മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

“ ഉണ്ണിയേട്ടോയ് …..” ( ഞാൻ തിരിഞ്ഞ് നോക്കി, ജനൽപ്പടിയിൽ കൈകുത്തി ഇളിച്ച് നിൽപ്പുണ്ട്, എന്തോ കാര്യസാധ്യത്തിനാണ്. )

 

“ എന്തോയ് ”

 

“നിക്ക് ഒരു കഥ പറഞ്ഞ് തെരോ….?” ( അവൾ കൊച്ചുകുഞ്ഞെന്ന പോലെ ചിണുങ്ങി)

 

ഞാൻ ഇവക്കെന്താ പ്രാന്തായോ എന്ന് നിരീച്ച് ശ്രദ്ധിച്ച് നോക്കി.

 

“ സൂക്ഷിക്ക് നോക്കണ്ട ഉണ്ണിയേട്ട, ഞാൻ ഉണ്ണിയേട്ടനെ കെട്ടിയേൻ്റെ മഹ്റായി കൂട്ടിയാ മതി.”

 

“ മഹ്റോ !!! സ്ത്രീധനം ആയിട്ട് നിൻ്റെ അച്ഛനും ചേട്ടൻമാരും, എനിക്ക് തന്നത് നല്ല പൂവൻപഴം പോലത്ത ഇടിയാണ്. അതെന്ന അങ്ങട് തന്നാ മതിയോ.”

 

അവള് നിർത്താതെ ചിരിക്കുന്നുണ്ട്, ഞാൻ ജനലിൽ പിടിച്ച് ഉള്ളിലേക്ക് കയറി തുടങ്ങി.

 

ഒറക്കത്തീന്ന് എണീക്കാൻ പോയ എന്നെ ഇടിച്ച് കുരുകളഞ്ഞതും പോര. ആ ഇടി വാങ്ങിയതിന് ഞാൻ പെറ്റിയും അടക്കണോ.

 

“ചെലപ്പൊ അടക്കണ്ടി വരും, വെറുതെ അല്ലല്ലോ മിസ്റ്റർ നല്ല പൂവൻപഴം പോലത്തെ പ്രാണപ്രേയസിയെ അങ്ങ്ട് കിട്ടിയില്ലെ.”

 

“ഹൊ, ഇതിലും ഭേദം ബഷീറിൻ്റെ പൂവൻപഴത്തിലെ ഭാര്യയായിരുന്നു.”

 

“അതോതാ ആ പെണ്ണുമ്പിള്ള, എന്നാ ആദ്യം ആ കഥ പറയ്.”

 

അവിടന്ന് തുടങ്ങിയ കഥയാണ്, പറഞ്ഞ് പറഞ്ഞ് നാക്കുളുക്കി തുടങ്ങി. ഞാൻ അത് കാര്യമാക്കിയില്ല. അവൾക്ക് വാശി പിടിക്കാനും ഞാൻ അല്ലെ ഉള്ളൂ. കഥ പറഞ്ഞ് കൊടുക്കാൻ എനിക്കു അവളും. ഇടത്കൈ തലയിൽ ചാരി അവള്  അനന്തശയനത്തിലാണ്. ഒരാൾക്ക് കിടക്കാനുള്ള സ്ഥലമേ കഷ്ടി ആ കട്ടിലിനുള്ളു അതിലെന്നെ നിർബന്ധിച്ചവൾ കിടത്തിയിട്ടുണ്ട്. തിങ്ങിഞ്ഞെരുങ്ങി അവളുടെ മാറിൻ ചൂടേറ്റ് ഞാൻ അതിൽ ബദ്ധപ്പെട്ടു കിടന്നു.

 

കഥകളുടെ രസചരടുപ്പൊട്ടാതെ മുന്നേറിയപ്പോൾ അവളെൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ്കിടന്നു വട്ടം കെട്ടിപ്പിടിച്ചു. ഒരു കൊച്ച് കുഞ്ഞ്, അച്ഛൻ്റെ  നെഞ്ചിൽ തലചായ്ച്ചു കഥകേട്ട് ഉറങ്ങും പോലെ. ബാല്യകാല സ്മൃതിപഥങ്ങളിലെങ്ങും അവൾക്ക് അനുഭവിക്കാൻ കഴിയാതെ പോയ ഒരു അച്ഛൻ്റെ സ്നേഹം ആസ്വദിച്ച് അവളെൻ്റെ നെഞ്ചിൻ്റെ ചൂടിൽ ആലസ്യത്തിൽ കിടന്നു. ഇത്തരം പരമരഹസ്യമായ ഒരുകുന്ന് ബാലിശസ്വപ്നങ്ങളുടെ കൂട്ടമാണ് മീനാക്ഷി എന്നെനിക്ക് തോന്നിപോയി. ഈ നാട്യങ്ങളുടെ അരങ്ങഴിഞ്ഞ് വീണാൽ അവളൊരു വെറും എട്ട് വയസ്സ്കാരി പൊട്ടി കുട്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *