ഇവളുടെ ഭാവങ്ങളിൽ സ്നേഹം പോലും ഒരു പുതുമയാണ്.
*************
തിരക്കൊഴിഞ്ഞ വിജനമായ വീഥികളിലൂടെ ഞങ്ങളെയും വഹിച്ച് കൊണ്ട് സൈക്കിൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മുൻവശത്ത് ഇരിക്കുന്ന മീനാക്ഷി, എൻ്റെ നെഞ്ചിൽ ചാരിയിരുന്ന് പൂർണ്ണ ചന്ദ്രനെ നോക്കി. മുഴുവൻ വലിപ്പത്തിലെത്തിയ ചന്ദ്രൻ ‘റെഡ് മൂൺ’ എന്ന് സായിപ്പ് വിളിക്കുന്ന രക്തവർണ്ണ നിറത്തിൽ സാധാരണയിലും ഏറെപെരുത്ത മുഴുമതി അത് നിറഞ്ഞ് നിൽക്കുന്നു. മാർഗ്ഗഴിമാസം ആണ് സ്ത്രീകളിലെല്ലാം പാർവ്വതിയുണരുന്ന മാസം, പോരാത്തതിന് പൗർണ്ണമിയും. ഇടവഴികളിൽ ഇല്ലിക്കാടുകളിൽ, വിരിഞ്ഞ് നിൽക്കുന്ന കാട്ടുമല്ലികളിലെല്ലാം പ്രണയം മണക്കുന്നു. കാച്ചെണ്ണയില്ലെങ്കിലും, കന്മദമില്ലെങ്കിലും മീനാക്ഷിയുടെ കേശഭാരത്തിന് മർത്യനെ മയക്കുന്ന പരിമളമാണ്. അവൾ രാത്രിയുടെ സർപ്പസൗന്ദര്യവും ആസ്വദിച്ചുകൊണ്ട് നിശബ്ദമായി അവളുടെ കയ്യിലിരിപ്പുള്ള കടലയെ നിർദാക്ഷിണ്യം ആക്രമിച്ച് കൊണ്ടിരിക്കുന്നു.
“പാ….തിരാവായില്ല പൗർണ്ണമി കന്യയ്ക്ക്
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം….”
അവള് സംസാരിക്കാതെ കണ്ടപ്പോൾ ഞാൻ വെറുതെ മൂളി. അവൾ ആദ്യത്തെ വരികൾ ശ്രദ്ധിച്ചിരുന്നു, ഞാൻ ഇനിയും അടുത്ത വരികൂടി പാടി കുളമാക്കും എന്ന് തോന്നിയപ്പോൾ എൻ്റെ വായിൽ അവളുടെ കൈയിലിരുന്ന കടല തട്ടിതന്നു. എന്നിട്ട് മധുരമായി തന്നെ എനിക്ക് അത് പാടി തന്നു. അവള് വലിയ പാട്ടുകാരി ഒന്നുമല്ല, എങ്കിലും അതവളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു ഇമ്പമുണ്ടായിരുന്നു. രാത്രിയുടെ രാഗംപോലെ മധുരവും നിർമ്മലവുമായ ശബ്ദം.
“പാതിരാവായില്ല പൗർണ്ണമി കന്യയ്ക്ക്
പതിനേഴോ പതിനെട്ടോ പ്രായം…
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം…
താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവെന്നു ചൂടി….”
അതിൽ ലയിച്ചിരുന്നിരുന്ന എനിക്ക് പെട്ടെന്ന് മനസ്സിലേടിയ കഥയിൽ ചിരിപൊട്ടി. അവൾ തിരിഞ്ഞ് എന്നെ നോക്കി. പുരികം വളച്ചു പൊന്തിച്ച് ചോദിച്ചു.
“അത്രക്ക് മേശാണോ ൻ്റെ ശബ്ദം”
“ഏയ്, എന്ത് രസാ മീനാക്ഷി, നിൻ്റെ ശബ്ദത്തിൽ അത് കേൾക്കാൻ, അപ്പൊ എനിക്ക് പഴയ ഒരു തമിഴ് നാടോടി കഥ ഓർമ്മ വന്നതല്ലെ, അതിൽ ഇതുപോലെ രണ്ട് കഥാപാത്രങ്ങളുണ്ട്.”