“ഇവർക്ക് ചായ കൊണ്ടുവാ…”
നളിനി അവളോട് പറഞ്ഞു, വൃന്ദ ആരെയും നോക്കാതെ തലകുലുക്കികൊണ്ട് അകത്തേക്ക് പോയി
“ഇത് മീനാക്ഷീടെ മോളല്ലേ…?“
ശ്യാമ ചോദിച്ചു
“അതെ, ശ്യാമയും മീനാക്ഷിയും ഒരുമിച്ചു പഠിച്ചതല്ലേ…??? അല്ല.. നിങ്ങൾ ഇങ്ങോട്ടേക്കു തന്നെ വന്നതാണോ…??”
നളിനി ചോദിച്ചു.
“അതേ…ഞങ്ങളൊരു കാര്യം ചോദിക്കാനും ആലോചിക്കാനുമാണ് വന്നതാ, എങ്ങനയാ ഇത് നളിനിയോട് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല, ദേവടത് വന്നു ഇങ്ങനൊരു കാര്യം ചോദിക്കാൻ പാടുണ്ടോ എന്നുമറിയില്ല,.. “
ശ്യാമ ഒന്ന് നിർത്തി
“എന്താ കാര്യം…? ധൈര്യമായിട്ട് പറഞ്ഞോ…”
നളിനി പറഞ്ഞു,
ശ്യാമ എന്തോ പറയാൻ തുടങ്ങിയപ്പോ ശില്പ അവിടേക്ക് വന്നു,
“ഹായ് നന്ദേട്ടാ…. ഹലോ ആന്റി…”
“ഹലോ…”
നന്ദൻ പുഞ്ചിരിയോടെ പറഞ്ഞു,
“മോളിന്ന് കോളേജിൽ പോയില്ലേ…?”
ശ്യാമ അവളോട് ചോദിച്ചു…
“ഇല്ല ആന്റി…ഇന്ന് പോയില്ല…”
അവൾ മറുപടി പറഞ്ഞിട്ട് നളിനിയുടെ അടുത്ത് ഇരുന്നു.
“ശ്യാമ എന്താ പറഞ്ഞു വന്നത്…”
നളിനി ചോദിച്ചു
“അത്…നന്ദന് ഇവിടുത്തെ കുട്ടിയെ ഇഷ്ടമാണ് എന്ന് പറയുന്നു…അവനിപ്പോ ബാങ്ക് ടെസ്റ്റിന്റെ റാങ്ക്ലിസ്റ്റിൽ ഉണ്ട്…ഉടനെ തന്നെ അപ്പോയ്ന്റ്മെന്റ് ഉണ്ടാകും…അപ്പൊ നിങ്ങൾക്കെല്ലാവര്ക്കും സമ്മതമാണെങ്കിൽ ഈ ആലോചന ഒന്ന് പരിഗണിച്ചൂടെ…ഞങ്ങക്ക് ഇവനൊരുത്തനെ ഉള്ളു…ഇതിപ്പോ സമ്മതമെണേലും ഇല്ലേലും തുറന്ന് പറയണം…”
ശ്യാമ നളിനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…
ഇതുകേട്ട ശില്പയുടെ മുഖം സന്തോഷവും നാണവും കൊണ്ട് ചുവന്നു തുടുത്തു, അത് ശ്രദ്ധിച്ച നളിനി ഒന്ന് പുഞ്ചിരിച്ചു, കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു
“എനിക്കിതിൽ ഇഷ്ടക്കേടൊന്നുമില്ല, സാബുവേട്ടനേം ശ്യാമയേം നന്ദനേമൊന്നും ഞങ്ങക്കറിയാത്തതല്ലല്ലോ… പക്ഷേ രാജേട്ടനല്ലേ പറയേണ്ടത്… ഞാനിന്ന് രാജേട്ടൻ വരുമ്പോ പറയാം…”
നന്ദന്റെയും ശ്യാമയുടെയും മുഖം തെളിഞ്ഞു
“ഞാനാകെ പേടിച്ചിരിക്കയായിരുന്നു നിങ്ങൾ ഈ ആലോചന എങ്ങനെയെടുക്കുമെന്നോർത്ത്…”
ശ്യാമ ആശ്വാസത്തോടെ പറഞ്ഞു.
അപ്പോഴേക്കും ചായയുമായി വൃന്ദ അവിടേക്ക് വന്നു. അവൾ ചായ ടീപോയിൽ വച്ചിട്ട് തിരിഞ്ഞു.
“മോളേ…”
ശ്യാമ അവളെ വിളിച്ചു, വിളികേട്ട് തിരിഞ്ഞു നോക്കിയ വൃന്ദക്കരികിലേക്ക് ശ്യാമ ചെന്നു, അവളുടെ കൈകൾ കയ്യിലെക്കെടുത്തിട്ട് പതിയെ അവളുടെ കവിളിൽ തലോടി,
“ മോളെ… ഞങ്ങൾ നിന്നേ കാണാനാ വന്നത്… അമ്മയ്ക്ക് ഇഷ്ടായി മോളെ… അമ്മ വിചാരിച്ച പോലുള്ള ഒരു മരുമോളെ തന്നെ അമ്മയ്ക്ക് കിട്ടി… ഞാനും മോൾടെ അമ്മയും കുട്ടികാലം മുതൽക്കേ കൂട്ടുകാരായിരുന്നു… മോൾക്കിനി എന്നെ സ്വന്തം അമ്മയായി തന്നെ കാണാം… എനിക്കിഷ്ടമായി, മോൾക്കവിടെ ഒരു കുറവുമുണ്ടാകില്ല… ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം… ബാക്കിയൊക്കെ ഞങ്ങൾ തീരുമാനിച്ചു നടത്താം കേട്ടോ…”