“” അഭിരാമി…! സോറിഡോ…! അവരങ്ങനെ പെരുമാറൂന്ന് ഞാനോർത്തില്ല. നല്ലൊരു ദിവസായിട്ട് ഞാൻ തന്റെ മൂഡ് കളഞ്ഞല്ലേ…! “”
ഞാൻ സത്യസന്ധമായിത്തന്നെ അവളോട് മാപ്പ് പറഞ്ഞു.
“” ഹേയ്… പ്ലീസ് ഡോണ്ട് ബി സോറി…! ഞാനോക്കെയാണ്. രാഹുലുള്ളൊണ്ട് അവരെ ഒന്ന് കാണാനേലും പറ്റി..! താങ്ക്യു സോമച്ച്…! “”
കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീരിനേ തുടച്ചുമാറ്റിക്കൊണ്ട് ആവൾ ഒരു ചിരിയോടെ പറഞ്ഞു.
ഞാനുമൊരു ചിരി വരുത്തി കാർ മുന്നോട്ടെടുത്തു. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ഒരാൾക്കൂട്ടം കണ്ട് ഞാൻ കാറൊന്ന് സ്ലോ ചെയ്തു. ആ ആൾക്കൂട്ടത്തിന് നടുവിൽ പേടിച്ചരണ്ടപോലെ നിന്നിരുന്ന ഇഷയേയും വീറിനെയും കണ്ടപ്പോളെന്റെ ഉള്ളൊന്ന് കാളി. ഇന്നലെ തെരുവിൽ കണ്ട പിള്ളേരാണ്. എന്താണ് സംഭവമെന്ന് അറിയാനായി കാറൊതുക്കി ഞാനവിടേക്ക് ഓടി.
“” രാഹുൽ… നീയിതെങ്ങോട്ടാ…!! “”
എന്റെ നീക്കം കണ്ട് അമ്പരന്ന താടക എന്നോടായി തിരക്കി.
പക്ഷേ അത് എന്റെ ശ്രെദ്ധയിൽ വന്ന് പെട്ടതുപോലുമില്ല. ആ പിള്ളേർ മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.
“” പോലീസിനെ വിളിക്ക്…!, കൊച്ചുപ്രായത്തിൽ മോഷ്ടിക്കാനിറങ്ങിയേക്കുവാ…! “”
എന്നൊക്കെയുള്ള ആക്രോശങ്ങൾ കെട്ടുകൊണ്ട് ഞാൻ അവരുടെ അടുത്തെത്തി.
അവിടെ ഒരല്പം തടിച്ച ഒരു മധ്യവയസ്കനും ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരുടെ ഭാര്യ ആണെന്ന് തോന്നുന്നു.
അയാൾ ഇഷക്കും വീറിനും നേരെ കയ്യൊങ്ങുന്നുണ്ട്. ആ സ്ത്രീ അത് തടയുന്നുമുണ്ട്.
“” എന്താ…! എന്താ പ്രശ്നം..! “”
ഞാൻ പിള്ളേരുടെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു.
“” അത് ചോദിക്കാൻ താനാരാടോ..!””
അയാളെന്നോട് ചാടിക്കടിച്ചു.
“” ഹേയ്…! ഞാൻ മര്യാദക്ക് അല്ലേ ചോദിക്കുന്നെ സഹോദരാ..! “”
“” എങ്കി കേട്ടോ…! ഇവരെന്റെ ഭാര്യയുടെ മാല മോഷ്ടിച്ചു..! “”
അയാൾ പിള്ളേരെ തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ ഇഷയെ ഒന്ന് നോക്കി. അവളുടെ കടും നീലക്കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അവൾ ഇല്ലായെന്ന അർത്ഥത്തിൽ തലയിളക്കി.
“” നിങ്ങൾ കണ്ടായിരുന്നോ അവൾ മാല പൊട്ടിച്ചത്.””