തുളസിദളം [ശ്രീക്കുട്ടൻ]

Posted by

“പിന്നല്ലാതെ…”

വേണു ചിരിച്ചുകൊണ്ട് പറഞ്ഞു

“അപ്പൊ അമ്മേടെ ഉണ്ണിമോള് അമ്മേരടുത്തു വരില്ലേ…?”

മീനാക്ഷി ചിരിച്ചുകൊണ്ട് വൃന്ദയുടെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു.

വൃന്ദ കുറച്ചുനേരം ആലോചിച്ചു പിന്നീട് മീനാക്ഷിയെയും വേണുവിനെയും ചേർത്ത് കെട്ടിപ്പിടിച്ചു.

“എടി ഭയങ്കരി…”

മീനാക്ഷി അവളെ ഉമ്മവച്ചുകൊണ്ട് വിളിച്ചു.

ആ നിമിഷങ്ങൾ ആലോചിച്ചിരുന്ന വൃന്ദയുടെ കണ്ണുനീർ ഒഴുകി പത്രത്തിലേക്ക് വീണു

“ഏതവനെയാടി ആലോചിച്ചോണ്ടിരിക്കുന്നെ”

പുറകിൽ ശില്പയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റ് കണ്ണ് തുടച്ചു.

“നെനക്ക് ഏത് നേരോം ഈ പൂങ്കണ്ണീർ ആണല്ലോ……ഇതൊന്നുമല്ല നീ കരയാൻ കെടക്കുന്നേയുള്ളു… അതുപോട്ടെ, പെട്ടെന്ന് എന്റെ കാർ കഴുകിയിടണം എനിക്ക് ടൌൺ വരെ പോകണം…”

“ആ കുഞ്ഞു കഴിച്ചോട്ടെ ശില്പക്കുഞ്ഞെ അതിവിടത്തെ ജോലിയെല്ലാം തീർത്ത് ഇപ്പൊ കഴിക്കാനിരുന്നതേയുള്ളു…കാർ ഞാൻ കഴുകിക്കൊള്ളാം…”

അവിടേക്ക് വന്ന ലത പറഞ്ഞു.

“നിങ്ങൾ നിങ്ങടെ ജോലി മാത്രം നോക്കിയാ മതി, കേട്ടല്ലോ…എടി പറഞ്ഞത് ചെയ്യ് പെട്ടെന്ന്…”

“ആ കുഞ്ഞ് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല ശില്പക്കുഞ്ഞെ…”

“കൂടുതൽ കഴിക്കണ്ട…കഴിച്ചാൽ എല്ലിനെടേ കേറും…”

ശില്പ പറഞ്ഞിട്ട് വൃന്ദയുടെ കയ്യിൽനിന്നും പത്രം പിടിച്ചുവാങ്ങി കിച്ചൻ സിങ്കിലേക്കിട്ടു.

“അയ്യോ…എന്താ കുഞ്ഞേ ഈ കാണിക്കുന്നേ…ദൈവകോപം ഉണ്ടാകും കേട്ടോ…”

ലത ശില്പയോട് പറഞ്ഞു

“ആ, ഉണ്ടായിക്കോട്ടെ നിങ്ങക്ക് നഷ്ടമൊന്നുമില്ലല്ലോ…ദൈവം ചോദിക്കുമ്പോ ഞാൻ പറഞ്ഞോളാം…നിങ്ങൾ വേണ്ടാത്ത കാര്യത്തി തലയിടണ്ട….”

അവൾ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

“മോള് കഴിച്ചോ…കാർ ലതച്ചേച്ചി കഴുകിക്കോളാം…”

വൃന്ദയെ തലോടിക്കൊണ്ട് ലത പറഞ്ഞു.

“വേണ്ട ലതേച്ചി എനിക്കിതൊക്കെ ശീലമല്ലേ… എന്റെ വിശപ്പ് കേട്ടു…കാർ ഞാൻ കഴുകിക്കൊള്ളാം…”

വൃന്ദ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി,

അപ്പോഴേക്കും കണ്ണൻ എവിടെനിന്നോ ഓടിക്കിത്തച്ചെത്തി

“എന്താ…പ്രശ്നം…?”

അവൻ ലതയോട് ചോദിച്ചു

“ഇവിടെ പ്രശ്നമൊന്നുമില്ല…മോൻ കഴിച്ചോ..? ഇല്ലേ ചേച്ചി ചോറ് വിളമ്പിത്തരാം…”

ലത അവന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു

“വേണ്ട ചേച്ചി ഞാൻ കഴിച്ചു.”

അവൻ വൃന്ദയുടെ പിന്നാലെ പോയി.

വൃന്ദ കാർ കഴുകാനായി പൈപ്പിൽ വെള്ളം തുറന്ന് കാറിലേക്ക് ചീറ്റിച്ചു, അപ്പോഴേക്കും വെള്ളം തീർന്നു, വൃന്ദ പൈപ്പ് ഒന്നുകൂടി പരിശോധിച്ചു,

“പൈപ്പിൽ നോക്കണ്ട മോളേ, ആ തലതെറിച്ച പെണ്ണ് വെള്ളം ഓഫ്‌ ചെയ്തതാ…”

Leave a Reply

Your email address will not be published. Required fields are marked *