ജീപ്പിൽ നിന്നിറങ്ങി സണ്ണി ചുറ്റും നോക്കി… ഓടു മേഞ്ഞ ഒരു പീടിക.. ചില്ലളമാരിയിൽ പരുപ്പ് വട ബോണ്ട തുടങ്ങിയ പലഹാരങ്ങൾ.. തൊട്ടപ്പുറത്തു സിനിമാ കോട്ടക.. സുന്ദരം ടാകീസ് ഏലപ്പറ എന്ന വലിയ ബോർഡിന് കീഴെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട് പോസ്റ്ററിൽ പരസ്പരം വിരൽ ചൂണ്ടി നിൽക്കുന്ന നസീറും സോമനും.. പടം തോൽക്കാൻ എനിക്ക് മനസില്ല…
ഈ പടം പാലായിൽ യൂണിവേഴ്സലി ൽ വന്നതാണല്ലോ.. അവൻ ഓർത്തു..
പിലിപ്പ് പറയാതെ തന്നെ ജീപ്പിലെ വഴക്കുലയെല്ലാം ഇറക്കി കടയുടെ വരാന്തയിൽ വെയ്ക്കാൻ സണ്ണിയും കൂടി…
കടക്കുള്ളിൽ മൂന്നു നാല് പേർ ചായകുടിക്കുന്നുണ്ട്… അണ്ണാച്ചി ദേ ഇവനൊരു ചായ കൊടുക്ക്.. ആഹ് എനിക്കും ഒന്നെടുത്തോ..
അണ്ണാച്ചി തന്ന ചൂടുചായ ഊതി കുടിക്കുമ്പോൾ തണുപ്പിന് ഒരാശ്വാസം
നിനക്ക് വല്ലതും കടിക്കാൻ വേണമെങ്കിൽ അലമാരിയിൽ നിന്നും എടുത്തോ..
ആഹ്.. അണ്ണാച്ചി ഇത് സണ്ണി.. ഇനി ഇവിടെ ഉണ്ടാകും.. അണ്ണാച്ചിക്ക് ഒരു സഹായം ആകട്ടെ…
സണ്ണീ.. അണ്ണാച്ചിയാണ് ഇവിടുത്തെ എല്ലാ കാര്യവും നോക്കുന്നത്.. പിന്നെ ഞാനും ഉണ്ടാകും..
കടയുടെ പിന്നിൽ മൂന്നാലു മുറിയുണ്ട്.. അതാണ് പിലിപ് ചേട്ടന്റെ വീട്..
ചായകുടി കഴിഞ്ഞ് സണ്ണിയെയും കൂട്ടി പിലിപ്പ് കടക്കു പുറകിലെ വീട്ടിലേക്ക് കയറി…
ആലീസെ.. എടീ അലീസേ..പെട്ടന്ന് ഒരു തല വാതിലിൽ പ്രത്യക്ഷപ്പെട്ടു… അമ്മ ആടിന് വെള്ളം കൊടുക്കുകയാ ചാച്ചാ…
സണ്ണി.. ഇതെന്റെ മോളാ… പത്താം ക്ലാസ്സിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കിയാ… പുറകിൽ നിന്നുമാണ് എണ്ണണ്ടത് കേട്ടോ.. ഒന്നു പോ.. ചാച്ചാ.. കളിയാക്കണ്ട ഞാൻ അടുത്ത തവണ എഴുതി ജയിക്കും.. അപരിചിതന്റെ മുന്നിൽ വെച്ച് അപ്പൻ കളിയാക്കിയതിന്റെ ചമ്മൽ അവളുടെ മുഖത്തുണ്ട്…
നിമ്മി.. നിമ്മി പിലിപ്പ്.. ഇതാണ് കക്ഷിയുടെ പേര്… അല്പം കാന്തരിയാ..
ഇനിയൊരാൾ കൂടിയുണ്ട്.. ജോസ് മോൻ.. പീരുമേട് സർക്കാർ സ്കൂളിൽ എട്ടിൽ പഠിക്കുന്നു…
ജോസ് മോൻ എപ്പോഴും സുന്ദരം ടാക്കീസിലാണ്..പ്രോജക്ടർ റൂമിൽ പോയി ഇരിക്കും.. ഓരോ പടവും മാറുന്നത് വരെ കാണും.. പൈസാ ചിലവില്ലല്ലോ.. ടാക്കീസിലെ എല്ലാവർ ക്കും പറ്റുപടി പിലിപ്പിന്റെ അൽഫോൻ സാ ഹോട്ടലിലാ…