നല്ല തടിച്ച രോമവൃതമായ ദേഹം ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടാവാം നല്ല ഉറച്ച പേശികൾ, രോമവൃതമായ ദേഹം, കട്ടിയുള്ള മീശ, കഷണ്ടി കേറിയ തല, എപ്പോഴും ചുവന്നുകിടക്കുന്ന കണ്ണുകൾ…ഒറ്റന്നോട്ടത്തിൽ ആരും ഭയക്കുന്ന രൂപം.
“രാജേട്ടാ… വക്കീൽ വിളിച്ചിരുന്നു, രാജേട്ടൻ കുളിച്ചു കഴിഞ്ഞു തിരിയെ വിളിക്കാന്നു പറഞ്ഞിട്ടുണ്ട്…”
നളിനി മുറിയിലേക്ക് വന്നിട്ട് പറഞ്ഞു,
“ആ…ഞാൻ വിളിച്ചോളാം നീ പോയി ബ്രേക്ഫാസ്റ് എടുത്ത് വയ്ക്ക്.”
രാജേന്ദ്രൻ വസ്ത്രം മാറുന്നതിനിടയിൽ പറഞ്ഞു,
നളിനി പുറത്തേക്ക് പോയി
രാജേന്ദ്രൻ ഫോൺ എടുത്തു ഡയൽ ചെയ്തു,
“ഹലോ…വക്കീലേ…എന്തായി കാര്യങ്ങൾ…”
“…….”
“ആണോ…. എങ്കിൽ ഞാനാവഴി വരാം…ഓക്കേ ശരി…”
രാജേന്ദ്രൻ ഫോൺ കട്ട് ചെയ്തു ഡൈനിംഗ് റൂമിലേക്ക് വന്നു.
വൃന്ദ ടേബിളിലേക്ക് ഭക്ഷണം കൊണ്ട് വയ്ച്ചു തിരിഞ്ഞു
“ഒന്നവിടെ നിന്നെ…”
രാജേന്ദ്രൻ ഗൗരവത്തിൽ വിളിച്ചു
വൃന്ദ പേടിയോടെ അയാളെ നോക്കി
“നീയെന്താടി കണ്ടവന്മാരെകൊണ്ട് ഭീക്ഷണിപ്പെടുത്താൻ തുടങ്ങിയോ…? അവനാരാടി നിന്റെ…തന്തയോ…?”
രാജേന്ദ്രൻ ദേഷ്യത്തോടെ അലറി
വൃന്ദ പേടിച്ചു പുറകിലേക്ക് പോയി
“എന്താ അച്ഛാ എന്താ കാര്യം…”
അവിടേക്ക് വന്ന ശില്പ ചോദിച്ചു.
“എവട തന്തേര ഒരു കൂട്ടുകാരനുണ്ടല്ലോ ആ കോളേജ് വാദ്യാര്, അവനിന്നലെ എന്നെ ഒരു വിരട്ടല്… എവളെ ഇനീം പഠിക്കാൻ വിട്ടില്ലേ കേസ് കൊടുത്ത് എന്നങ്ങു തൂക്കിക്കൊല്ലുമെന്നു…”
“ഇനീപ്പോ തമ്പുരാട്ടിക്ക് പഠിച്ച് പട്ടം വാങ്ങണമായിരിക്കും… പിന്നെ പഠിക്കാനാണെന്നും പറഞ്ഞു ഉടുത്തോരുങ്ങി രാവിലെ ഇറങ്ങാല്ലോ ഇവിടുന്ന്…”
ശില്പ അതുംപറഞ്ഞുകൊണ്ട് കസേരയിൽ ഇരുന്നു,
വൃന്ദ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
“ഞാനൊരു കാര്യം പറഞ്ഞേക്കാം, മര്യാദിക്കാണേ വല്ലോം കുടിച്ചോണ്ട് ഇവിടൊരു മൂലേ കെടക്കാം, അല്ലേ രണ്ടിനേം തല്ലിക്കൊന്ന് ഞാൻ കെട്ടിത്തൂക്കും എന്നോടാരും ചോദിക്കില്ല…”
രാജേന്ദ്രൻ അലറി കൊണ്ട് പറഞ്ഞു, വൃന്ദ അതുകേട്ട് ഞെട്ടി പിന്നോട്ട് മാറി ഭിത്തിയിൽ ചാരി.
“ആഹാരം കഴിക്കുന്നടുത്ത് നിന്ന് മോങ്ങാതെ കേറി പോടീ അകത്ത്…”
ശില്പ അവളോട് ദേഷ്യപ്പെട്ടു…
വൃന്ദ ഓടി അടുക്കളയിലേക്ക് പോയി.
അവൾ അടുക്കളയിൽ ചെല്ലുമ്പോ കണ്ണൻ അവിടേക്ക് വന്നു
“എന്താ ഉണ്ണിയേച്ചി കരയുന്നേ…?”
അവൾ കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചു