അവൾ പതിയെ മുഖമുയർത്തി ആ മുഖത്തേക്ക് നോക്കി ആ നീലക്കണ്ണുകൾ മാത്രമേ അവൾക്ക് കാണാൻ സാധിച്ചുള്ളൂ അപ്പോഴേക്കും അവൾ കുഴഞ്ഞു വീണിരുന്നു…
വൃന്ദ ഞെട്ടിയുണർന്ന് കിതച്ചു, പിന്നീടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
‘ഇതിപ്പോ ആദ്യമായല്ല ഈ സ്വപ്നം കാണുന്നത്…’
അവൾ ചിന്തിച്ചു…
‘കിച്ചയെ വിളിച്ചുപറഞ്ഞാലോ…’
അവളാലോചിച്ചു.
അവൾ തലയിണയുടെ കീഴിൽനിന്നും ഒളുപ്പിച്ചുവച്ച ഒരു ചെറിയ മൊബൈൽ കയ്യിലെടുത്തു, കിച്ചയുടെ നമ്പർ ഡയൽ ചെയ്തു,
വൃന്ദയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് കൃഷ്ണ എന്ന കിച്ച, വൃന്ദയുടെ പപ്പയുടെ ആത്മാർത്ഥ സുഹൃത്തിന്റെ മകൾ, അവൾക്ക് കിച്ച കൂട്ടുകാരി മാത്രമല്ല ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു, കിച്ചക്കും അതെ…വൃന്ദയും കണ്ണനും അവളുടെ കൂടപ്പിറപ്പ് തന്നെയായിരുന്നു…
ഫോണിൽ ബെല്ലടിച്ചുതീരാറായപ്പോ കിച്ച അറ്റൻഡ് ചെയ്തു…
“എന്താടി വെളുപ്പങ്കാലത്തെ…. മനുഷ്യനെ ഒറങ്ങാൻ സമ്മയിക്കൂലേ…?”
കിച്ച ഉറക്കച്ചടവോടെ ചോദിച്ചു
“കിച്ചേ…ഡി.. ഞാനിന്നും ആ സ്വപ്നം കണ്ടെടി…”
വൃന്ദ ആവേശത്തോടെ പറഞ്ഞു,
“ആഹാ…ഇന്നും പൂച്ചക്കണ്ണും പച്ചകുത്തീതും മാത്രേ കണ്ടുള്ളോ അതെ അയാളുടെ മുഖോം കണ്ടോ…”
അവൾ കളിയാക്കി ചോദിച്ചു.
“മുഖം കണ്ടില്ല…”
“അപ്പൊ മുഖം കാണുമ്പോ വിളിക്ക്…ഇപ്പൊ ഫോൺ വയ്…മനുഷ്യന്റെ ഉറക്കം കളയാൻ…”
“നിന്നോട് വിളിച്ചുപറഞ്ഞ എന്നെപറഞ്ഞാ മതിയല്ലോ… നീ നോക്കിക്കോ ഒരിക്കൽ അയാൾ എന്നെത്തേടിവരും… എന്റെ സ്വപ്നത്തിലെ രാജകുമാരൻ… അന്ന് നീ വിശ്വസിച്ചാ മതി…”
“ഹാ… ഇങ്ങനെമുണ്ടോ പെൺപ്പിള്ളേര് സ്വപ്നത്തിലെ രാജകുമാരനെ പ്രേമിക്കാൻ നടക്കുന്നു… നിനെക്ക് വട്ടാ…”
കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു
“ആ… അതേ വട്ടാ… ഈ വൃന്ദയ്ക്ക് വേണ്ടി കാവിലമ്മ കൊണ്ടൊരുന്നതാ എന്റെ മാത്രം രാജകുമാരൻ… ഈ വൃന്ദക്കായി മാത്രം ജനിച്ചവൻ, കഴിഞ്ഞജന്മങ്ങളിലും വരും ജന്മങ്ങളിലും വൃന്ദക്കുവേണ്ടി മാത്രം പിറക്കുന്നവൻ… ജാതകദോഷങ്ങളെല്ലാം തോൽപ്പിച്ചു എനിക്കുള്ളതെല്ലാം സമർപ്പിച്ച് അലിഞ്ഞുചേരുവാനുള്ളവൻ…”
വൃന്ദ ഒരീണത്തോടെ പറഞ്ഞു
“പ്രാന്തുണ്ടോ പെണ്ണേ നിനക്ക്… ഇതൊക്കെ വെറും സ്വപ്നമായി കാണാതെ…”
“ആ… എനിക്ക് പ്രാന്താ… നീ നോക്കിക്കോ ഒരിക്കൽ എന്നെത്തേടിവരും….
നീ വച്ചേ സമയം പോയി…”
വൃന്ദ ദൃതിയോടെ പറഞ്ഞു.
“ആ…അത് ശരിയാ സമയം കളയണ്ട അവിടുള്ള പിശാചുകൾക്ക് കടിച്ചു കീറാൻ ചെന്ന് നിന്നുകൊട്…നീ നന്നാവുല…നിന്നോട് എത്രയായി പറയുന്നു…അവിടുന്ന് കണ്ണനേം കൂട്ടി ഇവിടെവന്നു നിൽക്കാൻ…അപ്പൊ കൊറേ സെന്റിമെൻസ്…”