ഞാനുമവളെ നോക്കിയൊന്ന് ചിരിച്ചു. അതോടെ അവൾ ഡോറും തുറന്ന് പുറത്തോട്ടിറങ്ങി.
അവളെക്കണ്ട് പിള്ളേരുടെ മുഖം വിടർന്നേലും ആരുമാവളെ മൈൻഡ് ചെയ്യാഞ്ഞത് കണ്ടെനിക്ക് ചിരിവന്നു. സംഭവമവള് പറഞ്ഞപോലെ പിണങ്ങിയിരിക്കണേ ആണ്.
അത് കണ്ട് താടക ഒരു ചിരിയോടെ തന്നെ പിൻസീറ്റിൽ വച്ചിരുന്ന കവറെടുത്ത് അവർക്കടുത്തേക്ക് നടന്നു. കാറിൽ നിന്നിറങ്ങി ഞാൻ അതും നോക്കി അവിടെ തന്നെ നിന്നു.
“” എന്താണ് പിള്ളേരെ ഭയങ്കര ഗൗരവത്തിലാണല്ലോ…! “”
താടക ചിരിയോടെ ചോദിച്ചുകൊണ്ട് കെട്ടിടത്തിന്റെ നീളൻ പടവുകളിലായി ഇരുന്ന പിള്ളേർ സെറ്റിന് മുന്നിൽ മുട്ട് കുത്തിയിരുന്നു.
“” ഹും… “”
പിള്ളേര് മുഖം തിരിച്ചു.
“” അച്ചോടാ…! പിണങ്ങിയിരിക്കുവാണോ… എങ്കിലത് പറയണ്ടേ…! എങ്കിപ്പിന്നെ കൊണ്ടുവന്ന ചോക്കലേറ്റ് ഒക്കെ വേറെ ആർക്കേലും കൊടുത്തേക്കാം… “”
താടകയൊരു കൊഞ്ചലോടെ പറഞ്ഞിട്ടവരെ നോക്കി. ഇതോക്കേ ഞാനൊരു കൗതുകത്തോടെ നോക്കിനിന്നു. അവളൊരു കൊച്ചുകുട്ടിയായപോലാണ് അവരോട് കൊഞ്ചുന്നത്.
ചോക്കലേറ്റ് എന്ന് കേട്ടപ്പോൾ പിള്ളേർക്ക് മിണ്ടണോ വേണ്ടയോ എന്ന കൺഫ്യൂഷനായി. ആ കൺഫ്യൂഷൻ അവള് മുതലെടുക്കേം ചെയ്തു.
“” പാവല്ലേ അഭിയേച്ചി….!! “”
കൊച്ചുപിള്ളേരെപ്പോലെ ചുണ്ടുമലർത്തി പിള്ളേരോട് പരിഭവം പറയണ അവളെക്കണ്ട് ഞാൻ വണ്ടറടിച്ചു നിൽപാണ്. കൂടുതൽ മനസിലാക്കുന്തോറും അവളൊരു പാവം പൊട്ടിപ്പെണ്ണാണ് എന്ന് തെളിഞ്ഞ് വരുകയാണ്.
അവളുടെ ഭാവാഭിനയം കൂടിയായപ്പോൾ പിള്ളേരുപട മൂക്കുങ്കുത്തി വീണു. അവർ അവളെ പൊതിഞ്ഞു.
പിന്നീടങ്ങോട്ട് പിറന്നാൾ ആശംസകളുടെയും ചോക്ലേറ്റ് തട്ടിപ്പറിക്കണേന്റേം ബഹളമായിരുന്നു.
ഓർഫനേജിന്റെ വക അവൾക്ക് വേണ്ടിയൊരു കേക്കും മുറിച്ചിട്ടാണ് പിന്നെയവിടാന്നിറങ്ങുന്നത്. ഇറങ്ങാൻ നേരം ഉച്ചക്ക് കൊണ്ടുവന്നതിൽ ബാക്കിയായ ബിരിയാണി രണ്ട് പൊതി പൊതിഞ്ഞു തരുകയും ചെയ്തു. എല്ലാരോടും യാത്രപറഞ്ഞ് അവിടന്ന് ഞങ്ങൾ ഇറങ്ങി. താടക വളരെ സന്തോഷവതിയായിരുന്നു. അതവളുടെ മുഖത്ത് പ്രകടമാണുതാനും.
“” താങ്ക്സ്… “”
കുറച്ച് നേരം മൗനമായി തുടർന്ന യാത്രക്കിടയിൽ തടകയെന്നോടായി പറഞ്ഞു.
“” എന്തേ…! “”
ഞാൻ അതിന്റെയർത്ഥം മനസിലാവാത്തപോലെ അവളെ നോക്കി.