പാഞ്ചിയുടെ മരണം നടന്നിട്ട് കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ ആണ് ആ സംഭവം നടക്കുന്നത്.
എന്നും പുലർച്ചെ ആലി അറവുശാലയിലേക്കു പോകുന്നത് പാഞ്ചിയുടെ വീടിന് മുന്നിലൂടെ ആയിരുന്നു.
അന്നും പതിവുപോലെ ആലി ആവഴി പോയപ്പോൾ വീടിന് മുന്നിലെ മാവിൽ തൂങ്ങിമരിച്ച അതേ നിലയിൽ പാഞ്ചിയെ കണ്ട് വിളറി പിടിച്ചു നിലവിളിച്ചു ഓടിയെന്നും, നിരത്തിൽ ബോധംകെട്ടു വീണെന്നും ആണ് ദേശത്തെ ജനങ്ങൾ പറയുന്നത്.
പക്ഷെ കുറച്ചു പുരോഗമന വാദികൾ പറഞ്ഞത് ആലിക്കണ്ണ് പാഞ്ചിയെ വിചാരിച്ചു നടന്നപ്പോൾ അങ്ങനെ തോന്നിയതാവാം എന്നായിരുന്നു.
അങ്ങനെ ഒരു നിഗമനത്തിൽ എത്താൻ അവർക്ക് കുറേ ന്യായങ്ങളും ഉണ്ടായിരുന്നു.
അക്കാലത്ത് പുരോഗമന ചിന്താഗതി തുലോം കുറവായതിനാൽ അധികമാരും അവരുടെ കൂട്ടത്തിൽ കൂടിയില്ല.
അതോടെ ആലിക്കണ്ണ് കശാപ്പ് നിർത്തി ചന്തയിൽ പലവ്യഞ്ജന കട തുടങ്ങിയെന്നും, പിന്നീട് മക്കത്തു പോയി ഹജ്ജ് കർമം നിർവഹിച്ചു മടങ്ങുമ്പോൾ മരണപ്പെട്ടു എന്നുമാണ് പറയുന്നത്.
ഒട്ടനവധി അനുഭവങ്ങൾ നാട്ടിൽ പ്രചാരത്തിലുണ്ട്, എന്നാൽ ഏറ്റവും പൈശാചികമായ അനുഭവം ഉണ്ടായത് കൗസല്യ എന്ന സ്ത്രീയ്ക്ക് ആയിരുന്നു.
പാഞ്ചിയുടെ വീടിന് താഴെയുള്ള തോടിന്റെ കരയിലാണ് കൗസല്യ താമസിച്ചിരുന്നത്.
ജീവിച്ചിരിക്കുന്ന കാലത്ത് കൗസല്യ പാഞ്ചിയെ വല്ലാതെ ഉപദ്രവിച്ചിരുന്നത്രെ.
ഒരുദിവസം രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കൗസല്യ കുറേനേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല.
അവരുടെ ഭർത്താവ് ഒരു പോടിത്തൂറി ആയിരുന്നത്രെ. അയാൾ വാതുക്കൽ നിന്ന് കുറേനേരം കൗസല്യയെ വിളിച്ചു.
അപ്പോൾ കൗസല്യ പടികയറി വന്നു.
ഭർത്താവ് പേടിച്ചു നിലവിളിച്ചു പോയി.
കാരണം കണ്ണുതുറിച്ച് മുടിയിഴകൾ കാറ്റിൽ പറത്തി രൗദ്ര ഭാവത്തിൽ അവിടെ നിന്നത് കൗസല്യ അല്ലായിരുന്നത്രെ.
“ഇവിടുന്നു പൊയ്ക്കോ.. അല്ലെങ്കിൽ ഞാൻ എല്ലാം ചുട്ടുകരിക്കും..” എന്ന് ഉറക്കെ അലറി കൗസല്യ ബോധരഹിതയായി വീണു.
കൗസല്യയുടെ കയ്യിലും തുടയിലും ഒക്കെ അടിയേറ്റ പാടുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.
അതിനു ശേഷം കൗസല്യയ്ക്കു ചിത്തഭ്രമം ബാധിച്ചു. നിരന്തരമായി ഉണ്ടായ പാഞ്ചിയുടെ ഉപദ്രവം സഹിക്കവയ്യാതെ ആ കുടുംബം വീട് ഉപേക്ഷിച്ച് ദൂരെ എവിടേക്കോ പോയി.
മരണംവരെ കൗസല്യയുടെ മാനസിക വിഭ്രാന്തി മാറിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.