“” ഇവിടന്ന് കുറച്ചുപോയാലൊരു ഓർഫനേജുണ്ട്. ഒന്നത്രേടംവരെ പോയാലോ..! “”
ഞാനവളെയൊരത്ഭുതത്തോടെ നോക്കി. ഓർഫനെജ്ലിവൾക്കെന്താ പരുപാടി..!! മാസസിലിങ്ങനെ ഒരു ചിന്ത വന്നേലും ഞാനത് ചോദിച്ചില്ല.
“”ഹ്മ്മ്…””
ഒന്ന് മൂളി ഞാനവള് പറഞ്ഞ വഴിയേ കാറോടിച്ചു.
അവസാനം ഒരല്പം പഴക്കം തോന്നിക്കുന്ന കെട്ടിടത്തിനടുത്തെത്തിയപ്പോൾ അവിടേക്ക് കയറ്റാനവള് പറഞ്ഞു.
അവിടെ മുറ്റത്ത് നല്ലൊരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്. അതിലെ പുൽത്തകിടിയിൽ കുറച്ച് കുട്ടികൾ കളിച്ച് നടക്കുന്നു. കാറ് വന്ന് നിന്നത് കണ്ട് അവരുടെ ശ്രദ്ധ ഒരുനിമിഷം അതിലേക്ക് തിരിഞ്ഞെങ്കിലും വീണ്ടുമവർ കളി തുടർന്നു.
കാർ വന്നത് കണ്ട് അവിടെ ചുമതലയുള്ള അല്പം പ്രായമുള്ള ഒരു സ്ത്രീയിറങ്ങിവന്നു. ഒപ്പം വേറെയും രണ്ട് സ്ത്രീകളുണ്ടായിരുന്നു.
അവരെ കണ്ട് ഒരു ചിരിയോടെ താടക വണ്ടിയിൽനിന്നിറങ്ങി.
അവൾക്ക് പിന്നാലെ ഞാനും. അവളെക്കണ്ടതും അവരുടെ മുഖത്തുമൊരു പുഞ്ചിരി വിടർന്നു.
ഞാനതൊക്കെ തെല്ലൊരു സംശയത്തോടെ നോക്കിനിന്നു.
ഇവളെന്തിനിവിടെ..? ഇവളെയവർക്കെങ്ങനെ പരിചയം? എന്നൊക്കെയുള്ള സംശയമെന്റെ ഉള്ളിലേക്ക് സ്വാഭാവികമായി വന്നു.
“” മോളേ… സുഖാണോ..! “”
ആ സ്ത്രീ അവളോട് ചോദിച്ചപ്പോൾ അവളൊരു ചിരിയോടെ തലയാട്ടി.
“” അക്ക മറന്നോ…! ഇന്നഭിരാമീടെ പിറന്നാളല്ലേ..! “”
അവരോടൊപ്പമുണ്ടായിരുന്ന സ്ത്രീ അവരെ ഓർമിപ്പിക്കാനെന്നോണം തിരക്കി.
“” അതെങ്ങനാ മറക്കുന്നെ… കുട്ടികളൊക്കെ ഇന്നലെത്തന്നെ അതുംപറഞ്ഞല്ലേ നടക്കുന്നെ…! “”
അവരോരു ചിരിയോടെ പറഞ്ഞവളുടെ തലയിലൊന്ന് തഴുകി.
“” അല്ല ഇതാരാ…! “”
പിന്നേ എന്നെയൊന്ന് നോക്കി ചിരിയോടെ അവളോടായി തിരക്കി.
“” എന്റെ ഭർത്താവാ അക്ക..! “”
അവളെന്നെയൊന്ന് നോക്കിയിട്ടാണത് പറഞ്ഞത്.
“” അപ്പൊ..! അന്ന് മുടങ്ങീത്?! “”
അവർ തെല്ലൊരു സംശയത്തോടെ തിരക്കി.
“” അത് മുടങ്ങി… ഇത് പെട്ടന്നുനടന്നതാ… ചെറിയ ചടങ്ങേ ഉണ്ടായുള്ളൂ. എന്റൊപ്പം ഓഫീസില് വർക്ക് ചെയ്യണ ആളാണ് രാഹുൽ..! “”
ഞാൻ വല്ലോം പറയോ എന്ന പേടിയിൽ അവള് ചാടിക്കേറിപ്പറഞ്ഞത് കേട്ട് എനിക്ക് ചിരിവന്നെങ്കിലും ഞാനതൊതുക്കി.