഞ്ഞുങ്ങൾ മാത്രമേയുള്ളൂ… അവരെയും സ്വന്തമാക്കാൻ അവകാശം പറഞ്ഞു വേറെ ആളുകൾ ഉണ്ടെന്നത് ഓർത്തു ദേഷ്യവും സങ്കടവും ഒരുപോലെ മനസ്സിൽ കിടന്നു തിളച്ചു അവൾക്ക്…
ഓർമ്മകൾ ഒരു അഞ്ചുവർഷം പുറകിലേക്ക് പോയി… പിജി അവസാനവർഷം ആയപ്പോഴാണ് അടുത്തുള്ള ഒരു ട്യൂട്ടോറിയൽ കോളേജിലേക്ക് ക്ലാസ് എടുക്കാൻ തന്നെ ക്ഷണിക്കുന്നത്….
പാർട് ടൈം ജോലിയായി ചെയ്താൽ മതി എന്ന് പറഞ്ഞപ്പോൾ വരാം എന്ന് ഏറ്റു…. കാരണം കോളേജിൽ അടയ്ക്കാനുള്ള ഫീസെങ്കിലും കിട്ടുമല്ലോ എന്നോർത്ത്…
ചെറുപ്പത്തിലെ അച്ഛൻ മരിച്ചതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് അമ്മ തന്നെയും അനിയത്തിയെയും പഠിപ്പിക്കുന്നതും വളർത്തുന്നതും ഒക്കെ…
തനിക്ക് ഈ ജോലി കിട്ടിയാൽ അമ്മയെ അങ്ങനെയെങ്കിലും സഹായിക്കാം എന്ന് കരുതി വിദ്യ ജീവിക്കുന്നത്…..
അവിടെ നിന്നാണ് ബിജോയ് സാറിനെ പരിചയപ്പെടുന്നത് തന്നെക്കാൾ സീനിയർ ആയിരുന്നു പിജി ഒക്കെ കഴിഞ്ഞതാണ് ഇപ്പോൾ പിഎസ്‌സി ഒക്കെ എഴുതി നിൽക്കുന്നു ഗവൺമെന്റ് ജോലിയാണ് ആളുടെ സ്വപ്നം…
ആകാശത്തിന് കീഴിലുള്ള എന്തിനെ പറ്റിയും സംസാരിക്കാൻ കഴിവുള്ളവൻ… വാചകക്കസർത്ത് കൊണ്ട് ആരെയും മയക്കും..
കുട്ടികൾ എല്ലാവരും അയാളുടെ ആരാധകരായിരുന്നു കുട്ടികൾ മാത്രമല്ല ടീച്ചേഴ്സിന് ഇടയിൽ പോലും അയാൾക്ക് ആരാധകർ ഉണ്ടായിരുന്നു….
അയാളെ ശ്രീവിദ്യ ഇഷ്ടപ്പെട്ട് പോയതിൽ തെറ്റ് പറയാൻ പറ്റില്ലായിരുന്നു… ഒരുപാട് ഉയരത്തിൽ എത്തണമെന്ന് അതിയായ മോഹമുള്ള ഒരാൾ…
എല്ലാവരോടും കാണിക്കുന്ന അടുപ്പത്തിലും ഉപരിയായി തന്നോട് അയാൾക്ക് ഒരു പ്രത്യേകതയുണ്ടെന്ന് ശ്രീവിദ്യക്ക് പലപ്പോഴും തോന്നിയിരുന്നു അത് ശരിവെക്കും പോലെയായിരുന്നു അയാളുടെ പിന്നീടുള്ള പെരുമാറ്റങ്ങളും….