വൃന്ദ അതുകേട്ട് ഒന്ന് ചിരിച്ചു..
“എനിക്കിതൊക്കെ ശീലായി…നീ വച്ചോ ഞാൻ കുളിച്ചു വെളക്ക് വയ്ക്കട്ടെ…”
കിച്ച ഒന്ന് മൂളിയിട്ട് ഫോൺ കട്ട് ചെയ്തു.
വൃന്ദ തന്റെ കൈകൾ വിടർത്തി കണ്ണടച്ചു
“കരാഗ്രവസതെ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലെ സ്ഥിത ഗൗരി മംഗളം കര ദർശനം…”
അവൾ പ്രാർത്ഥിച്ചു കണ്ണ് തുറന്നു
തന്റടുത്തുകിടന്നുറങ്ങുന്ന കണ്ണനെ നോക്കി പുതപ്പ് ഒന്നൂടെ പുതപ്പിച്ചു…
“സമുദ്രവസനെ ദേവി പർവതസ്ഥന മണ്ഡലെ വിഷ്ണുപത്നി നമസ്തുഭ്യം പദസ്പർശം ക്ഷാമസ്വമേ.. വിഷ്ണുപത്നീ സമുത്ഭൂതെ… ശംഘവർണെച്ച നേദിനി… അനേകരത്ന സംഭൂതെ… ഭൂമിദേവി നമസ്തുതേ…”
വൃന്ദ നിലത്തു തൊട്ട് തൊഴുത് എഴുന്നേറ്റു
കുളിച്ചു വിളക്ക്കൊളുത്തി കെടാവിളക്കിൽ എണ്ണ പകർന്നു കണ്ണടച്ച് പ്രാർത്ഥിച്ചു, എല്ലാ ദിവസവുമുള്ള ശീലമാണ് മുത്തശ്ശിയുണ്ടായിരുന്നപ്പോ മുതലുള്ള ശീലം, പുലർച്ചെ എഴുന്നേറ്റ് കുളിച്ചു പൂജാമുറിയിൽ വിളക്ക് കൊളുത്തി ഭഗവതിയെ തൊഴുന്നത്, അതിന്ശേഷം കെടാവിളക്കിൽ എണ്ണയൊഴിച്ച ശേഷമേ മറ്റുള്ള ജോലികൾ ചെയ്യുള്ളു… വർഷങ്ങളായി കെടാതെ കത്തുന്ന വിളക്കാണ് ദേവടം തറവാട്ടിൽ എന്നാണ് പറയപ്പെടുന്നത്…
“അമ്മേ രക്ഷിക്കണേ, ഞങ്ങളുടെ കഷ്ടപ്പാടെല്ലാം മാറ്റിത്തരണേ…എന്റെ കണ്ണന് നല്ലത് വരുത്തണേ….”
വൃന്ദ കണ്ണടച്ച് പ്രാർത്ഥിച്ചു…
പ്രാർത്ഥിച്ചുകഴിഞ്ഞ് തട്ടിൽനിന്നും ഒരുന്നുള്ള് ഭസ്മം മോതിരവിരലുകൊണ്ട് നെറ്റിയിൽ തൊട്ടു, അതിന് ശേഷം സുഖമായുറങ്ങുന്ന കുഞ്ഞനുജനെ പുഞ്ചിരിയോടെ നോക്കി, അടുത്തുവന്ന് പതിയെ തലോടി, അവൻ ഒന്നനങ്ങി,
“ഉണ്ണിയേച്ചി….”
അവൻ ഉറക്കത്തിൽ വിളിച്ചു
“മ്…”
വൃന്ദ പതിയെ വിളികേട്ടു, പിന്നീടെന്തോ അവ്യക്തമായി പറഞ്ഞിട്ട് സുഖമായുറങ്ങി
“ഉണ്ണിയേച്ചിടെ പൊന്നുമോനുറങ്ങിക്കോ….”
വൃന്ദ അവനെ നന്നായി പുതപ്പിച്ചുകൊണ്ട് പറഞ്ഞു
ദേവി നേരിട്ടനുഗ്രഹിച്ചിട്ടുള്ള തറവാടാണ് ദേവടം…പരാശക്തിയായ ദേവി തറവാട് കാവിൽ കുടികൊള്ളുന്നു…വർഷങ്ങൾക്ക് മുൻപേ മഹാരാജാവിന്റെ ധീരന്മാരായ പടത്തലവന്മാരായിരുന്നു ഈ തറവാട്ടിൽ ഉണ്ടായിരുന്നത്…പരമ ദേവി ഭക്തന്മാരായിരുന്നു തറവാട്ടു കാരണവന്മാർ, വലിയൊരു കൂട്ടുകുടുംബമായിരുന്നു, ഇപ്പൊ എല്ലാവരും ജോലിയും തിരക്കുകളുമായി വിദേശങ്ങളിലും മറ്റുമാണ്…ഭാഗത്തിൽ തറവാട് കിട്ടിയത് നാരായണക്കുറുപ്പിനാണ് അയാൾ തന്റെ സ്വപ്രയത്നം കൊണ്ട് കുറേ ബിസിനസുകളൊക്കെ തുടങ്ങി വിജയിപ്പിച്ചു…നാരായണക്കുറുപ്പിന്റെ ഭാര്യ സരോജിനി, അവർ ഭർത്താവിന്റെ ഓരോ വിജയത്തിലും ഒപ്പമുണ്ടായിരുന്നു, അവർക്ക് മൂന്ന് മക്കൾ മൂത്തവൻ വിശ്വനാഥൻ, രണ്ടാമത് നളിനി, ഇളയവൾ മീനാക്ഷി.