അവൾ പാവാടത്തുമ്പുകൊണ്ട് കണ്ണുതുടച്ച് അകത്തേക്ക് പോയി.
••❀••
രാവിലത്തെ ജോലികളെല്ലാം തീർത്തു വൃന്ദ കണ്ണന്റെ അടുത്തേക്ക് ചെന്നു, ഇപ്പോഴും ഉണർന്നിട്ടില്ല, അവൾ പതിയെ അവനെ തട്ടിവിളിച്ചു,
“എന്താ ഉണ്ണിയേച്ചി…ഞാൻ ഇച്ചിരിടെ ഒറങ്ങട്ടെ…”
കണ്ണൻ ഉറക്കച്ചടാവോടെ പറഞ്ഞു
“കണ്ണാ…ഇങ്ങോട്ടെഴുന്നേറ്റെ സമയം ഏഴുമണിയായി…”
വൃന്ദ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു
എഴുന്നേറ്റിരുന്ന കണ്ണൻ കണ്ണുതുറന്ന് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു പിന്നെ അവളെ ഇറുക്കെ കെട്ടിപിടിച്ചു
“ എന്ത് മണമാ എന്റെ ഉണ്ണിയേച്ചിക്ക്”
കണ്ണൻ അവൾക്ക് ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു
“രാവിലെ കൊഞ്ചാതെ പോയി പല്ലുതേച്ചു കുളിക്ക് ചെറുക്കാ”
“ഇനി കൊറേ നാളത്തേക്ക് സ്കൂളില്ലല്ലോ അപ്പൊ രാവിലെ കുളിക്കണോ…?”
“വേണം…ഇങ്ങനൊരു മടിയൻ…വലിയച്ഛനോ മറ്റോ കണ്ടോണ്ട് വന്നാ അറിയാലോ…”
വൃന്ദ അവനെ പുറത്തേക്ക് വിട്ടിട്ട് കട്ടിൽ കുടഞ്ഞു വിരിച്ചിട്ടു,
അടുക്കളക്കടുത്തുള്ള ഒരു കുഞ്ഞു മുറിയിലാണ് വൃന്ദയും കണ്ണനും താമസിക്കുന്നത്, പണ്ട് പാത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന മുറിയായിരുന്നു അത്…അവരുടെ മുത്തശ്ശി മരിച്ചപ്പോ അവരെ ഈ മുറിയിലേക്കാക്കി,
വൃന്ദ പ്രാതൽ ഡെയിനിങ് ടേബിളിൽ വച്ച് അടുക്കളയിലേക്ക് പോകുമ്പോ കണ്ണൻ കയ്യിൽ ബ്രഷും പിടിച്ചു ഡ്രൈവർ കാർ കഴുകുന്നതും നോക്കിയിരിപ്പുണ്ട്, അവനെന്തൊക്കെയോ ചോദിക്കുന്നുണ്ട്
“ഡാ…വേഗം പോയി പല്ലുതേയ്ക്ക്…”
അവിടേക്ക് വന്ന വൃന്ദ അവന്റെ തലയിൽ പതിയെ തട്ടിയിട്ട് പറഞ്ഞു…
“ആ പൊയ്ക്കോളാം…”
അവൻ അവിടെനിന്നും എഴുന്നേറ്റ് പോയി…
“ഡീ…ഉണ്ണി….”
അകത്തുനിന്നും ശില്പയുടെ വിളികേട്ട് വൃന്ദ ഒന്ന് ഞെട്ടി…
“മോള് ചെല്ല് അല്ലേൽ അത് ഈ വീടെടുത്തു തിരിച്ചു വയ്ക്കും…”
ഭാസ്കരൻ വൃന്ദയോട് പറഞ്ഞു.
വൃന്ദ ഓടിക്കിതച്ച് ഉമ്മറത്തേക്കെത്തി ശില്പ അവളെ ദേഷ്യത്തോടെ തുറിച്ചുനോക്കി നിൽക്കുന്നുണ്ടായിരുന്നു.
“എന്താടി…നീയെന്താ പൊട്ടിയാണോ, വിളിച്ചു വിളിച്ചു തൊണ്ട പൊട്ടി…”
“ഞാൻ കേട്ടില്ല ശിൽപ്പേച്ചി…”
വൃന്ദ പേടിയോടെ അവളെ നോക്കി,
“കേക്കില്ല… എങ്ങനെ കേക്കാൻ…കണ്ണിക്കണ്ടവന്മാരേം ആലോചിച്ചോണ്ടല്ലേ നടപ്പ് പിന്നെങ്ങനാ…”
വൃന്ദ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു
“എന്റെ റൂം കഴുകിതുടച്ചു വൃത്തിയാക്കി ഇട്ടേക്കണം…പിന്നെ കൊറേ തുണി കഴിവാനുണ്ട് അത് കഴുവി ഇട്ടേക്കണം, വാഷിംഗ് മിഷ്യനീ വേണ്ട വൃത്തിയാവില്ല അല്ലാതെ ചെയ്‌താൽ മതി…”
ശില്പ പറഞ്ഞതെല്ലാം വൃന്ദ തലകുലുക്കി സമ്മതിച്ചു.