“അത്…രാജേട്ടാ ആലോചന വന്നത് നമ്മുടെ മോൾക്കല്ല…”
രാജേന്ദ്രൻ ഒന്ന് ഞെട്ടി,
“പിന്നാർക്ക്…???”
അയാൾ അമ്പരപ്പോടെ ചോദിച്ചു
“അത്.. ഉണ്ണിക്കാ ആലോചന വന്നിരിക്കുന്നത്…അവിടുത്തെ കുട്ടി ഉണ്ണിയേക്കണ്ട് ഇഷ്ടപ്പെട്ട് ആലോചനയുമായി വന്നതാ…അതിന്റെ കാര്യം പറഞ്ഞാ നമ്മുടെ മോളും ആ പിള്ളേരും തമ്മിൽ വഴക്ക്കൂടിയത്”
രാജേന്ദ്രൻ വല്ലാത്ത ഭാവത്തോടെ നളിനിയെ നോക്കി,
“അതിനെന്തിനാ അവര് തമ്മിൽ വഴക്കുകൂടുന്നത്…?”
രാജേന്ദ്രൻ സംശയത്തോടെ ചോദിച്ചു.
“അത് ശില്പക്ക് ആ നന്ദനോട് ചെറിയ താൽപ്പര്യമുണ്ടെന്ന് തോന്നുന്നു…”
അതുകേട്ട് രാജേന്ദ്രൻന്റെ കണ്ണുകൾ തിളങ്ങി,
“എന്നവൾ നിന്നോട് പറഞ്ഞോ…?”
“എനിക്കങ്ങനെ തോന്നി….പക്ഷേ രാജേട്ടാ അവർക്കിഷ്ടം ഉണ്ണിയേ അല്ലേ അപ്പൊ അത് നടത്തികൊടുക്കുന്നതല്ലേ നല്ലത്, മാത്രോല്ല അതോടെ അവരെക്കൊണ്ടുള്ള ശല്യം തീരോല്ലോ…”
രാജേന്ദ്രൻ നളിനിയെ മിഴി കൂർപ്പിച്ചോന്ന് നോക്കി
“ആ ശല്യം ഞാനങ്ങു സഹിച്ചോളാം…, ഞാൻ വെറും മണ്ടനാണെന്ന് നെനക്ക് വല്ല തോന്നലുമുണ്ടെ അതങ്ങ് മാറ്റി വച്ചേക്ക്… ഇത്രേം നല്ലൊരാവസരം വന്നപ്പോ സ്വന്തം മോളുടെ സുഖോം സന്തോഷോം അല്ല പെങ്ങടെ മോളുടെ സന്തോഷമാണ് നിനക്ക് വലുത്…അങ്ങനെ വല്ല മോഹോം ഉണ്ടേൽ അതെല്ലാം മാറ്റി വച്ചേക്ക്, ഈ കാണുന്നതെല്ലാം ഒറ്റയടിക്ക് കൈവിട്ടുകളയാൻ ഞാൻ മണ്ടനൊന്നുമല്ല, ഇതെല്ലാം എന്റെ മോൾക്ക് മാത്രം അവകാശപെട്ടതാ, ഒരുത്തിക്കും ഞാനിത് കൊടുക്കില്ല, ഞാൻ പറയുന്നതനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ നിനക്കിവിടെ കഴിയാം അല്ലേ എന്നെ നിനക്കറിയാലോ….”
അവസാന വാചകം ഒരു ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു.
“രാജേട്ടാ, ഈ ചെയ്യുന്നതൊന്നും കാവിലമ്മ പൊറുക്കില്ല…ഇപ്പൊത്തന്നെ ഒരുപാട് പാപങ്ങൾ നിങ്ങള് ചെയ്തിട്ടുണ്ട്…ഇതിനെല്ലാം ഒരു തിരിച്ചടി ഉണ്ടാകും മറക്കണ്ട….”
“ഓ…. നീയെന്നെ ഭീഷണിപ്പെടുത്തുവാണോ…എന്നാ കേട്ടോ, ഈ രാജേന്ദ്രൻ ആഗ്രഹിച്ചിട്ടുള്ളതെല്ലാം നടത്തിയിട്ടുണ്ട്, ഞാനത് പറഞ്ഞു തരണ്ടലോ…അതുപോലെ ഈ സ്വത്തുക്കളും ഞാൻ നേടും ഇനി വേണ്ടിവന്നാൽ…”
അയാൾ കടുപ്പിച്ചു നോക്കിക്കൊണ്ട് നിർത്തി,
നളിനി പിന്നീടൊന്നും പറയാതെ തിരിഞ്ഞുകിടന്ന് കണ്ണുനീർഒപ്പി.
••❀••
‘നിലാവെളിച്ചത്തിൽ കൊടുംകാട്ടിലൂടെ ഒരു പെൺകുട്ടി കിതപ്പോടെ ഓടിക്കൊണ്ടിരുന്നു അവൾ എന്തോ മാറിലടക്കിപിടിച്ചിട്ടുണ്ട് ഒരിക്കലും വിട്ടുകളയില്ലായെന്നപോലെ, അവളുടെ മുട്ടിനൊപ്പം അഴിഞ്ഞുകിടക്കുന്ന മുടി ഓട്ടത്തിൽ ഉലയുന്നുണ്ട്,
അവൾക്ക് പിന്നാലെ കുറേ ചെന്നായകൾ അവളെ കടിച്ചുകീറാനെന്നവണ്ണം പിന്തുടരുന്നുണ്ടായിരുന്നു, അവൾ തളർച്ചയോടെ ഓടിക്കൊണ്ടിരുന്നു,