തുളസിദളം [ശ്രീക്കുട്ടൻ]

Posted by

കറന്നുകഴിഞ്ഞു പാലുമായി വൃന്ദ അടുക്കളയിലെത്തി പ്രാതലെല്ലാം ഒരുക്കി, വീടിനകം തൂത്തുവൃത്ത്രിയാക്കി കഴിഞ്ഞപ്പോഴേക്കും ലത മുറ്റവും പരിസരങ്ങളും തൂത്തു വൃത്തിയാക്കി വന്നിരുന്നു,

വൃന്ദ അവർക്ക് നേരെ ചായക്കപ്പ് നീട്ടി, അവരത് പുഞ്ചിരിയോടെ വാങ്ങി

പിന്നീട് ഭാസ്കരാപിള്ളയ്ക്കുള്ള ചായയുമായി പുറത്തേക്ക് ചെന്നു

വീട്ടിലെ ഡ്രൈവറാണ് ഭാസ്കരപിള്ള, വർഷങ്ങളായി ദേവടത്തെ ഡ്രൈവറാണ്, ഇപ്പൊ രാജേന്ദ്രന്റെ ഡ്രൈവറാണ്…

“ഇന്നലെ വരാൻ താമസിച്ചോ ഭാസ്കരേട്ടാ…???”

വൃന്ദ ചായക്കപ്പ് നീട്ടിക്കൊണ്ട് അയാളോട് ചോദിച്ചു

“ഉവ്വ്…മോള് ഉറങ്ങിയില്ലായിരുന്നോ…അടുക്കളേൽ വെളിച്ചം കണ്ടു…”

“ഞാൻ കിടക്കാൻ പോകുമ്പോഴാ കാർ വന്ന ശബ്ദം കേട്ടത്…”

അയാൾ ഒരിറക്ക് ചായ കുടിച്ചുകൊണ്ട് പറഞ്ഞു

“കേട്ടോ മോളേ… മോളുടെ വലിയച്ഛൻ ഒരുപാട് പാപങ്ങൾ ചെയ്തുകൂട്ടുന്നുണ്ട്, കൂടെ ഉണ്ടല്ലോ രണ്ട് കൂട്ടുകാർ…ഇതൊന്നും ദൈവം പൊറുക്കില്ല മോളേ…ഗതികേട് കൊണ്ടാ ഇപ്പോഴും ഇവിടെ ഡ്രൈവറായി നിക്കുന്നെ…മോളറിഞ്ഞോ ആ തെക്കേവയലിലെ കുട്ടിയും അതിന്റെ തന്തേം തള്ളേം തൂങ്ങിച്ചത്തതിന്റെ കേസ് ഒതുക്കി തീർക്കാൻ പോയതാ ഇന്നലെ…”

വൃന്ദ ഒന്ന് ഞെട്ടി

“എന്റെ എളേ മോൾടെ പ്രായമേ ഉണ്ടായിരുന്നുള്ളു…ദേവടത്തെ ബാങ്കീന്ന് ആധാരം വച്ച് പണം വാങ്ങിയിരുന്നു… ആ മൂത്ത ചെറുക്കന്റെ പഠിത്തതിന്… നല്ലപോലെ ജീവിച്ചതാ, ആ കുട്ടീടെ അച്ഛൻ ലോറി ഡ്രൈവറായിരുന്നു ആക്‌സിഡന്റിൽ നട്ടെല്ലിന് പരിക്ക് പറ്റി…അതോടെ ആ കുട്ടിയും അതിന്റെ തള്ളയും ജോലിക്ക്പോയി കടം വീട്ടുകായിരുന്നു…കഴിഞ്ഞ മാസം ആധാരത്തിന്റെ കാര്യം പറഞ്ഞു ബാങ്കിൽ വിളിച്ചു വരുത്തി മോൾടെ വലിയച്ഛനും കൂട്ടുകാരും കൂടി…”

അയാളൊന്ന് നിർത്തി,

“അത് കഴിഞ്ഞ് ഒരാഴ്ച ആ കുട്ടി ആശൂത്രീലായിരുന്നു, പിന്നീട് ആ മൂത്ത മോൻ വന്ന്…പോലീസിൽ കേസ് കൊടുത്തതാ…അവിടേം അപമാനിച്ചു അവരെ…പിന്നീട് അപമാനം സഹിക്കാനാവാതെ പരാതി പിൻവലിച്ചു… പാവം കുട്ടിയായിരുന്നു…”

അയാളുടെ കണ്ണ് നിറഞ്ഞു

“പിന്നീട് ഭീക്ഷണിയായി, ആ വെഷമത്തിലാ അവരീ കടുംകൈ ചെയ്തത്… ആ മോൻ ചങ്ക് പൊട്ടി കരയുന്നത് കണ്ടാ സഹിക്കാൻ പറ്റില്ലായിരുന്നു… പോലീസും പട്ടാളോം എല്ലാം അവരുടെ കയ്യിലാണല്ലോ…ഇതൊന്നും ദൈവം പൊറുക്കൂല…ഈ കാര്യോമായി ഇന്നലെ രാത്രി മന്ത്രിയെക്കാണാൻ പോയിരുന്നു ഒരുപാട് പൈസയൊക്കെ കൊടുത്തിട്ടുണ്ട്…അതാ ഇന്നലെ താമസിച്ചത്…””

വൃന്ദ ഒന്ന് ഞട്ടി അയാളെ നോക്കി, പിന്നീട് എന്തോ ആലോചിച്ചു നിന്നു, കണ്ണിൽനിന്നും കണ്ണുനീർ പൊടിച്ചിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *