“ഉണ്ണിയേച്ചീടെ കണ്ണീ പൊടി പോയതാ…”
കണ്ണൻ വിഷമത്തോടെ അവളെ നോക്കി
“എന്റെ ഉണ്ണിയേച്ചി വിഷമിക്കണ്ട ഞാൻ വലുതാവട്ടെ നമുക്ക് ഇവിടന്ന് എങ്ങോട്ടേലും പോകാം…”
വൃന്ദ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു
••❀••
രാജേന്ദ്രൻ ടൗണിലേക്ക് പോകുന്നവഴി വക്കീലഫീസിൽ കയറി വക്കീലിന്റെ റൂമിന് മുന്നിലായി പേരെഴുതിയ ബോർഡ് വായിച്ചു
‘Adv. ഗോപൻ MA LLM’
ഡോർ തുറന്ന് അകത്തേക്ക് കയറി, എന്തോ വായിച്ചുകൊണ്ടിരുന്ന വക്കീൽ തലയുയർയത്തി നോക്കി
“വരണം രാജേന്ദ്രൻ…തന്നെ കിട്ടാൻ എത്ര അമ്പലത്തിൽ വഴിപാട് കഴിച്ചെന്നറിയോ…”
“ഞാനിന്നലെ വളരെ താമസിച്ചാണ് വന്നത് മൊബൈൽ സൈലന്റ് ആയിരുന്നു”
രാജേന്ദ്രൻ ഇരുന്നുകൊണ്ട് പറഞ്ഞു
“അത് പോട്ടെ… താനാ പണം കൊണ്ട് കൊടുത്തോ…”
“ഉവ്വ്… മുപ്പത് ലക്ഷമാ കൊണ്ട് കൊടുത്തത്”
“വേറാര്ക്കുമല്ലല്ലോ തനിക്ക് വേണ്ടിയല്ലേ…? “
രാജേന്ദ്രൻ ഒന്നും മിണ്ടിയില്ല
“ഇതൊന്നുമായില്ല, താൻ ഫിനാൻസ് എടുത്ത കമ്പനിക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്… ഒന്നും രണ്ടുമല്ല കോടികളാ തിരിച്ചു കൊടുക്കേണ്ടത്…”
“മ്, ഞാനറിഞ്ഞു.”
രാജേന്ദ്രൻ പറഞ്ഞു
“താനത് എത്രേം പെട്ടെന്ന് സെറ്റൽ ചെയ്യുന്നതാവും നല്ലത്, അത് ചില്ലറ കളിയല്ല അവന്മാരെപ്പറ്റി ഞാൻ പറയാതെതന്നെ തനിക്കറിയാലോ…?”
രാജേന്ദ്രൻ അറിയാമെന്നു തലയാട്ടി
“തറവാടും ഡയറി ഫാമും മില്ലുമാണ് വിലയുള്ളത്, അതാണെങ്കിൽ ആ പിള്ളേരുടെ പേരിലും… എത്ര കോടി രൂപയാ അതിന്റെ ലാഭ വിഹിതം ആ പിള്ളേർക്ക് കിട്ടുന്നത് എന്നറിയാമോ…??തന്റെ അമ്മാവനെ പറ്റിച്ച് സ്വത്ത് എഴുതിവാങ്ങിയപ്പോ അതുംകൂടി എഴുതി വാങ്ങിക്കൂടായിരുന്നോ…?”
“അത് രണ്ടും ആ തള്ളേടെ പേരിലല്ലായിരുന്നോ… അവർക്കായിരുന്നേ എന്നെ കണ്ണിന് നേരെ കണ്ടൂടായിരുന്നു… പതിയെ നളിനിയെക്കൊണ്ട് അത് എഴുതി വാങ്ങാം എന്ന് പറഞ്ഞിരുന്നപ്പോഴാ… കിളവനും കെളവിക്കും എളേ മോളോട് ഭയങ്കര സ്നേഹം… ഭാഗ്യത്തിന് ഒരാക്സിഡന്റിൽ അവള് തീർന്നു… പിന്നീട് ഞാംപോലുമറിയാതെ ആ തള്ള ആ പിള്ളേരുടെ പേരിലെഴുതിക്കൊടുത്തു… ആ തള്ളേടെ മരണത്തിന് ശേഷമാ ഞാനീക്കാര്യം അറിഞ്ഞത്, അതിന് മുൻപേ അവർ നളിനിയോട് പറഞ്ഞത് വീടും മില്ലും അവളുടെ പേരിടെഴുതിയെന്നാ… ഞാനാണേ അതും വിശ്വസിച്ചു, പിന്നീടാണ് ചതിക്കപ്പെട്ടത് ഞാന്നറിയുന്നേ..”
രാജേന്ദ്രൻ പറഞ്ഞു
“ആ ആക്‌സിഡന്റിൽ എനിക്ക് ചെല സംശയങ്ങളൊക്കെയുണ്ട് തനിക്കതിൽ ഒരു പങ്കുമില്ലല്ലോ…?”