‘ഇണ്ട്, നല്ല സുഖണ്ട്, കൊറച്ച് വേണാവോ.’ മനസ്സി തോന്നിയെങ്കിലും അത് ഞാൻ പറയാൻ നിന്നില്ല. ഇനി ‘നോ പാർക്കിങ്’ ബോർഡ് കൊണ്ട് കൂടി തല്ല് വാങ്ങാൻ വയ്യ. വയ്യാതോണ്ടാണ് ഇല്ലങ്കി പറഞ്ഞേനെ.
നല്ല പോലെ പേടിച്ച കുമുദം, എന്നെ വിളിച്ചതിന് ശേഷം ധൈര്യത്തിന് അവളുടെ തങ്കമാന അണ്ണനെയും വിളിച്ചിരുന്നു. മീനാക്ഷി അവൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.
ഹയ്യാ…. ഹീഹാ…. പിന്നിലപ്പോഴും ആരെയൊക്കെയോ ടോണി, എടുത്തിട്ട് പൂശുന്നുണ്ട്. അവനെപോയി പിടിച്ച് നിർത്താനുള്ള ആരോഗ്യം ഒന്നും ഇപ്പൊ ശരീരത്തിന് ഇല്ലാത്തത് കൊണ്ട് ഞാൻ അത് മനഃപൂർവ്വം കേട്ടില്ലന്ന് നടിച്ചു.
എൻ്റെ ഒപ്പം ഉള്ളത് കുമാറണ്ണൻ ആണെന്ന് മനസ്സിലായപ്പോൾ, തല്ലുകിട്ടിയവരും, തല്ലാൻ വന്നവരും, എന്തിന് അത് വരെ കാഴ്ച്ചക്കാരായി ന്യൂട്ടൽ അടിച്ച് നിന്ന് അവസാനം ഞങ്ങളെ അറസ്‌റ്റ് ചെയ്യാൻ തിട്ടംകൂട്ടിയിരുന്ന പോലീസ് അധികാരികൾ വരെ അവിടെനിന്നു പതുക്കെ വലിഞ്ഞു, എന്ന് പറയുന്നതാവും ശരി. പെട്ടന്നു തന്നെ രംഗം ശൂന്യമായി. ഉണങ്ങിയ കൊതുമ്പ്പോലെയിരിക്കുന്ന കുമാറണ്ണൻ്റെ ദേഹത്ത് കൈവക്കാൻ ഇവിടെ എന്നല്ല, തമിഴ്‌നാട്ടിൽ തന്നെ ആർക്കും ധൈര്യമില്ല എന്നത് പരസ്യമായ ഒരു രഹസ്യമാണ്.
പടയപ്പയിൽ രജനീകാന്തിൻ്റെ കുർത്ത തയ്യ്ച്ച ആളെന്ന് പറഞ്ഞാൽ നിസ്സാരക്കാരനല്ല, പോരാത്തതിന് രജനിമക്കൾ മണ്ഡ്രത്തിൻ്റെ , ചെന്നൈ ദക്ഷിണ പ്രവിശ്യയുടെ പ്രധാന കാര്യനിർവ്വാഹകനും, പോരെ കൂത്ത്. രജനീകാന്തിന് പ്രിയപ്പെട്ട ഒരാളുടെ മേൽ കൈവച്ചാൽ പ്രത്യേകിച്ച് പറയണ്ടല്ലോ, തമിഴ്‌നാട്ടിൽ എന്നു വേണ്ട, തമിഴൻ ഉള്ള ഏത് ഗല്ലിയിൽ പോയൊളിച്ചാലും ഓടിച്ചിട്ട് ഇടിച്ചിടിച്ച് ചോരതുപ്പിക്കും. അതിൽ കിളവനെന്നോ, കൊച്ചനെന്നോ വ്യത്യാസമില്ല, ആപാദചൂഢം തമിഴ് ജനതക്കും അയാളൊരു നടനല്ല, മറിച്ചൊരു വികാരമാണ്.
ഞാൻ നിലത്തൊക്കെ ഒന്ന് പരതിനോക്കി എൻ്റെ കയ്യോ കാലോ ഊരി വീണിട്ടുണ്ടോ എന്നറിയാനായി. അവരെല്ലാരും കൂടിയെന്നെ ചായക്കടയിൽ കൊണ്ടിരുത്തി. കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടികൊണ്ട് പോയി. ടേണി വായപൊത്തിച്ചിരിക്കുന്നുണ്ട് എൻ്റെ ഇരുപ്പ് കണ്ടിട്ട്. അവൻ കരണ്ട്കമ്പിയിൽ ഇരുന്ന കാക്കയെ ഓടിച്ചു,
“പോ കാക്കെ ചുമ്മ കരണ്ടടിച്ച് വീണ്, ആൾക്കാരെ ചിരിപ്പിക്കാൻ”
അവൻ കാക്കയേടെന്ന പോലെ എന്നോട് പറഞ്ഞു, മീനാക്ഷിക്കും ചെറുതായിട്ട് ചിരി വരണുണ്ടെന്നു തോന്നുന്നു. അവര് കൊറച്ച് വെള്ളം തന്നു, മുഖം കഴുകാൻ, നല്ല ഗാരൻ്റി കരിഓയിൽ, അത് വെള്ളത്തിൽ അനങ്ങിയത് പോലുമില്ല. സ്വതവേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്ന് പറയും പോലെ പുറത്ത് കാട്ടിയ അടിയെല്ലാം നീലിച്ചു കിടപ്പുണ്ട്.