“അമീർ.” ഞാൻ ധൈര്യം സംഭരിച്ചുകൊണ്ടവന്റെ പേര് രണ്ടു വട്ടം വിളിക്കേണ്ടി വന്നു. ഒന്ന് മനസിലും രണ്ടാമത് യാഥാർഥ്യമായും.
വാതിൽ തുറന്നുകൊണ്ട് അവൻ നേരെ തന്നെ നടന്നു. എന്നെയൊന്നു നോക്കുക പോലും ചെയ്തില്ല.
“അമീർ, വിശക്കുന്നുണ്ടോ? കുറച്ചു ഉപ്മാ ആണ്. കഴിക്കുമോ നീ?” അവന്റെ മുന്നിൽ കുനിഞ്ഞുകൊണ്ട് ഞാൻ ടീപോയിലേക്ക് പ്ളേറ്റ് വെച്ചു. ടീവിയിൽ തന്നെയായിരുന്നു അവന്റെ ശ്രദ്ധ.
“ഞാൻ പോട്ടെ!” അപ്പോഴും എന്നെ നോക്കിയില്ല. ഞാൻ പിന്നെ നിന്നില്ല, അവന്റെ കവിളിൽ ഞാൻ കാരണമേറ്റ ചുവന്ന പാടുകൾ എന്റെ നെഞ്ചിൽ വേദനയായി മാറുന്ന നിമിഷം, എനിക്കറിയില്ല. അതിനോടകം തന്നെ മനസിൽ ഒരു നൂറാവർത്തി അവനോടു സോറി എന്ന് വിറച്ചു വിറച്ചു കൊണ്ട് പറഞ്ഞിരുന്നു.
അനന്തിക വന്നയുടനെ ബാഗും സോഫയിലിട്ട് ടീവി ഓൺ ചെയ്തു. ഉപമാവും ചായായും ഞാനെടുത്തു സോഫയുടെ മുന്നിലുള്ള ടീപ്പോയിൽ വെച്ചതും അവളതു എടുത്തു കഴിക്കാൻ തുടങ്ങി.
“കയ്യും മുഖവും കഴുകിയിട്ട് കഴിച്ചൂടെ അനുമോളെ.”
“കഴിച്ചിട്ടു കഴുകാം ഇനി.” ചിരിയോടെ സേമിയ ഉപ്പ്മാവ് അവള് കഴിച്ചു തുടങ്ങി. അമീർ കഴിച്ചു കാണുമോ എന്നൊരു ചോദ്യം എനിക്ക് വീണ്ടും ഒരു നിമിഷം തോന്നി. കഴിച്ചു കാണും. എന്നാലും അമ്മയില്ലാത്ത കൊച്ചിനെ സ്നേഹിക്കാൻ ആരുമില്ലാത്ത കൊണ്ടാണ് അവൻ വഷളായത്. പക്ഷെ അതോർത്തുകൊണ്ട് അനുമോളെ നോക്കുമ്പോ, എനിക്ക് ചിരിയും വന്നു. ഞാനുണ്ടായിട്ടും അനുമോൾ ഇപ്പോഴും അത്യാവശ്യം കുറുമ്പും വാശിയും അഹങ്കാരവും എല്ലാമുണ്ടല്ലോ. കൊച്ചു വഷളത്തി തന്നെ! എന്റെ പൊന്നോമന.
ചോറ് കുക്കറിൽ വെന്തു കഴിഞ്ഞയുടനെ ഞാൻ മീൻ മുളകിൽ ഇട്ടത് രുചിച്ചു നോക്കി. നല്ല എരിവും പുളിയും സൂപ്പർ ആയിട്ടുണ്ട് എന്നുള്ള ഭാവത്തിൽ ഉള്ളിലൊരു ആരവം പൊങ്ങി എണീറ്റു. ഇനി അടുത്ത പണി കുളിക്കണം. അത് കഴിഞ്ഞു അമ്മയെ ഒന്ന് വിളിക്കണം. പിന്നെ അത്താഴം കിഴക്കണം, കിടക്കണം. ഇതൊക്കെ തന്നെയാണ് എന്റെ ദിനചര്യ.
പക്ഷെ അന്ന് രാത്രി കിടക്കാൻ നേരം, ഉറക്കമേ വരുന്നില്ല, അനു മീൻകറിയുള്ളത് കാരണം നന്നായിട്ടു കഴിച്ചു. അവൾ നേരത്തെ തന്നെ ഉറങ്ങി. പക്ഷെ ഞാൻ എണീക്കും മുന്നേ അവൾ എണീക്കാറുണ്ട്. പഠിക്കുക ഒക്കെ ചെയ്യും. ആ കാര്യത്തിലെനിക്ക് പരാതിയില്ല.