നളിനിയുടെ ഭർത്താവ് രാജേന്ദ്രക്കുറുപ്പ് മകൾ ശില്പ, അവരിപ്പോഴും തറവാട്ടിൽ തന്നെയാണ് കഴിയുന്നത്, വിശ്വനാഥൻ ചെറുപ്പത്തിലെപ്പോഴോ നാടുവിട്ട്പോയി ഇപ്പൊ ഒരു വിവരവും ഇല്ല, ഇളയവൾ മീനാക്ഷി കോളേജിൽ പഠിക്കുമ്പോ അവളുടെ സീനിയർ ആയിരുന്ന വേണുഗോപാലിനെ പ്രേമിച്ചുകല്യാണം കഴിച്ചു, വേണുവിന് കുടുംബമഹിമയില്ല എന്ന് പറഞ്ഞു ദേവടത്തുള്ള എല്ലാവരുംകൂടി മീനാക്ഷിയെ വീട്ടിൽനിന്നും പുറത്താക്കി, അവളുടെ മക്കളാണ് വൃന്ദയും കണ്ണനും,
മീനാക്ഷിയും വേണുവും വളരെ സന്തോഷമായിത്തന്നെ ജീവിച്ചു, വൃന്ദക്ക് എട്ട് വയസുള്ളപ്പോഴാണ് കണ്ണന്റെ ജനനം, കണ്ണന് മൂന്ന് വയസുകഴിഞ്ഞപ്പോ ഒരു ആക്‌സിഡന്റിൽ വേണുവും മീനാക്ഷിയും മരിച്ചു അന്ന് ഒപ്പമുണ്ടായിരുന്ന കണ്ണൻ അത്ഭുതകരമായി രക്ഷപെട്ടു, വേണുവിന് പറയത്തക്ക ബന്ധുക്കളാരും ഇല്ലായിരുന്നു അവരുടെ മരണത്തോടെ തനിച്ചായ വൃന്ദയെയും കണ്ണനെയും നാരായണ വർമയും സരോജിനിയും തറവാട്ടിലേക്ക് കൊണ്ടുവന്നു, മൂന്ന് വർഷം മുൻപ് നാരായണവർമയും അതുകഴിഞ്ഞു ആറുമാസം കഴിഞ്ഞ് സരോജിനിയും മരിച്ചു, അതോടെ വൃന്ദയുടെയും കണ്ണന്റെയും കഷ്ടകാലം തുടങ്ങി, അവരുണ്ടായിരുന്നപ്പോ നല്ല മര്യാദക്കാരായിരുന്ന രാജേന്ദ്രക്കുറുപ്പും മകളും പിന്നെ വൃന്ദയോടും കണ്ണനോടും ശത്രുത കാണിക്കാൻ തുടങ്ങി, പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്ന വൃന്ദയെ പിന്നെ പഠിക്കാൻ വീട്ടില്ല, അവളെ ആ വീട്ടിലെ വേലക്കാരിയായി നിർത്തി തുടർന്ന് പഠിക്കാൻ കഴിയാത്തതിൽ വൃന്ദക്ക് നല്ല വിഷമമുണ്ടായിരുന്നു,
••❀••
അടുക്കളയിൽ തിരികെയെത്തിയപ്പോഴേക്കും അടുക്കളപണിക്ക് നിൽക്കുന്ന ലത എത്തിയിരുന്നു, ദേവടം തറവാടിനടുത്ത് ചായക്കട നടത്തുന്ന കേശുനായരുടെ ഭാര്യയാണ് ലത,
“ചേച്ചി എത്തിയോ…?”
വൃന്ദ ലതയോട് ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു
ലത അവളെ നോക്കി പുഞ്ചിരിച്ചു
“മോള് തൊഴുത്തിലേക്ക് ചെന്ന് പാലെടുത്തിട്ട് വാ…മുരുകൻ പാല് കറക്കാൻ പോയിട്ടുണ്ട്, മോളില്ലെങ്കിൽ നന്ദിനി കറക്കാൻ നിന്നുതരില്ല…”
വൃന്ദ പാവാട തുമ്പ് ഉയർത്തി അരയിൽ കുത്തി തൊഴുത്തിലേക്ക് പോയി….
വൃന്ദ തൊഴുത്തിലെത്തി മുരുകൻ അവിടൊണ്ട്.
“മോള് വന്തോ…നന്ദിനിയെ ഒന്നടക്കി നിർത്ത് നാൻ പെട്ടെന്ന് കറക്കാം…”
മുരുകൻ ചിരിച്ചുകൊണ്ട് പറഞ്ഞു,
വർഷങ്ങളായി തറവാട്ടിൽ പശുവിനെ കറക്കാൻ വരുന്നത് മുരുകനാണ്, വൃന്ദയുടെ പ്രായത്തിൽ ഒരു മോള് മുരുകനുണ്ട് അതുകൊണ്ട് വൃന്ദയോട് മുരുകന് വലിയ കാര്യമാണ്
വൃന്ദ പശുവിന്റെ അടുത്തേക്ക് ചെന്നു പതിയെ തലോടി നന്ദിനി അരുമയോടെ വൃന്ദയെ ചേർന്ന് നിന്നു, മുത്തശ്ശിയുള്ളപ്പോഴാണ് നന്ദിനിയെ പ്രസവിക്കുന്നത് അന്ന് മുതലേ വൃന്ദയുടെ അരുമയാണ് നന്ദിനി, നന്ദിനിയുടെ കുട്ടിയാണ് കണ്മണി, പാൽ കട്ടുകുടിക്കുന്നതുകൊണ്ട് അവളെ മാറ്റി നിർത്തിയിരിക്കുകയാണ്, പാല് കറക്കുമ്പോൾ കുട്ടിയെ അഴിച്ചു പശുവിനടുത്തായി കെട്ടിയിടും പശുക്കിടാവ് അടുത്തുള്ളപ്പോൾ പശു നന്നായി ചുരത്തും.