അവിടേക്ക് വന്ന ലത പറഞ്ഞു, വൃന്ദ ഒന്നും മിണ്ടാതെ ബേക്കറ്റുമെടുത്തു കിണറ്റിൻകരയിലേക്ക് നടന്നു…
“എങ്ങനെ ജീവിക്കേണ്ട കുട്ടിയാ…ഒരു രാജകുമാരിയേപ്പോലെ…”
ലത വിഷമത്തോടെ പറഞ്ഞു
അതുകേട്ട് കണ്ണൻ വൃന്ദയെ നോക്കി
വൃന്ദ കാർ കഴുകുമ്പോൾ കണ്ണനും അവളുടെ അടുത്തെത്തി ഒരു തുണി വെള്ളത്തിൽ മുക്കി കാർ കഴുകാൻ തുടങ്ങി
“കണ്ണാ…വെള്ളത്തിക്കളിക്കാതെ മാറിപ്പോ…”
വൃന്ദ അവനെ ശകാരിച്ചു
“സാരല്ലാ ഉണ്ണിയേച്ചി ഞാനൂടെ സഹായിക്കാം…”
“വേണ്ട മേല് അഴുക്കാവും… മാറിപ്പോ…”
“സാരോല്ല…എന്റെ ഉണ്ണിയേച്ചിയെ സഹായിക്കാൻ ഞാമാത്രല്ലേ ഉള്ളു…”
കണ്ണൻ വൃന്ദയോട് പറഞ്ഞു,
വൃന്ദ അവനെ സ്നേഹത്തോടെ നോക്കിയിട്ട് അവനെ തലോടി, പിന്നീട് അവളൊന്നും മിണ്ടീല…
••❀••
കാർ കഴുകിക്കഴിഞ്ഞ് രണ്ടുപേരും കുളിച്ചു സന്ധ്യക്ക് കാവിൽ വിളക്ക് വയ്ക്കാനായി ഇറങ്ങി, വൃന്ദ തറവാട്ടിൽ എത്തിയത് മുതൽ മുത്തശ്ശിയുടെ കൂടെ കാവിൽ വിളക്ക് വയ്ക്കുന്നത് അവളാണ്, മുത്തശ്ശിയുടെ മരണശേഷം വൃന്ദയും കണ്ണനും അത് ചെയ്യുന്നു.
വലിയൊരു എട്ടുകെട്ടാണ് ദേവടം, പത്തേക്കറിലാണ്, അതിനുള്ളിൽത്തന്നെ കളപ്പുരയും കുളവും എല്ലാം…പണ്ട് കാലത്തെ ഐശ്വര്യത്തിന്റെയും സമൃധിയുടെയും പ്രതീകമ്പോലെ തലയുയർത്തി നിൽക്കുന്നു., ഒരുകാലത്തു ഈ കൺകണ്ട നാട് മുഴുവൻ ദേവടത്തിന് സ്വന്തമായിരുന്നു, പിന്നീട് കാരണവന്മാർ എല്ലാർക്കും ഭൂമി ദാനം ചെയ്തു, എന്നാലും ഈ നാടിന്റെ സിംഹഭാഗവും ദേവടത്തിന് സ്വന്തമാണ്,
തറവാട്ടിന്റെ കിഴക്കെയറ്റത്താണ് കാവ്… തറവാട്ടിലെ കൂറ്റൻ മതിലിന്റെ പുറത്തയാണ് കാവ്…ദേവപ്രശ്നത്തിൽ കാവിന് ചുറ്റുമതിൽ കെട്ടാനോ ക്ഷേത്രം പണിയാനോ പാടില്ലാന്ന് കണ്ടതോടെ നൂറ്റാണ്ടുകളായി അവിടെ കാവായി തന്നെ നിലകൊള്ളുന്നു.
കണ്ണനും വൃന്ദയും ഗേറ്റ് കടന്ന് മുന്നിലെ ടാറിട്ട റോഡിലൂടെ കാവിലേക്ക് നടന്നു…ഇടയ്ക്ക് കണ്ണൻ നാവൊട്ടിച്ചു ശബ്ദം ഉണ്ടാക്കി കുറച്ചു കഴിഞ്ഞപ്പോ ഒരു നായ ഓടി അവരുടെ അടുത്തെത്തി ചെവി പുറകിലോട്ട് ഒട്ടിച്ചു വാലാട്ടി രണ്ടുപേരോടും സ്നേഹം കാണിച്ചു നിന്നു, കണ്ണൻ പോക്കറ്റിൽ നിന്ന് രണ്ട് ഉണ്ണിയപ്പം എടുത്ത് അതിന് കൊടുത്തു.
“ഇന്നാടാ കുട്ടൂസാ തിന്നോടാ…”
ഉണ്ണിയപ്പം അതിന്റെ വായിലേക്ക് വച്ചുകൊടുത്തു, കഴിഞ്ഞ വർഷം കാവിലേക്ക് പോകുമ്പോ ആരോ ഉപേക്ഷിച്ചപോലെ കണ്ടതാണ് ആ നായ്ക്കുട്ടിയെ, അന്ന് അവരുടെ കൂടെ നടന്നപ്പോ കണ്ണൻ അതിനെ ദേവടത്തു കൊണ്ട് വന്നു, അന്ന് രാജേന്ദ്രൻ സമ്മതിക്കാത്തത് കൊണ്ട് അതിനെ തിരികെ കൊണ്ട് പോയി വിടേണ്ടി വന്നു, അതിന് ശേഷം എന്നും കാവിൽ പോകുമ്പോ കണ്ണൻ കുട്ടുസന് എന്തേലും കരുതിയിരിക്കും., അവരോടൊപ്പം കാവ് വരെയും തിരിച്ചും കൂടെ കുട്ടൂസനുമുണ്ടാകും… ദേവടത്തെ പടിപ്പുരയിൽ തറയിൽ തന്നെയാണ് രാത്രി അവന്റെ കിടപ്പും