ഈ നശിച്ച മഴ വീണ്ടും പെയ്തു തുടങ്ങിയിരിക്കുന്നു. ഞാൻ തലയിൽ കൈപൊത്തി ആശുപത്രി വരാന്തയിലേക്ക് ഓടി.
തിരക്ക് പിടിച്ച കാഷ്വാലിറ്റിയും കഴിഞ്ഞ് ഞാൻ നടന്നു. ഗൈനക്കോളജി ബ്ലോക്കിൽ പുത്തൻപ്രതീക്ഷയിൽ വിടർന്ന മുഖത്തോടുകൂടി കൈകേർത്തിരിക്കുന്ന സ്ത്രീപുരുഷൻമാരെയും കടന്ന് നടന്നു. ഗൈനക്കോജി ബ്ലോക്കിൻ്റെ തെക്കേ ചെരുവിൽ വൈറോളജി ലാബാണ്, അത് കഴിഞ്ഞു ഒരു ഇറക്കമിറങ്ങി വലത്തോട്ട് തിരിഞ്ഞാൽ ഓൻക്കോളജി വിഭാഗമായി. അതിൻ്റെ ഏറ്റവും അറ്റത്താണു ഓൻക്കോളജി ഐ.സി.യു., എനിക്കങ്ങോട്ടാണ് പോകണ്ടത്. ഞാൻ പാസ് പോക്കറ്റിൽ നിന്നു തപ്പി പുറത്തെടുത്തു. അതില്ലാതെ ഉള്ളിലേക്ക് കടത്തില്ല. മീനാക്ഷിക്കിപ്പോ ഇസഡ് കാറ്റഗറി പ്രൊട്ടക്ഷനാണ്. ഞാൻ ഓൻക്കോളജി വാർഡിലേക്ക് വെറുതെ നോക്കി. മറ്റു വാർഡുകൾ പോലെയല്ല, ആരുടെ മുഖത്തും ചിരിയില്ല, ഒരു സംസാരമില്ല, ദുഃഖം മാത്രം അന്തരീക്ഷത്തിൽ തളംകെട്ടിനിൽക്കുന്നു. ചിരിച്ചിട്ട് ഒരുപാട് നാളുകളായെന്ന് അവരെ ഓരോരുത്തരെയും കണ്ടാലറിയാം, കവിളെല്ലുകൾ ഇടിഞ്ഞ് ബലപ്പെട്ടുകിടക്കുന്നു, ചുണ്ടിനടുത്ത തൊലി വലിഞ്ഞുമുറുകി നിൽക്കുന്നു.
മീനാക്ഷി അവരെയാരെയും പോലെയായിരുന്നില്ല. ഒരുപാട് വയ്യെങ്കിലും അവളിപ്പോഴും ചിരിക്കും, ആ നുണകുഴികൾ കാട്ടി. ഞാൻ ഐ.സി.യു.വിനടുത്തേക്ക് നടന്നു.
മീനാക്ഷിക്ക് പാലിഷ്ടമല്ല, എത്ര പറഞ്ഞാലും അവളത് കുടിക്കില്ല. ഞാൻ തേൻചേർത്തും, ബിസ്ക്കറ്റ് പൊടിച്ച് ചേർത്തും പഠിച്ച പണി പതിനെട്ടും നോക്കി. തുടരെ തുടരെയുള്ള കീമോപ്രയോഗത്തിൽ അവളുടെ വായിലെ തൊലിയെല്ലാം പൊയ്പോയിരുന്നു. എന്ത് കഴിച്ചാലും ഛർദ്ദിയാണ്. ആ സുന്ദരമായ ചുരുൾമുടികളെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ ഇത്രയും ക്ഷീണം തോന്നില്ലായിരുന്നു. എങ്കിലും അവളിപ്പോഴും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയാണ്.
മധുരമിട്ട പാലിൽ റസ്ക് കുതിർത്ത് നേർപ്പിച്ചു കൊടുത്താൽ, കുറച്ചെങ്കിലും ഇഷ്ടത്തോടെ കഴിക്കും. എന്തെങ്കിലും കഴിക്കാതിരുന്നാൽ ആ മരവിച്ച കൈകളിൽ, ബാക്കിയുള്ള ഞരമ്പുകളിൽ കൂടി ക്യാനുലസൂചി കുത്തികയറ്റി ഡ്രിപ്പ് ഇടണ്ടിവരും, അത് എന്തായാലും വേണ്ട. ഇനി ഒരു കീമോ കൂടിയേ ഉള്ളു. പിന്നെ എല്ലാം പഴയതുപോലെ. ഞാൻ കുറച്ച് വേഗത്തിൽ നടന്നു.
അകലെ ഐ.സി.യു.വിലേക്കു ഡോക്ടർമാർ തുടരെ തുടരെ ഓടികയറുന്നു, ഇറങ്ങിപോകുന്നു. കോമൺ ഐ.സി.യു. ആണ്, ഇതിവിടെ സ്ഥിരം സംഭവമായത് കൊണ്ട് എനിക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. ചിലരെ ഇങ്ങനെ ഇടയ്ക്ക് വച്ച് ഐ.ഐ.സി.യു.വിലേക്ക് മാറ്ററുണ്ട്. ഞാൻ പാസ് കൊടുത്ത് ഉള്ളിലേക്ക് കയറി. പക്ഷെ അവരെല്ലാം പായുന്നത് ആറാം നമ്പർ ബെഡിലേക്കാണെന്ന് കണ്ട എൻ്റെ സപ്തനാസികളും തളർന്നു, കാലിടറി, കണ്ണുകളിൽ ഇരുട്ട് കയറി. ഞാൻ തപ്പിതടഞ്ഞ് അവൾക്കരിലെത്തി. ആ തളർന്ന കൈകളിൽ പിടിച്ചു. അതിൽ തണുപ്പ് പടർന്ന് കയറും പോലെ, അവശേഷിക്കുന്ന ചൂടും അവളെ വിട്ട് പോകാതിരിക്കാൻ കരഞ്ഞു കൊണ്ട് വെറുംനിലത്തിരുന്ന് ഞാൻ അതിൽ അണച്ച് പിടിച്ചു. ശബ്ദം പുറത്ത് വരുന്നില്ല, ഞാൻ ശ്വാസം കിട്ടാത്തപോലെ കരഞ്ഞു കൊണ്ടിരുന്നു. ആരോ എന്നെ വലിച്ചൊരു ഭാഗത്തിട്ട്, തയ്യാറാക്കി നിറുത്തിയിരുന്ന ഡിഫിബ്രിലേറ്ററിൽ നിന്ന് നെഞ്ചിൽ ഷോക്ക് കൊടുത്തു കൊണ്ടിരുന്നു.