ഓട്ടോ പറഞ്ഞ് വിട്ട്, കൈകൾ ഇരുപോക്കറ്റിലും തിരുകി ഞാൻ തിരിച്ച് നടന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിഷമം ശരീരമാകെ പടർന്നു കയറി. എത്ര ദൂരം എന്ന് ഓർമ്മയില്ല നടന്നു കൊണ്ടേയിരുന്നു. ലക്ഷ്യബോധമില്ലാതെ എവിടെയോ ചെന്നെത്തി നിന്നു. അപ്പോൾ ഫോണിൽ ഒരു മസ്സേജ് ട്യൂൺ കേട്ടു. മീനാക്ഷിയാണ് ‘മരുന്ന് മറക്കാതെ കഴിക്കണം. റെസ്റ്റ് എടുക്കണം’ ഇതാണ് അതിൽ എഴുതിയിരിക്കുന്നത്. ഞാൻ അത് എടുത്ത് വച്ച് ഏത് കോണേത്ത് കുന്നിലാണ്, ഞാൻ ചെന്ന് എത്തിപ്പെട്ടിരിക്കുന്നതെന്ന് നോക്കി. അവിടെ നിന്നു തിരികെ നടന്ന് എങ്ങനെയൊക്കെയോ വീടെത്തി. ഈ സമയമെല്ലാം തിന്നു തീർത്തത് അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു. അവളെ കുറിച്ച് ഓർമ്മിക്കാൻ മാത്രമായി നടക്കുക ആയിരുന്നു എന്നു പറയുന്നതാവണം ശരി.
എവിടെ നിന്നോ ഓടിവന്ന ഇരുട്ട് എൻ്റെ തോളത്ത് കയറിയിരുന്ന് ഞാൻ പറഞ്ഞ കഥകളും കേട്ട് എനിക്കൊപ്പം പോന്നു. വീട്ടിലെത്തിയതും തോളത്ത് നിന്നും ഇരുട്ടിനെ വലിച്ച് പുറത്തിട്ട് ഞാൻ ഉള്ളിൽ ലൈറ്റ് ഓൺ ചെയ്യ്തു. ഇതൊരു വലിയ ദിവസമായിരുന്നു. പോയി കട്ടിലിൽ വീണതേ ഓർമ്മയുള്ളൂ.
**********************
കണ്ണ് തുറക്കുമ്പോൾ മുറിയിൽ സൂര്യപ്രകാശം സ്വർണ്ണശോഭയിൽ പടർന്നു കിടന്നിരുന്നു. രണ്ട് മൂന്ന് ദിവസമായി മഞ്ഞിന് കുറവുണ്ട്. ജനവാതിൽക്കൽ മീനാക്ഷി ഇന്നലെ ഇട്ടുപോയ ഗോതമ്പ് മണികൾക്കായി പക്ഷികൾ തിരക്കുകൂട്ടി. അവൾ മറന്നിട്ടു പോയ ഓർമ്മയുടെ ഗോതമ്പുമണികൾ ഈ റൂമിലങ്ങോളം ഇങ്ങോളം ചിതറിക്കിടപ്പുണ്ട്. അവയിൽ വീണ് പോകാതെ മനസ്സിനെ പണിപ്പെട്ടു നിയന്ത്രിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഇന്നലെ മരുന്ന് കഴിക്കാൻ വരെ മറന്നു പോയിരിക്കുന്നു. ഞാൻ തലേന്നു ഇട്ടു വച്ച ലൈറ്റ് ഒഫ് ചെയ്തു. വേഗം തയ്യാറായി സ്റ്റുഡിയോയിലേക്ക് ഇറങ്ങി. ജോലിയിൽ ഇൻവോൾവ് ആകുന്നത് മാത്രമാണ് ഇതിൽ നിന്നെല്ലാം ഉള്ള ഏകരക്ഷാമാർഗ്ഗം എന്നെനിക്ക് അറിയാമായിരുന്നു.
