കടഞ്ഞെടുത്തപോലെ ഒതുങ്ങിയ ശരീരം,
സമൃദ്ധമായ മുടി ജടകെട്ടി വച്ചിരിക്കുന്നു,
കാണാൻ ഭംഗിയുള്ള മുഖം, നല്ല നിറം,
കാതിൽ തണ്ടാട്ടി,
മൂക്കൂത്തിയിൽ ചുവന്ന കല്ല് തിളങ്ങുന്നു,
വെറ്റില മുറുക്കി ചുവന്ന ചുണ്ടുകൾ,
കഴുത്തിൽ രുദ്രാക്ഷം,
വലതുകയ്യിൽ സർപ്പത്തെ പോലെ തോന്നിക്കുന്ന ഒരു വള,
കാവി ആണ് വേഷം കാലിൽ തള,
കയ്യിലൊരു കിളിക്കൂട്,
കണ്ടാൽ അറിയാം ചെറുപ്പത്തിൽ അതിസുന്ദരി ആയിരുന്നു എന്ന്,
അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, വല്ലാത്തൊരു സുഗന്ധം അവർക്ക് ചുറ്റും പടർന്നു…
കണ്ണനും വൃന്ദയും അവരെക്കണ്ട് പുറത്തേക്ക് വന്നു,
“ആരാ…? അമ്മ എവിടുന്നാ…?”
വൃന്ദ ചോദിച്ചു
“കൊറച്ചു വെള്ളം തരോ മോളേ കുടിക്കാൻ…?”
അവർ വൃന്ദയോട് ചോദിച്ചു.
അവൾ പെട്ടെന്ന് ഒരു മൊന്തയുമായി കിണറ്റിന്കരയിലേക്ക് പോയി,
കണ്ണൻ കിളിക്കൂടിൽ കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ട്,
“മോന്റെ പേരെന്താ…?”
അവർ വാത്സല്യത്തോടെ ചോദിച്ചു.
“കണ്ണൻ”
“മോന്റെ നെറ്റിയിലെന്താ പറ്റിയേ…?”
“അത്… ഞാൻ… മുറ്റത്ത് വീണു, അങ്ങനെ മുറിഞ്ഞതാ…”
കണ്ണൻ വിക്കി വിക്കി പറഞ്ഞു
“ആണോ…?”
സംശയത്തോടെ നെറ്റി ചുളിച്ച് പുഞ്ചിരിച്ചുകൊണ്ട് കണ്ണനോട് ചോദിച്ചു, കണ്ണൻ പതിയെ തല താഴ്ത്തി
“നമ്മട വെഷമങ്ങൾ ആരോടും പറയരുതെന്നാ… കാവിലമ്മയോട് മാത്രേ പറയാൻ പാടുള്ളൂന്നാ ഉണ്ണിയേച്ചി പറഞ്ഞേക്കുന്നേ…”
കണ്ണൻ വിഷമത്തോടെ പറഞ്ഞു
“എന്നിട്ട് കണ്ണന്റെ വെഷമൊന്നും കാവിലമ്മയോട് പറഞ്ഞില്ലല്ലോ, ചേച്ചിക്ക് നല്ലത് വരണേ… എന്നല്ലേ പറഞ്ഞുള്ളു…”
അവർ പുഞ്ചിരിച്ചുകൊണ്ട് കണ്ണന്റെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചു,
കണ്ണൻ ഞെട്ടലോടെ അവരെ നോക്കി,
“കാക്കാത്തിയമ്മക്ക് ഞാൻ മനസ്സീപ്പറഞ്ഞത് എങ്ങനെ മനസ്സിലായി…? “
കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു
“കാക്കത്തിയമ്മ മുഖം നോക്കി ലക്ഷണം പറയുന്ന ആളാ…”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,
കണ്ണനത് വിശ്വാസം വന്നപ്പോലെ കിളിക്കൂടിലേക്ക് നോക്കി, എന്നിട്ട് പതിയെ പറഞ്ഞു,
“എന്റെ ഉണ്ണിയേച്ചി പാവാ… എനിക്ക് ഉണ്ണിയേച്ചി മാത്രേയുള്ളു, എനിക്ക് വലിയിഷ്ടാ ഉണ്ണിയേച്ചിനെ, അതാ ഞാനങ്ങനെ പ്രാർത്ഥിക്കുന്നത്…”
അപ്പോഴേക്കും വൃന്ദ വെള്ളവുമായെത്തി, വെള്ളം അവർക്ക് നീട്ടി, അവരത് വാങ്ങി വെറ്റിലചണ്ടി പുറത്തേക്ക് തുപ്പി വായ കഴുകി വെള്ളം കുടിച്ച് മൊന്ത തിരികെ കൊടുത്തു,
“മോളും മുറ്റത്തുവീണോ…? “