ഫാക്യുൽറ്റിമാർ പലരും പ്രത്യേകിച്ച് സ്ത്രീകൾ എന്നെ നോക്കി എന്തൊക്കെയോ പരസ്പരം പറയുന്നുണ്ട്. ചിലപ്പോൾ ഞാൻ ആരാണെന്നു മനസ്സിലായി കാണില്ല. മീനാക്ഷി പറഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഇന്നലത്തെ ഇൻ്റർവ്യൂ കണ്ടിരിക്കും, ന്യൂസ് വച്ച് നോക്കിയില്ലല്ലോ. ഇന്ന് അതായിരിക്കും പ്രധാന വാർത്ത. ഞാൻ അവരെ ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി നടന്നു.
പതിവില്ലാതെ പുറത്തൊരു കൂട്ടം ഉണ്ടായിരുന്നു. ഓറഞ്ച് തലേകെട്ടും മറ്റുമായി എന്തോ ജാഥയോ, ഉപരോധമോ അങ്ങനെയെന്തോ ആണ്. കണ്ടാൽ അറിയാം പലരും അലമ്പ് പിള്ളേരാണ്, തല്ല് എരന്ന് വാങ്ങണ ടൈപ്പ്. ഈ വിരുതൻമാരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹിന്ദുത്വമുണർത്താൻ നടക്കുന്നതു. കൊടിയുടെ നിറമോ,നേതാവിൻ്റെ മുഖമോ അല്ലാതെ യാതൊരുവിധ പ്രത്യയശാസ്ത്രങ്ങളിലും, മാനുഷികമൂല്യങ്ങളിലും, പ്രയോഗികജ്ഞാനം പോലുമില്ലാത്ത ഒരു തലമുറ വളർന്നു വരുന്നത് ഞാൻ വേദനയോടെ കണ്ട് കൊണ്ട്, ഏതൊരു സാധാരണക്കാരനെയും പോലെ അവിടെ നിന്നും നടന്നു നീങ്ങി, കാരണം ഇതൊന്നും നമ്മളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ.
അൽപ്പം നടന്നപ്പോൾ ഒരു ഓരത്ത്, ഏതാനും പെൺകുട്ടികൾ നിൽപ്പുണ്ട്. അവരിൽ പലരും തലമൂടുന്ന ഹിജാബും, ചിലർ ശരീരം മുഴുവനായും മൂടുന്ന ബുർക്കയും ധരിച്ചിട്ടുണ്ട്. മുദ്രാവാക്യം മുഴക്കുന്നവരെ നോക്കുമ്പോൾ ആ സുന്ദരികളായ തരുണീമണിമാരുടെ മിഴികളിൽ ഭയം നിറഞ്ഞ് നിഴലിച്ചിരുന്നു. ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതാണു ശരീരത്തിന് നല്ലത്. പിന്നെയും നടന്നപ്പോൾ പുറത്ത് തെപ്പിയിട്ടൊരുകൂട്ടർ കൂടി നിന്ന് മറ്റൊരു യോഗം ചേരുന്നുണ്ട്. സത്യത്തിൽ ലോകം മുഴുവൻ ഈ രാഷ്ട്രീയ മുതലെടുപ്പുകളിൽ അധീശത്വം പ്രാപിച്ചിട്ട് കൊല്ലങ്ങളെത്രയായി, പത്തോ, നൂറോ, അതോ സഹസ്രാബ്ദ്ങ്ങളോ.
ഞാൻ സമാധാന മേഖലയിൽ ജീവിക്കുന്ന ഏതൊരാളെപ്പോലെയും, ഇതിലൊന്നും ശ്രദ്ധകൊടുക്കാതെ പോക്കറ്റിൽ കൈയ്യുംതിരുകി സ്റ്റുഡിയോയിലേക്ക് നടന്നു.
എനിക്ക് മുകളിൽ വെയിലടിക്കുമ്പോൾ, ലോകം മുഴുവൻ മഴക്കാറുകൾ നീങ്ങിയെന്നു ഞാൻ വെറുതെ വിശ്വസിച്ചു.
****************
ഒരുപാട് സന്ദേശങ്ങളും, ഫോൺ കോളുകളും, ട്വീറ്റ്സ്സും, റഫറൻസുകളും തൃഗരാജൻസാറുമായുള്ള ഇൻ്റർവ്യൂവിന് വന്നിരുന്നു. അതെല്ലാം വിശദമായി നോക്കി, ഒരു ഭാഗത്തേക്ക് ഒതുക്കി പബ്ലിക്ക് റിലേഷൻസിൽ ഏൽപ്പിച്ചു. മറ്റ് വർക്ക്കളിലേക്ക് കടന്നപ്പോൾ, പെട്ടന്ന് ത്യാഗരാജൻ സാറിൻ്റെ മുഖം ന്യൂസിൽ കണ്ടപ്പോൾ ഞാൻ ഒന്നു ശ്രദ്ധിച്ചു. അപ്പോഴാണ് അത് മാറി മറ്റൊരു ഫ്ലാഷ് ന്യൂസ്സ് സ്ക്രീനിൽ തെളിഞ്ഞത്. അതിൻ്റെ സംഗ്രഹം ഇങ്ങനെ ആയിരുന്നു.