അടുത്ത ദിവസങ്ങളിലേക്കുള്ള ഇൻ്റർവ്യൂ ഷെഡ്യൂൾ നോക്കി. ഒന്ന് പഴയ നടൻ ത്യാഗരാജൻ സാറിൻ്റെ ഇൻ്റർവ്യൂ ആണ്. ത്യാഗരാജൻ നസ്സീർ സാറിനും, സത്യൻ മാഷ്ക്കും, ജയനും ശേഷം മലയാള സിനിമ മമ്മുക്കയിലേക്കും, ലോലേട്ടനിലേക്കും കൂടുമാറുന്നതിനു മുൻപ്, ഒരുപാട് ആരാധകരും പ്രശസ്തിയും ആയി തിളങ്ങിനിന്ന നടൻ ആണ്. സിനിമയുടെ മാറ്റത്തിൻ്റെ കുത്തൊഴുക്കിൽ ഒപ്പം നീന്തിയെത്താൻ കഴിയാതെ വന്നപ്പോൾ സിനിമാ ജീവിതം അവസാനിപ്പിച്ച ഒരുപാട് പേരിൽ ഒരാൾ. അതിനു ശേഷം ഗൃഹസ്ഥ ജീവിതത്തിലേക്കും, എഴുത്തിലേക്കും തിരിഞ്ഞു ജീവിക്കുന്ന ഒരു പാവം മനുഷ്യൻ. അദ്ദേഹത്തിൻ്റെ മക്കൾ ഇങ്ങോട്ട് അഭ്യർത്ഥിച്ചതു പ്രകാരമുള്ള പ്രോഗ്രാം ആണ്. അഭിമുഖങ്ങളിൽ ഞാൻ തുടർന്നു കൊണ്ടിരിക്കുന്ന സൗഹൃദപരമായ രീതി തന്നെയാണ് കാരണം. ഇതുവരെ ആരെയും അടുപ്പിക്കാതിരുന്ന അദ്ദേഹം ഞാനാണെന്ന് പറഞ്ഞപ്പോൾ സമ്മതംമൂളിയിരുന്നു. നാളെ ദിൽബർ സൽമാനുമായുള്ള അഭിമുഖമാണ് അവൻ നല്ല ഒരു സുഹൃത്ത് ആയതുകൊണ്ടും, അവനെ മുൻപ് ഒരുപാട് വട്ടം ഇൻ്റർവ്യൂ ചെയ്തിട്ടുള്ളതു കൊണ്ടും അതിൽ സമാധാനം ഉണ്ട്. അവസാനത്തെ ഇൻസ്റ്റാ, ട്വീറ്റർ പോസ്റ്റ് മാത്രം നോക്കി പോയി ഇൻ്റർവ്യൂ ചെയ്താമതി. ഞാൻ അത് മാറ്റി വച്ച് ത്യാഗരാജനെ കുറിച്ച് ചികഞ്ഞ് തുടങ്ങി. സോഷ്യൽ മീഡിയയും, മറ്റ് സൗകര്യങ്ങൾക്കും അദ്ദേഹത്തിനെ പറ്റിയുള്ള അറിവുകൾ പരിമിതമായിരുന്നു. വിക്കിപീഡിയയിലെ പരിമിതമായ അറിവുകൾക്കൊപ്പം ഞാൻ പഴയകാല ജേണ്ണലുകളും, അദ്ദേഹത്തിൻ്റെ എഴുത്തുകളും ചികഞ്ഞ് ഞാൻ അറിവുകൾ ക്രോഡീകരിച്ചു. കണ്ടൻ്റ് അസ്സിസ്റ്റൻ്റിനെ പഴയ ഫോട്ടോകളും, വീഡിയോകളും ക്രമീകരിക്കാൻ ഏൽപ്പിച്ച്, ഞാൻ ഒന്നു മൂരി നിവർന്നു.