‘അത് ചെയ്യുമ്പോൾ ആരും ദേഹത്ത് പിടിക്കാൻ പാടില്ല,600 തെട്ട് 1000 വരെ വോൾട്ട് കരണ്ട് ഉണ്ടാകും. അത് ധാരാളമാണ് നോർമൽ ആളുകളുടെ പ്രവർത്തിക്കുന്ന ഹൃദയം നിന്നു പോകാൻ.’ ഇതെല്ലാം പറഞ്ഞ് തന്നത് മീനാക്ഷിയാണ്.
ഡോക്ടർമാർ വോൾട്ടേജ് കൂട്ടി വീണ്ടും വീണ്ടും അത് അവളുടെ ക്ഷീണിച്ച നെഞ്ചിൽ വച്ചമർത്തി. ഒരോ ഇടിക്കും അവൾ ഉയർന്നു പൊങ്ങി, തിരികെ കട്ടിലിൽ പതിച്ചു, അതിലൊന്നിലവൾ എഴുന്നേൽക്കുമെന്നു ഞാൻ ഒരുപാടാശിച്ചു കൊണ്ട് നിലത്തു തന്നെയിരുന്നു. ആരോ എന്നെ പുറത്താക്കാൻ പറഞ്ഞു, അത് കേട്ട് സെക്യൂരിറ്റി എന്നെയും വലിച്ച് പൊക്കി പുറത്തേക്കു നടന്നു. ഞാൻ ഒരുമാത്ര തിരിഞ്ഞ് അവളുടെ ചലനമറ്റ കാപ്പിപ്പൊടി കണ്ണുകളിലേക്ക് നോക്കി. അവൾ പോയി, എന്നോടൊരു യാത്ര പോലും പറയാൻ കാത്തുനിൽക്കാതെ, ഒരു തണുത്ത വെളുപ്പാൻ കാലത്ത് അവൾ ആകസ്മികമായി കയറിവന്നതു പോലെതന്നെ തിരികെ പോയി. ഞാൻ അവൾക്കാരായിരുന്നു. അതിനു മാത്രം ഉത്തരം എൻ്റെ കയ്യിലില്ല.
ഐ.സി.യു. വിന് വെളിയിലെ ടൈൽ വിരിച്ച തണുത്തുറഞ്ഞ തറയിൽ ഞാനിരുന്നു. അവൾക്ക് വേണ്ടി അവസാനമായി വാങ്ങിയ റസ്ക് ഞാൻ വിടാതെ കൈയ്യിൽ അമർത്തി പിടിച്ചിരുന്നു. കണ്ണുനീരുപോലും വറ്റിതീർന്നിരുന്നു.
‘മരണം ദൈവത്തിൻ്റെ തമാശയാണ്, പറഞ്ഞ് തീർന്നപ്പോൾ ആരും ചിരിക്കാതെ പോയ ക്രൂരമായൊരു തമാശ.’
എത്ര നേരം ഞാൻ അവിടെയിരുന്നു എന്നെനിക്കറിയില്ല. ആരൊക്കെയോ വന്നും, പോയും കൊണ്ടിരുന്നു. ആരൊക്കെയോ കരയുന്നുണ്ടു. ഒന്നെഴുന്നേറ്റ് സ്ട്രക്ചറിൽ ഒരു ഓരത്ത് കൊണ്ടു നിർത്തിയ അവളെ ഒന്നു കാണണം എന്നുണ്ട്. എഴുന്നേൽക്കാൻ ഉള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. ഞാൻ ആ വിളറിയ തുണിക്ക് വെളിയിൽ കണ്ട അവളുടെ ക്ഷീണിച്ച വിരലുകളെ നോക്കിയിരുന്നു. അവ ഞാൻ ചേർത്ത് പിടിക്കുന്നതും കാത്ത്, കുഞ്ഞു പരിഭവത്തോടെ എന്നെയും നോക്കി കിടന്നു.
പെട്ടന്നെന്തോ നിലത്ത് വീണുടഞ്ഞു. ഞാൻ പതുക്കെ അങ്ങോട്ട് നോക്കി. ടോണി,… അവൻ അവൾക്കായി ഉണ്ടാക്കിയ ഉണ്ണിയപ്പവും കൊണ്ട് വന്നതാണ്. അവൾക്കത് ഏറെ ഇഷ്ടമായിരുന്നു. കഴിക്കാൻ കഴിയില്ലെങ്കിലും, അവനെ കൊണ്ടത് കൊണ്ട് വരീക്കുന്നതും, അവൻ്റെ തമാശകൾ കേട്ടിരിക്കുന്നതും അവൾക്കു ആശുപത്രി കിടക്കയിൽ ശേഷിച്ചിരുന്ന ഒരേയൊരു വിനോദമായിരുന്നു.