“മ്…രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി…”
••❀••
വൃന്ദ വീട്ടു ജോലിയെല്ലാം ഒതുക്കി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോ മൂന്ന് മണിയായി, പത്രത്തിൽ ചോറും കറികളും എടുത്ത് അടുക്കളത്തിണ്ണയിൽ വന്നിരിന്നു, അവളുടെ വീടിനടുത്തെ ചായ്‌പ്പിൽ മൂടി വച്ചിരിക്കുന്ന അവളുടെ അച്ഛന്റെ ബൈക്കിലേക്ക് നോക്കി, അവളുടെ കണ്ണിൽ നീർത്തുള്ളി പൊഴിഞ്ഞിറങ്ങി, വേണു ഇടക്ക് കളി പറയുമായിരുന്നു എനിക്ക് എന്റെ ഉണ്ണിമോളെപ്പോലെതന്നെയാ എനിക്ക് ഈ വണ്ടിയും…കുറേ നാൾ കഴിയുമ്പോ എന്റെ മോൻ വലുതാകുമ്പോൾ ഇത് ഞാനവന് കൊടുക്കും, അവന് വേണ്ടെങ്കിൽ ഉണ്ണിമോളേ കെട്ടുന്നവന് സ്ത്രീധാനമായി കൊടുക്കുമെന്ന്… വൃന്ദയുടെ ഓർമ്മകൾ കുറച്ചുവർഷം പിന്നോട്ട് പോയി,
ഗർഭിണിയായ മീനാക്ഷിയുടെ മടിയിൽ തലവച്ചു കിടക്കുന്ന വേണു,
“ദേ വേണുവേട്ടാ…ഇവിടെ വയറ്റിൽ ഒരാൾ രണ്ട് ദിവസമായിട്ട് കുത്തും തൊഴിയും ഒക്കെ കൂടുതലാട്ടോ…”
അതുകേട്ട് വേണുവൊന്ന് ചിരിച്ചു…
“നമ്മുടെമോൻ വയറ്റിൽകിടന്ന് ഇപ്പോഴേ പ്രാക്ടീസ് തുടങ്ങി, അതാ….അവനൂടെ വന്നിട്ട് വേണം തന്റെ തറവാട്ടിൽ ചെന്ന് തന്റെ അച്ഛനോട് രണ്ട് വർത്തമാനം പറയാൻ….കണ്ടോടോ മൂപ്പീന്നെ എന്റെ മീനാക്ഷി ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് എന്ന്… പറ്റൂങ്കി അങ്ങേർക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം…”
“അയ്യടാ…. നല്ല ആഗ്രഹം…എന്റെ അച്ഛന് കളരിയൊക്കെ അറിയാം….”
മീനാക്ഷി വേണുവിന്റെ മൂക്കിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
“പപ്പേ….”
നോക്കുമ്പോ കുഞ്ഞു വൃന്ദ അവരുടെ അടുത്തേക്ക് വന്നു.
“ആഹാ…പപ്പേടെ ഉണ്ണികുട്ടനിങ്ങു വന്നേ…”
വേണു രണ്ട് കയ്യും ഉയർത്തി അവളെ അടുത്തേക്ക് വിളിച്ചു.
വൃന്ദ ഓടി വേണുവിനെ കെട്ടിപ്പിടിച്ചു
“ഉണ്ണികുട്ടനെവിടാ പോയെ…?”
വേണു ചോദിച്ചു
“ഞാം കിച്ചേട വീട്ടിപ്പോയി…രാവിലെ കിച്ചേ അവിടുത്തമ്മേം വന്നപ്പോ പോയതാ…”
വൃന്ദ കൊഞ്ചിക്കൊണ്ട് പറഞ്ഞു
“ആണോ…”
വേണു ചോദിച്ചുകൊണ്ട് അവളുടെ കവിളിൽ പതിയെ കടിച്ചു.
വൃന്ദ കുണുങ്ങിചിരിച്ചു
“പെണ്ണിനെ കൊഞ്ചിച്ചോ… വന്നു വന്നു ഒരനുസരണയേം ഇല്ലാതായിട്ടുണ്ട്…”
മീനാക്ഷി വൃന്ദയെ നോക്കിക്കൊണ്ട് പറഞ്ഞു, അത് കണ്ട് വൃന്ദ ഉണ്ടക്കണ്ണ് ഉരുട്ടി ചുണ്ട് കൂർപ്പിച്ചു,
“അമ്മയ്ക്ക് അസൂയയാ, പപ്പ മോളേ സ്നേഹിക്കുന്നത് കണ്ടിട്ട്.”
വേണു പറഞ്ഞിട്ട് വൃന്ദയെ ഒന്നൂടെ ചേർത്ത്പിടിച്ചു.
“കുഞ്ഞാവ വരട്ടെ അമ്മേനെ ശരിയാക്കും…അല്ലേ പപ്പേ…”
വൃന്ദ മീനാക്ഷിയെ നോക്കിക്കൊണ്ട് വേണുവിനോട് പറഞ്ഞു