മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

പ്രഥമദൃഷ്ടിയിൽ ഉണ്ടാകുന്നതാണോ പ്രണയം!!! അല്ലേയല്ല എന്നതാണ് ഉത്തരം…..

 

അത് മനോഹരമായ ലക്ഷോപലക്ഷം നിമിഷങ്ങളുടെ  സംഗമമാണ്. പുറമേയുള്ളവർക്ക് അത് ഒരുപക്ഷെ നിസ്സാരമായി തോന്നാം.

 

ലോകത്ത് ഏറ്റവും മാരകമായവയെല്ലാം നിസ്സാരമായവയാണെന്ന് കേട്ടിട്ടില്ലെ.

 

നിസ്സാരമായ ചിത്രശലഭത്തിൻ്റെ ചിറകടിയിൽ നിന്നുണ്ടാവുന്ന ചെറിയ മർദ്ദവ്യതിയാനം, മറ്റൊരിടത്ത് ഭീകരമായ ചക്രവാതങ്ങൾ പോലുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് വരെ കാരണമാകുമെന്ന് നിങ്ങൾ കേട്ടിട്ടില്ലെ.

 

അതെ, ഇതും അതുപോലൊരു വിശ്വവിഖ്യാദ്ധമായ ‘ബട്ടർഫ്ലൈ ഇഫക്ട്’ ആണ്.

 

****************

 

പറഞ്ഞിരിക്കലെ രാത്രിയായി, ഞങ്ങൾ  ചെന്നൈ നഗരത്തിൻ്റെ തനതായരുചികൾ പലതും മാറിമാറിരുചിച്ചു കൊണ്ട് മുന്നേറുകയായിരുന്നു..

 

രാത്രി എല്ലാത്തിനും ഇരട്ടി വർണ്ണാഭതോന്നിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം. ദിനരാത്രം അദ്ധ്വാനിച്ച ഒരാളുടെ മുഖത്ത് ചിരിയുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും ഒരു തമിഴൻ്റെ മുഖത്ത് അതുണ്ടായിരിക്കും. ലോകത്ത് മറ്റൊരിടത്തും നമുക്കത് കാണാൻ ബുദ്ധിമുട്ടാണ്.

 

അദ്ധ്വാനികുന്നവരുടെ നഗരം. നിഷ്കളങ്കമായി മനസ്സു തുറന്ന് ചിരിക്കുന്നവരുടെ നഗരം. ഞങ്ങൾ അതിനിടയിൽ കൂടി കവാത്ത് തുടർന്നു.

 

“ ഇങ്ങനെ നടന്ന മതിയോ, ഹോസ്റ്റലിൽ കയറണ്ടെ ?”

 

“ആം” അവൾ കയ്യിലിരുന്ന ആവിയിൽ വേവിച്ചെടുത്ത കടല അലക്ഷ്യമായി വായിലേക്ക് എറിയുന്നതിനിടയിൽ, ഒട്ടും ആത്മാർഥതയില്ലാതെ മൂളി.

 

“ പോകാം പക്ഷെ ഒരു കാര്യം ണ്ട്.” ഞാൻ സംശയത്തിൽ അവളെ നോക്കി.

 

“ന്നെ സൈക്കിളി കൊണ്ടോണം”

 

ഞാൻ അവളെ നോക്കി ചിരിച്ചു. ഇന്നലെ ഞാൻ അതിൽ വന്നപ്പൊ  തോന്നിയ ആഗ്രഹം ആവും, ഇപ്പൊഴാണ് പറയണത്.

 

ൻ്റെ മീനാക്ഷിക്കൊച്ച് അവക്കത്ര ഇഷ്ടം ഇള്ളോരുടെ അടുത്ത് മാത്രേ അവളുടെ മോഹങ്ങളുടെ കെട്ടഴിക്കൂ എന്നെനിക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ട് ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ആ കുഞ്ഞു കുഞ്ഞ് മോഹങ്ങൾക്കപ്പുറം എനിക്ക് വേറെന്ത് സന്തോഷമാണുള്ളത്. ഞാൻ അവളുടെ കരിങ്കൂവളം പൂത്തപോലുള്ള കണ്ണുകളിലേക്ക് നോക്കി. അത് മനോഹരമായി ആശ്ചര്യത്തിൽ തുറന്നടയുന്നു. അവിടെ എനിക്ക് കാണാൻ കഴിഞ്ഞത്, ആദ്യമായി അവളുടെ മോഹങ്ങൾ കേൾക്കാനും, അതിനു കൂട്ടുനിൽക്കാനും ഒരാളെ കിട്ടിയ സന്തോഷമായിരുന്നു. ശരിക്കും ഇവളോട് ഇതുവരെയാരും ഇത്രസ്നേഹം കാണിച്ചിട്ടില്ലെ…!!

Leave a Reply

Your email address will not be published. Required fields are marked *