അവളുടെ കവിളിലെ പാട് നോക്കിക്കൊണ്ട് ചോദിച്ചു, വൃന്ദ പെട്ടെന്ന് കവിളിൽ തൊട്ടു,
“മോള് സങ്കടപ്പെടേണ്ട, നിങ്ങളുടെ കഷ്ടപ്പാട് ഉടനെ തീരും… മോക്ക് ആരും മോഹിക്കുന്ന ഒരു രാജകുമാരൻ വരും… അവൻ മോളേ ജീവനെപ്പോലെ സ്നേഹിക്കും, നിങ്ങടെ കഷ്ടപ്പാടെല്ലാം കാവിലമ്മ കാണുന്നുണ്ട്.”
വൃന്ദ അതെല്ലാം കേട്ട് പുഞ്ചിരിച്ചുകൊണ്ട് കേട്ടിരുന്നു,
“എന്താ മോൾക്ക് എന്നെ വിശ്വാസമായില്ലേ… എന്നാ ഞാനൊരൂട്ടം പറയട്ടേ…?”
അവർ കുറച്ചുനേരം അവളുടെ മുഖത്ത് നോക്കിയിരുന്നു എന്നിട്ട് പറഞ്ഞു
“മോള് ജനിച്ചത് മകയിരം നക്ഷത്രത്തിലല്ലേ…?
കുട്ടികാലത്തു വലതുകാലിന് വലിയൊരു അപകടം പറ്റിയില്ലേ…?
എല്ലാരേം പറഞ്ഞതല്ലേ ഇനി രണ്ടുകാലിൽ നടക്കില്ലാന്ന്…?
പിന്നീട് എന്നെപ്പോലൊരു കാക്കാത്തി വീട്ടില് വന്ന് വിഘ്‌നേശ്വരന് വഴിപാട് കഴിപ്പിക്കാൻ പറഞ്ഞിട്ടല്ലേ മോള് നടന്ന് തുടങ്ങിയത്…
മോളുടെ അമ്മേടേം മോളുടേം കഴുത്തിന്പിറകിൽ ഒരു കറുത്ത മറുകില്ലേ…?”
വൃന്ദ പകപ്പോടെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു,
“പിന്നെ മോൾക്ക് മാത്രമറിയാവുന്ന ഒരു കാര്യം ഞാ പറയട്ടെ…
മോള് നെഞ്ചിൽ പച്ചക്കുത്തിയ നീലക്കണ്ണുകളുള്ള ഒരു സുന്ദരനായ ഒരു യുവാവ് മോളേ വിഷമങ്ങളിൽ നിന്നും രക്ഷിക്കാൻ വരുന്നതായി സ്വപ്നം കാണാറില്ലേ…”
കാക്കാത്തി അവളുടെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി.
“ന്റെ കാവിലമ്മേ….”
വൃന്ദ അമ്പരന്ന് നെഞ്ചിൽ കൈവച്ചു വിളിച്ചു. കണ്ണൻ അത്ഭുതത്തോടെ നോക്കിയിരുന്നു.
“കാക്കാത്തിയമ്മ പറഞ്ഞാ തെറ്റില്ല നോക്കിക്കോ…”
അവർ പോകാനായി എഴുനേറ്റുകൊണ്ട് പറഞ്ഞു,
“കാക്കാത്തിയമ്മേടെ പേരെന്താ…?”
കണ്ണൻ ചോദിച്ചു
“മക്കൾ അമ്മയെന്നോ കാക്കാത്തിയമ്മയെന്നോ വിളിച്ചോ…”
“കാക്കാത്തിയമ്മ പോവാണോ…?”
കണ്ണൻ ചോദിച്ചു
“എന്നെക്കൊണ്ട് നിങ്ങൾക്കെന്ത് ആവശ്യമുണ്ടേലും കാക്കത്തിയമ്മ അപ്പൊ മുന്നിലുണ്ടാവും…ഇപ്പൊ ഞാൻ പോട്ടെ…”
അവർ കാവിന് പുറത്തേക്ക് ഇറങ്ങി പാട വരമ്പിലൂടെ ദൂരേക്ക് നടന്നുപോയി,
••❀••
അന്ന് രാത്രി രാജേന്ദ്രൻ വന്നാലുണ്ടാകുന്ന പുകിലുകളലോചിച്ചു വൃന്ദക്ക് മനസ്സമാധാനം ഉണ്ടായില്ല അവൾ ഇടക്കിടക്ക് ഗേറ്റിലേക്ക് നോക്കും, കുറച്ചു കഴിഞ്ഞു രാജേന്ദ്രന്റെ കാർ വന്നപ്പോ വൃന്ദയുടെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി,
രാജേന്ദ്രൻ പതിവ്പോലെ കുളിച്ചു ഭക്ഷണം കഴിക്കാൻ ടേബിളിന് മുന്നിലെത്തി, നളിനി ഭക്ഷണം വിളമ്പി.
“നളിനി മോളെവിടെ വിളിക്ക് അവൾക്ക് ഭക്ഷണം കഴിക്കണ്ടേ…?”
“രാജേട്ടൻ കഴിച്ചോ…അവക്കിപ്പോ വേണ്ടാന്ന്, തലവേദനയെങ്ങാണ്ടാന്ന്…”