‘ കർണ്ണാടകയിൽ സ്കൂളുകളിലും, കേളേജുകളിലും യൂണിഫോർമിനൊപ്പം ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ വസ്ത്ര സ്വാതന്ത്യം എന്നതിനെക്കാൾ, ഭരണഘടനപ്രകാരം ഏകത, സമത്വം, മതനിരപേക്ഷത എന്നിവയ്ക്കാണെല്ലോ കൂടുതൽ ഊന്നൽ കെടുക്കുക. കോടതിയിൽ അപ്പീൽ പോയിട്ടുണ്ട് എങ്കിലും, വിധി എതിരാവനാണ് സാധ്യത. ഇതിനെതിരെ ഇസ്ലാമിക് സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഇതിനെതിരെ ഹിന്ദു സംഘടനകൾ പ്രതിപ്രതിഷേധങ്ങളും തുടങ്ങി. രാഷ്ട്രീയ മുതലെടുപ്പുകൾ ഇരുചേരികളെയും സംഘർഷഭരിതമാക്കി കൊണ്ടിരിന്നു. അതിപ്പോൾ തമിഴ്‌നാട്ടിലേക്കും പടർന്നിരിക്കുന്നു. ചെന്നൈ അടക്കമുള്ള നഗരങ്ങളിലെ പല പ്രമുഖ ക്യാമ്പസുകളിലും സംഘർഷാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.’
അപ്പൊ അതാണ് ഇന്ന് കാലത്ത് അവിടെ കണ്ടത്. അല്ലെങ്കിലും ഇത്തരം പ്രശ്നങ്ങൾ നടന്നാൽ മാത്രം തീപിടിക്കുന്ന വെള്ളത്തിൽ കിടക്കുന്ന ഒരു ‘ബോംബ്’ ആണല്ലോ ഇന്ത്യ. ആ പരസ്പരം തല്ലി തീരുമാനത്തിലെത്തട്ടെ. ഞാൻ വീണ്ടും തിരക്കുകളിലേക്ക് വീണു.
**********
വൈകുന്നേരം നാലരയായി കാണും , കുമുദത്തിൻ്റെ ഫോണിൽ നിന്നും ഒരു കോൾ വന്നു. ഞാൻ എടുത്തു.
“സാർ ഇങ്കൈ ശീക്രം വാങ്കളെ … ഇങ്കെ പെരിയ പ്രച്ചന നടന്നിട്ടിറുക്ക്.”
(അവളാകെ സംഭ്രമത്തിലാണ്, ഞാൻ ഇരുന്നിരുന്ന സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു)
“ അമ്മാ പെരിയ ആപത്തിലെ മാട്ടികിട്ടിരുക്കെ. ശീക്രം വാങ്കളെ, എനക്ക് ഉടമ്പെല്ലാം നടുങ്ക്ത്”
മീനാക്ഷി എന്തോ ആപത്തിലാണ്, കുമുദവും ആകെ ഭയന്നിരിപ്പാണ്. ഇത് കേട്ട് മുഴുവനാക്കുന്നതിന് മുൻപ് തന്നെ ഞാൻ ഓടി റോഡിലെത്തിയിരുന്നു. ഓടി കൊണ്ടിരുന്ന ഒരു ഓട്ടോയിൽ ഞാൻ ചാടികയറി സ്റ്റെല്ലാ മേരീസ് കോളേജെന്ന് പറഞ്ഞു. ടോണിയെ വിളിച്ചു കോളേജിലേക്ക് വരാൻ പറഞ്ഞു വച്ചു.
ഇങ്ങനെ ഒരു പ്രശ്നം വന്നാൽ തിരിഞ്ഞ് നടക്കുന്നവരാണ് ഞാനടക്കം നമ്മളെല്ലാവരും, മീനാക്ഷി അങ്ങനെയല്ലെന്ന് അവിടെ ചെന്നിറങ്ങിയപ്പോൾ അത്ഭുതത്തോടെ ഞാൻ മനസ്സിലാക്കി.
ഹിജാബിട്ടവരോ, ബുർക്കയിട്ടവരോ, വാർമുടിയിൽ കനകാബരം ചൂടിയവരോ, വരമഞ്ഞളിൽ പനിനീരുരച്ച് കുറിയിട്ടവരോ, എന്ന് നോക്കാതെ മീനാക്ഷി ഒരു കൂട്ടം കുട്ടികളെ അടക്കി പിടിച്ചു ഇരുഭാഗത്ത് നിന്നും അക്രമിക്കാൻ നിൽക്കുന്നവരെ എതിർത്ത് നിൽപ്പുണ്ട്. ഒരു കൂട്ടർ എന്തോ ചെറിയ വീപ്പ കുത്തിതുറക്കുന്നുണ്ട്, അതിൽ നിന്നും കറുത്ത ദ്രവകം തുളുമ്പി, കരിഓയിൽ ആണെന്ന് തോന്നുന്നു. മറ്റൊരു കൂട്ടർ ഫ്ലക്സിൽ നിന്നും പരന്ന മരപലകകൾ ഊരിയെടുക്കുന്നുണ്ട്. അടിപൊട്ടുമെന്ന് ഉറപ്പാണ്. മീനാക്ഷിയുടെ ഭംഗി മാത്രമാണ് അവരെ ഇത് വരെ തടുത്ത് നിറുത്തിയതെന്ന് തോന്നുന്നു. നിരാലംബരായ സാധുകുട്ടികൾ, മതമേതുമാവട്ടെ, രാഷ്ട്രീയമേതുവാകട്ടെ, അവരെ ആക്രമിച്ച് വിപ്ലവം വിജയിപ്പിക്കാമെന്നീ തെമ്മാടികളെ പഠിപ്പിച്ചതാരാണ്. ഇവർക്ക് പരസ്പരം തല്ലി തീർന്നാൽ പോരെ. അതു പറ്റില്ലല്ലോ സാധുക്കൾക്ക് മീതെ തന്നെ അധീശത്വം പ്രകടിപ്പിക്കൻ. മീനാക്ഷി കുട്ടികളെ, തള്ളക്കോഴി കുഞ്ഞുങ്ങളെ അടക്കി പിടിക്കും പോലെ ചേർത്ത് പിടിച്ചിരിക്കുന്നു. ഏത് ഭാഗത്തു നിന്നും ആക്രമണമുണ്ടായാലും, അത് ആദ്യം പതിക്കുന്നത് അവളുടെ ദേഹത്തായിരിക്കും. മീനാക്ഷിക്കവരെ തരിമ്പും പേടിയുണ്ടായിരുന്നില്ല.