അവരോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കുറച്ചുനേരമിരുന്നു. പിന്നേ ഞങ്ങൾ കഴിക്കാനായി ഇരുന്നു.
“” ഇവളേങ്കൂട്ടി എവിടേലുങ്കറങ്ങാൻ പോണോന്ന് പറഞ്ഞപ്പോ എന്തൊരു ജാടയായിരുന്നവന്…! ന്നിട്ട് നോക്ക്യേ…! അവസാനം കാണാഞ്ഞിട്ട് വിളിക്കേണ്ടി വന്നു. “”
കഴിക്കണേനിടെ ജിൻസി എനിക്കിട്ടൊന്ന് കൊട്ടിയപ്പോൾ അഭിരാമി സംശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
ഒരുപക്ഷെ ഇന്ന് അവളോട് നല്ല രീതിയിൽ പെരുമാറിയത് ജിൻസിയുടെ നിർദേശപ്രകാരമുള്ള അഭിനയമായിരുന്നോ എന്നാവണം അവളപ്പോൾ ചിന്തിച്ചത്.
“” കറങ്ങാനോ…! അതിനിവളെന്നേം വലിച്ച് ഏതോ ഓർഫനേജിലേക്കാണ് കൊണ്ടോയെ…! “”
അഭീടെ നോട്ടം കണ്ട് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ പറഞ്ഞു.
ജിൻസീം അമ്മുവും അന്തം വിട്ട് ഞങ്ങളെ നോക്കിയപ്പോൾ ഇന്നുണ്ടായ കാര്യങ്ങളൊക്കെ ഞാൻ വിവരിച്ച് കൊടുത്തു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രണ്ടിനും ഇഷയെയും വീറിനെയും കാണണം എന്ന്.
പിന്നീടൊരു ദിവസം പോവാന്ന് പറഞ്ഞ് ഒരു കണക്കിന് ഒതുക്കി രണ്ടിനേം ജിൻസീടെ ഫ്ലാറ്റിലേക്ക് ഉന്തിത്തള്ളി വിട്ടു. അതിന് മുന്നേ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ഒക്കെ അമ്മുവും അഭിരാമിയും ചെന്ന് കേക്ക് കൊടുത്തിട്ട് വന്നിരുന്നു.
ആ ഗ്യാപ്പിൽ ഞാൻ ഒന്ന് പോയി കുളിച്ചു. റെയിൻ ഷവറിലൂടെ പെയ്തിറങ്ങുന്ന ജലധാര എന്നിൽ അവശേഷിച്ചിരുന്ന ക്ഷീണത്തെയും അലിയിച്ചു കളഞ്ഞു.
ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്ക് അഭിരാമി തിരിച്ചെത്തിയിരുന്നു.
“” രാഹുൽ..! ഞാങ്കിടക്കുവാട്ടോ. ചെറിയൊരു തലവേദനപോലെ.! “”
ഹാളിൽ എന്നെയും കാത്തെന്നോണം ഇരുന്ന അവൾ എന്നെക്കണ്ടതും പതിയെ എണീറ്റ് കൊണ്ട് പറഞ്ഞു.
“” കൂടുതലാണോ…! ടാബ്ലെറ്റ് വല്ലോമിരിപ്പുണ്ടാവും.! “”
എനിക്ക് ഇടയ്ക്കിടെ തലവേദന വരുമ്പോൾ കഴിക്കുന്ന മരുന്ന് ഓർത്ത് ഞാൻ പറഞ്ഞു.
” ഹേയ് അത്രക്കൊന്നുമില്ലടോ…! ഇതൊന്നുറങ്ങിയാ മാറിക്കോളും. എന്ന ശരി! ഗുഡ് നൈറ്റ്..! “”
“” ശരി…! ഗുഡ് നൈറ്റ്..! “”
അവളോടൊരു ഗുഡ് നൈറ്റും പറഞ്ഞ് ഞാനും കയറിക്കിടന്നു.
പിന്നീട് കുറച്ച് ദിവസം ഓഫീസിലെ തിരക്ക് കാരണം പ്രാന്തെടുത്തു നിക്കുവായിരുന്നു ഞാനും അഭിരാമിയും. ഓഡിറ്റിംഗ് ഉണ്ടായിരിക്കും എന്ന അറിയിപ്പിന്റെ ഭാഗമായിട്ടുള്ള കണക്കെടുപ്പും റെക്കോർഡ്സ് റീ-ചെക്ക് ചെയ്യുന്നതിന്റെയും ഒക്കെ തിരക്കിൽ സമയം പോയത് പോലും അറിഞ്ഞിരുന്നില്ല.