മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

അദ്ദേഹത്തിൻ്റെ അത്മാർത്ഥമായ ചിരിയും, ചൈതന്യം സ്പുരിക്കുന്ന വാക്കുകളും എൻ്റെ മനസ്സിൽ വീണ്ടും വീണ്ടും ഒരു ചലനച്ചിത്രമെന്നോണം തെളിഞ്ഞ് വന്നു കൊണ്ടിരുന്നു.

 

“ എന്നെക്കാൾ കഴിവുറ്റ പുതുതലമുറക്ക് വഴിമാറി കൊടുക്കുന്നതിൽ എന്താണ് തെറ്റ്. എനിക്കത് സന്തോഷമുള്ള കാര്യമായിരുന്നു. ലോകത്തിൻ്റെ ചലനം തന്നെ ഈ മാറ്റത്തിലാണ്. എന്നെ ഈ ലോകം വീക്ഷിക്കുന്നതിലും എനിക്കിഷ്ടം ആരുടെയും കണ്ണിൽപ്പെടാതെ മാറിനിന്ന് ഈ ലോകത്തെ നോക്കി കാണുന്നതാണ്. അതിൻ്റെ സൗന്ദര്യവും, സന്തോഷവും ഏതൊരു പരമാണുവിലും എന്നപോലെ എന്നിലും നിറഞ്ഞു നിൽക്കുന്നു. ഞാൻ സന്തോഷവാനാണ്. പ്രത്യേകിച്ചും ഇന്ന്. ഇപ്പോൾ ഈ നിമിഷം മരിച്ചാലും എനിക്ക് സന്തോഷമേയുള്ളു.”

 

മീനാക്ഷിക്ക് ഭക്ഷണം കൊടുത്ത് ഞാൻ നേരെ പോയത് അദ്ദേഹത്തെ കാണാൻ ആയിരുന്നു. മരണം കൊണ്ട് മായ്ക്കാൻ കഴിയുന്നതായിരുന്നില്ല ഇന്നലെ ഒരു ദിവസം  കൊണ്ട് അദ്ദേഹം എനിക്ക് തന്ന സ്നേഹം. കുറച്ച് കൂടി നേരത്തേ പരിചയപ്പെടേണ്ടതായിരുന്നു. സമയം വളരെ പരിമിതമായിപ്പോയി.

 

മീനക്ഷിയെ മനപ്പൂർവ്വം വിളിക്കാതിരുന്നതായിരുന്നു. അവൾക്കതിന് കഴിയില്ലെന്ന് രാവിലെ കണ്ടപ്പോഴെ എനിക്ക് മനസ്സിലായി. ആ മുഖത്തിപ്പോഴും ദുഃഖത്തിൻ്റെ കാർമേഘം മൂടിക്കടപ്പാണ്.

 

*******

 

അന്ന് രാത്രിയും അവള് കരച്ചില് തന്നെ ആയിരുന്നു. കൊണ്ട്കൊടുത്ത മാസാലദോശ പോലും, ഞാൻ വാരികൊടുത്ത ഒരു പൊട്ട് മാത്രമേ അവളുടെ വയറ്റിലെത്തിയിട്ടുള്ളു. ഒരുപാട് പാടുപെട്ടാണ് ഒന്നു സമാധാനിപ്പിച്ചു കിടത്തി ഉറക്കിയത്. ഈ രണ്ട് ദിവസത്തിൽ ഞാൻ ദിവസം മുഴുവൻ കരയുന്ന ഒരു കൗമാരക്കാരിയുടെ, അച്ഛനാണെന്ന് എനിക്ക് തോന്നിപോയി. മീനാക്ഷിയുമായി ബന്ധപ്പെട്ടതെല്ലാം എനിക്ക് പുതു ഉണർവുകളായിരുന്നു. കെയറിംങ് എന്നത് അത്രമേൽ പ്രിയമായിടത്ത് മാത്രം വെളിവാകുന്ന മനുഷ്യൻ്റെ വൈശിഷ്ട്യമാണല്ലോ.

 

***************

 

അവളെ സമാധാനിപ്പിച്ചൊന്നു ഉറക്കി വീട്ടിൽ വന്നപ്പോഴേക്കും ഇന്നലെ സമയം ഒരുപാടായിരുന്നു. വൈകിയാണ് എഴുന്നേറ്റത്. ചുവന്നപയറരിഞ്ഞ് നല്ല കുഞ്ഞുള്ളി അരിഞ്ഞതും, കുത്തിപൊടിച്ചെടുത്ത വറ്റൽ മുളകും ചേർത്ത് മെഴുക്ക് പുരട്ടിയുണ്ടാക്കി, നല്ല ചള്ള് വഴുതന  ഇരുന്നിരുന്നത് എടുത്ത് നെടുകെ കീറി ഉപ്പും മുളകും ചേർന്ന് പൊരിച്ചെടുത്തു. എരുപുള്ളി കുറുക്കി വച്ചിരുന്നതും ചേർത്ത് പൊതികെട്ടിയിറങ്ങി.

 

പത്തര കഴിഞ്ഞിരുന്നു കോളേജിലെത്തുമ്പോൾ, മീനാക്ഷി ക്ലാസ്സിലായിരുന്നതു കൊണ്ട്, പൊതിചോറു ശ്രദ്ധിച്ച് ഒതുക്കി, സ്റ്റാഫ് റൂമിൽ അവളിരിക്കുന്ന സ്ഥലത്ത് എടുത്താൽ പൊങ്ങാത്ത ഇൻ-ഓർഗാനിക്ക് കെമിസ്ട്രി പുസ്തകത്തിന് മുകളിൽ വച്ച് ഇറങ്ങി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *