“എന്ന തമ്പി, നെരുപ്പിലെ തഴുക്കി വിഴുന്തിടിച്ചാ” ചായക്കടക്കാരൻ അണ്ണാച്ചിയുടെ പുളിച്ച കോമഡി കേട്ട് എനിക്ക് നന്നായി പൊളിഞ്ഞ് വന്നു.
“ നീ ചായ അടിച്ചാ മതിടാ തെണ്ടി, എന്നെ അടിക്കാൻ നിക്കണ്ടട, അലവലാതി.”
എൻ്റെ കണ്ട്രോളു പോയൊടങ്ങീന്ന് കണ്ടപ്പോൾ, കൂട്ടത്തിലെല്ലാവർക്കും ചിരിപൊട്ടി തുടങ്ങി. മലയാളം മനസ്സിലായില്ലെങ്കിലും, എൻ്റെ കാട്ടികൂട്ടലുകള് കണ്ടപ്പോൾ കുമുദവും, കുമാറണ്ണനും വരെ ചിരിക്കുന്നുണ്ട്.
കാര്യങ്ങൾ ഒന്ന് ശാന്തമായി
ടോണി ഏതോ പടത്തിൻ്റെ റികോഡിംങ് ന് ഇടയിൽ ഇറങ്ങി വന്നതാണ്. അവിടന്ന് വിളി വന്നപ്പോൾ, എന്നോട് വീട്ടിപോയി നല്ലപോലെ സോപ്പിട്ട് കുളിക്കാൻ പറഞ്ഞ്, അവൻ തിരിച്ച് പോയി. ‘സുടുതണ്ണി പോട്ട്’ (ചൂട് വെള്ളത്തിൽ) കുളിച്ചാൽ ഇത് വേഗം ഇളകി പൊക്കോളുമെന്നു ഉപദേശം തന്ന്, കുമുദവും, കുമാറണ്ണനും യാത്ര പറഞ്ഞ് നടന്നു. മീനാക്ഷിയെ നിർബന്ധിച്ച് ഹോസ്റ്റലിലേക്ക് പറഞ്ഞ് വിട്ട്, എതിരെ വരുന്ന ഓട്ടോകൾക്ക് കൈകാണിച്ചു തുടങ്ങി.
പുറകിൽ ചായക്കടക്കാരൻ, കൂട്ടുകാരനു വിശദമായി അവിടെയുണ്ടായ സംഭാഷണത്തിൻ്റെ ഉള്ളടക്കം പറഞ്ഞു കൊടുക്കുന്നുണ്ട്.
“ഇന്ത അലവലാതി വന്ത്, കേരളാവിലെ പെരിയ പലകാരം, നാൻ പലവാട്ടി സാപ്പിട്ടുരുക്കെ. റെമ്പ ടേസ്റ്റ്, അതാ തമ്പി കേട്ടാറ്. ഇങ്കെ കടയാത് അത്. അടുത്ത വാട്ടി പാത്തുക്കളാം”
ഞാൻ അയാളെ തലചെരിച്ച് നോക്കി, അല്ല അയള് സീരിയസ് ആണ്. കൂട്ടുകാരനും ‘അലവലാതി’ കേരളത്തിലെ ഏതോ വലിയ പലഹാരമാണെന്നു വിശ്വസിച്ച മട്ടാണ്. എനിക്ക് ചിരിയും വരുണുണ്ട്, കരച്ചിലും വരണുണ്ട്.
എൻ്റെ കോലം കണ്ട് ഒരാളുപോലും വണ്ടി നിർത്തിയില്ല. അവസാനം ഒരു പ്രായമായ ആൾ, പാവംതോന്നി നിറുത്തി തന്നു. വീട് എത്തിയപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ഞാൻ ആരും കാണാതെ, നിറുത്തിയിട്ടിരുന്ന വണ്ടികളുടെ മറപറ്റി വീട്ടിലേക്ക് കയറികൂടി. എല്ലാ ആവേശവും ഇവിടെ അവസാനിച്ചു.
ഞാൻ കരിഓയില് മുങ്ങിയ ജീൻസും,ഷർട്ടും ഊരിയെറിഞ്ഞ്, ബോക്സർ മാത്രം ഇട്ട് കണ്ണാടിയിൽ പോയി നോക്കി.
“ഇയ്യോ….”
മുഖംമൊത്തം ഓയിലാണ് കഴുത്തിലും, നെഞ്ചിൽ കുറച്ച് ഭാഗത്തും എല്ലാം ഉണ്ട്. പുറത്ത് നല്ല നീറ്റലുണ്ട് എവിടെയൊക്കെയോ പോറി മുറിഞ്ഞിട്ടുണ്ട്. ഞാൻ ബാത്ത്റൂമിൽ കയറി ഗീസർ ഓൺ ചെയ്ത്, ഒരു ബക്കറ്റ് എടുത്ത് തിരിച്ച് വച്ച് അതിൽ കയറിയിരുന്ന് മുൻപിലെ ചുവരിലെ ടൈലും നോക്കി മിണ്ടാതെയിരുന്നു. അതിൽ പൂക്കളുടെ ചിത്രപ്പണി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അന്തമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു.