ആനി അവനെയും കൊണ്ട് മുറിയിലേക്ക് ചെന്നു. കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുകയാണ് പാപ്പി. വിധു സംശയത്തോടെ ആനിയെ നോക്കി. അവൾ ഉടനെ പാപ്പിയെ തട്ടി വിളിച്ചു ” ഇച്ചായാ എഴുന്നേൽക്ക് വിധു വന്നു, എനിക്ക് ട്യൂഷൻ എടുക്കാൻ സമയമായി…”
” എനിക്ക് തീരെ വയ്യ ” ക്ഷീണം നടിച്ചുകൊണ്ട് പാപ്പി പറഞ്ഞു.
പാപ്പി കള്ളം പറയുന്നതാണെന്ന് ആനിക്ക് മനസ്സിലായി.
” ഇച്ഛയാ വെറുതെ എന്നോട് കള്ളം പറയാൻ നിൽക്കേണ്ട, ഇച്ചായന് ഒരു പ്രശ്നവും ഇല്ലയെന്ന് എനിക്കറിയാം ”
ആനി തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു.
ഒടുവിൽ ആനിയുടെ ശല്യം സഹിക്കാൻ വയ്യാതെ പാപ്പി കിടക്കയിൽ നിന്നും എഴുന്നേറ്റു. വിധുവിനെ രൂക്ഷമായി നോക്കി കൊണ്ട് മുറിവിട്ട് പോയി. പാപ്പിയുടെ പെരുമാറ്റം കണ്ട് വിധുവിന് വിഷമം തോന്നി.
” ഇതൊന്നും കണ്ട് നീ വിഷമിക്കണ്ട.”
ആനി അവനെ ആശ്വസിപ്പിച്ചുകൊണ്ട് കസേരയിൽ ഇരുത്തി.
ആനി അവനെ കെമിസ്ട്രി പഠിപ്പിക്കാൻ തുടങ്ങി പക്ഷേ അവൻറെ മുഖത്ത് ഒരു താല്പര്യക്കുറവ് ശ്രദ്ധയിൽപ്പെട്ടു.
” എന്താണ് നിൻറെ മുഖം വല്ലാതെ ഇരിക്കുന്നെ ? ”
ആനി ചോദിച്ചു.
” ഒന്നുമില്ല “
അവൻ മറുപടി നൽകി.
” വിധു… നീ എന്നോട് കള്ളം പറയണ്ട. എന്തോ ഒരു വിഷമം നിന്നെ അലട്ടുന്നുണ്ട്. എന്താണെന്ന് വെച്ചാൽ പറ ” ആനി നിർബന്ധിച്ചു.
” ഞാൻ പറയുന്ന കാര്യം ടീച്ചർക്ക് ചിലപ്പോൾ അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല, ഞാൻ പറയുന്നത് കേട്ട് എന്നോട് പിണങ്ങരുത് “
അവൻ മുൻകരുതലോടെ.
” നീ വളച്ചു കെട്ടാതെ കാര്യം പറ വിധു.”