അതോടെ ആൻറിക്ക് ഉള്ളിൽ പേടി കടന്നു. അങ്ങനെ സമനില തെറ്റി കുറെ കാലം ചികിത്സയിൽ കഴിഞ്ഞു. പിന്നെ കുറച്ച് ഭേദപ്പെട്ടു. എന്നാലും എപ്പോഴും മുറിയിൽ അടച്ചിരിക്കും. പുറത്തിറങ്ങാൻ പേടി. വല്ലപ്പോഴും മാത്രം ഉമ്മറം വരെ വരും.
സാബു പഞ്ഞ് നിർത്തി. ഞാൻ വെറുതെ ചുറ്റും നോക്കി ഒന്നും അവിടെ പതുങ്ങി നിൽക്കുന്നില്ല എന്ന് ഉറപ്പിച്ചു. എന്നാലും ഉള്ളിലൊരു പേടി. സാബുവും സമാന അവസ്ഥയിലാണെന്ന് അവന്റെ മുഖഭാവത്തിൽ വ്യക്തം.
അപ്പൊ ആത്മഹത്യ ചെയ്തതോ.. ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ആന്റി കണ്ടത് ഉണ്ണികൃഷ്ണന്റെ പ്രേതത്തെയാണ്.. അത് മാത്രമല്ല ഒരു ദിവസം..
സാബു അതും പറഞ്ഞ് എല്ലാ ഭാഗത്തേക്കും ഒന്ന് തിരിഞ്ഞ് നോക്കി. ഞങ്ങളുടെ ശ്വാസാച്ഛ്വാസത്തിന്റെ ശബ്ദം ആ നിശ്ശബ്ദതയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ചുറ്റും നോക്കി ഉറപ്പിച്ച ശേഷം സാബു എന്റെ കണ്ണിൽ സൂക്ഷിച്ച് നോക്കി പറഞ്ഞു.
എന്റെ ചെറുപ്പത്തിൽ ഒരു ദിവസം.. അന്ന് ഞാനൊക്കെ വീട്ടിൽ ഉണ്ടായിരുന്നു. അന്ന് രാത്രി ഏതാണ്ട് പത്തര ഒക്കെ ആയിക്കാണും. എല്ലാവരും കിടന്നിരുന്നു. ഞാൻ മാത്രം ദൂരദർശനിലെ ഹിന്ദി സിനിമ കണ്ടിരിക്കുകയായിരുന്നു. അപ്പോൾ പുറത്ത് ആരോ നടക്കുന്ന പോലെ ശബ്ദം കേട്ടു. ഞാൻ വേഗം എല്ലാവരെയും വിളിച്ചു. ഞങ്ങൾ ചെന്ന് വാതിൽ തുറന്ന് നോക്കി. പെട്ടെന്ന് എന്തോ ഒരു ജീവി മുറ്റത്ത് നിന്ന് വീടിന്റെ ടെറസ്സിൽ ചാടിക്കയറി അടുത്ത് നിന്ന മാവിൽ കയറി അതിൽ നിന്നും അടുത്ത പറമ്പിലെ കവുങ്ങിലേക്ക് ചാടി അടക്ക പറിക്കാർ കവുങ്ങ് പകർന്ന് പോകുന്ന പോലെ ചാടി ചാടി പാഞ്ഞ് പോയി. ഒരു മിന്നായം പോലെയേ കാണാനായുള്ളൂ. അത്ര വേഗമാണ് അത് പോയത്. അതൊരു മനുഷ്യനാണോ വലിയ പുലിയാണോ എന്ന് മനസ്സിലാക്കാനായില്ല.
എനിക്ക് ഉള്ളിൽ ചെറിയ വിറയൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ശരീരത്തിൽ ഭയം അരിച്ച് കയറുന്ന അവസ്ഥ.
പിന്നെ കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിച്ചില്ല, രണ്ട് പേരും ഇടക്കിക്ക് ചുറ്റുപാടും സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. അവിടെ കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നു. ഇലയനങ്ങിയാൽ കേൾക്കുന്ന ആ നിശ്ശബ്ദ അന്തരീക്ഷത്തിൽ എന്തെങ്കിലും അസ്വാഭാവിക ശബ്ദത്തിനായി ഞാൻ കാതോർത്തു.