ഞാൻ വീണ്ടും പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
“” ഏട്ടാ…!!”” എന്ന് വിളിച്ചവൾ എന്നെ ഇറുക്കിപ്പുണർന്നു. വീർ കാര്യം മനസിലാവാതെ ഞങ്ങളെ നോക്കിയിരിപ്പുണ്ട്.
താടകയെ നോക്കിയപ്പോൾ എനിക്ക് ചിരിവന്നു. അവിടിരുന്ന് കണ്ണീർ വാർക്കുകയായിരുന്നു അവൾ.
ഇവളിത്രേം ലോല ഹൃദയയായിരുന്നോ.!!
“” ഇരുന്നുമോങ്ങാണ്ട് ഇങ്ങ് വാഡോ….! നമുക്ക് പോയേക്കാം… “”
ഞാൻ അഭിരാമിയോട് പറഞ്ഞതും അവൾ ‘പോടാ..!’ എന്ന് ശബ്ദമില്ലാതെ ചുണ്ടനക്കി.
ഞങ്ങൾ വീറിനെയും ഇഷയെയും കാറിൽ കയറ്റി ഓർഫനേജ് ലക്ഷ്യമാക്കി നീങ്ങി.
ജിൻസിയുടെ കോൾ ഇടക്ക് വരുന്നുണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. മിക്കവാറും അവര് ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് കാത്തിരിക്കുകയാവും.
ഓർഫനേജിൽ എത്തി അവിടുത്തെ കാര്യങ്ങൾ ഓക്കെ തീർത്ത് ഞങ്ങൾ ഇഷയെ അടുത്തേക്ക് വിളിച്ചു. വീർ അപ്പോഴേക്കും അവിടുള്ള മറ്റുകുട്ടികളോടൊപ്പം കളി തുടങ്ങിയിരുന്നു.
ഇഷ അത് കണ്ട് കണ്ണ് നിറച്ചു.
“” ഹേയ്…! എന്താടോ… ഇനി കരയാൻ പാടില്ലാട്ടോ. നന്നായി പഠിക്കണം. ഞങ്ങൾ എന്നാൽ പോയിട്ട് പിന്നേ വരാട്ടോ…! “”
അവളുടെ കണ്ണുനീർ തുടച്ചു മാറ്റി തലയിലൊന്ന് തഴുകി ഞാൻ പറഞ്ഞു.
അവളുടെ സങ്കടം അണപ്പൊട്ടി. ഒരു എക്കിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് വീണു.
“” അച്ഛനും അമ്മേം പോയെല്പിന്നെ ആരേലും ഒപ്പമുണ്ട് എന്ന് തോന്നിയത് ഏട്ടനെക്കണ്ടേൽ പിന്നെയാ… ഞാൻ എങ്ങനാ ഇതിനൊക്കെ നന്ദി പറയണ്ടേ…! “”
അവൾ കരച്ചിലിനിടക്ക് പറഞ്ഞൊപ്പിച്ചു. അവളുടെ വാക്കുകൾ ഇടറിയിരുന്നു. കരച്ചിലിനിടയിൽ പലപ്പോഴായി അത് മുറിഞ്ഞു.
“” നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയാൽ മതി…! എനിക്ക് അതിലും വലുതായി ഒന്നും വേണ്ട…! “”
“” ഞാൻ വാക്ക് തരുന്നു.! ഞാൻ നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയിരിക്കും… ഓഫർ ലെറ്റർ ആദ്യം ഏട്ടനെത്തന്നെ ഞാൻ കാണിക്കും…! “”
ഇപ്രാവിശ്യമവളുടെ ശബ്ദത്തിനിടർച്ച ഇല്ലായിരുന്നു. അത് അവളുടെ ഉറച്ച തീരുമാനമായിരുന്നു.
അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഫ്ലാറ്റിലേക്ക് ചെന്നു.